Minority Safety | ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍
● ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകം.
● സാധാരണ മനുഷ്യരെ വൈകാരികമായി ഇളക്കിവിടരുത്.
● വൈഷ്ണവ ഭിക്ഷുവിനെ അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണം.
കോഴിക്കോട്: (KVARTHA) ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടികളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്ന് ഇന്‍ഡ്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രടറിയുമായ കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ എല്ലാ അര്‍ഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ ബംഗ്ലാദേശ് കൈകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണ്. വൈഷ്ണവ ഭിക്ഷു ചിന്‍മോയ് കൃഷ്ണ ദാസിനെ കഴിഞ്ഞ മാസം 25ന് പൊലീസ് അറസ്റ്റ് ചെയ്തതാണ് ബംഗ്ലാദേശ് തെരുവുകളെ ഒരിക്കല്‍ കൂടി പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്. അതേത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം പലയിടങ്ങളിലും വലിയ സംഘര്‍ഷാവസ്ഥക്ക് കാരണമായി.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാബോധത്തിലേക്ക് എടുത്തെറിയപ്പെടുന്നത് ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്ഥാനും നേപ്പാളുമെല്ലാമടങ്ങുന്ന മേഖലയിലാകെ പ്രത്യാഘാതം സൃഷ്ടിക്കാന്‍ പോന്ന ദുരവസ്ഥയാണ്. സാധാരണ മനുഷ്യരെ വൈകാരികമായി ഇളക്കിവിടരുത്. സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാനും വര്‍ഗീയത പടരുന്നത് തടയാനും ഇടക്കാല സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ ക്രിയാത്മകമായ പിന്തുണ നല്‍കാന്‍ അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
#BangladeshCrisis #MinorityRights #SouthAsia #IndiaBangladesh #Kanthapuram