SWISS-TOWER 24/07/2023

Theyyam | നാലര പതിറ്റാണ്ടിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിനെ വരവേല്‍ക്കാന്‍ ചിറക്കല്‍ ദേശവാസികള്‍ ഒരുങ്ങി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) 45 വര്‍ഷങ്ങള്‍ക്ക് ശേഷം ചിറക്കല്‍ കോവിലകം ചാമുണ്ഡിക്കോട്ടത്ത് പെരുങ്കളിയാട്ടം ഏപ്രില്‍ അഞ്ചിന് തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒമ്പതുവരെയുള്ള അഞ്ച് ദിവസങ്ങളിലായി ചിറക്കല്‍ രാജവംശത്തിന്റെ പരദേവതമാരായ മുപ്പത്തൈവരില്‍ (35 മൂര്‍ത്തികള്‍) പെട്ട 30 തെയ്യങ്ങളും ഗുളികനും ഉള്‍പെടെ 31 തെയ്യങ്ങള്‍ കെട്ടിയാടും. മുപ്പത്തൈവരില്‍ കെട്ടിക്കോലമില്ലാത്ത അഞ്ച് ദൈവങ്ങള്‍ക്ക് പത്മമിട്ട് പൂജയും നടക്കും. 
Aster mims 04/11/2022

കോലത്തുനാട്ടിന്റെ ചരിത്രത്തെ ഓര്‍മിപ്പിക്കുന്ന അത്യപൂര്‍വമായ അനുഷ്ഠാന മുഹൂര്‍ത്തമാണ് ഈ പെരുങ്കളിയാട്ടം പുതിയതലമുറയ്ക്ക് സമ്മാനിക്കുന്നത്. സാമാന്യജനതയുടെ ആരാധ്യദേവതകളായ തെയ്യങ്ങളെ കോലത്തിരി രാജവംശം പരദേവതകളായി പരിഗണിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്. പീഠംവഴക്കം എന്ന രാജകീയ സംവിധാനത്തിലൂടെയാണ് തെയ്യങ്ങള്‍ക്ക് രാജകുടുംബത്തില്‍ സ്ഥാനം ലഭിച്ചത്. ഐമ്പാടി ചിത്രപീഠം, കുമ്പള ചിത്രപീഠം, മഡിയന്‍ ചിത്രപീഠം, പള്ളിച്ചിത്രപീഠം എന്നിവയാണ് നാല് ചിത്രപീഠങ്ങള്‍. ഇതില്‍ പള്ളിച്ചിത്രപീഠമാണ് കോലസ്വരൂപത്തിന്റേത്. ഈ പള്ളിച്ചിത്രപീഠത്തെ വളപട്ടണം കോട്ടയില്‍ സങ്കല്‍പിച്ച് 36 മരപ്പീഠങ്ങളുണ്ടാക്കി. ഈ 36 മരപ്പീഠങ്ങളെ ചിത്രപീഠങ്ങളായി സങ്കല്‍പിച്ച് അതില്‍ മുപ്പത്തൈവരെ കുടിയിരുത്തി.  

Theyyam | നാലര പതിറ്റാണ്ടിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിനെ വരവേല്‍ക്കാന്‍ ചിറക്കല്‍ ദേശവാസികള്‍ ഒരുങ്ങി

പീഠവഴക്കം ചെയ്ത 35 പരദേവതകളില്‍ 30 എണ്ണത്തിന് മാത്രമാണ് കെട്ടിക്കോലമുള്ളത്. ബാക്കി അഞ്ച് ദേവതകള്‍ക്ക് തെയ്യക്കോലമില്ല. തായ്പരദേവത, തിരുവര്‍കാട്ട് ഭഗവതി, ചുഴലി ഭഗവതി, സോമേശ്വരി, പാടിക്കുറ്റിയമ്മ, പുതിയഭഗവതി, ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടക്കൊരുമകന്‍, ഊര്‍പ്പഴശ്ശി, ഇളംകരുമകനും പുതൃവാടിയും, തെക്കന്‍ കരിയാത്തന്‍, തോട്ടുങ്കര ഭഗവതി, കരിങ്കുട്ടിച്ചാത്തന്‍, ഭൈരവന്‍, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി (തീച്ചാമുണ്ഡി), പാടാര്‍കുളങ്ങര വീരന്‍, കരുവാള്‍, ഉച്ചിട്ട, വീരര്‍കാളി (വീരാളി), യക്ഷി, വയനാട്ടുകുലവന്‍, കണ്ഠാകര്‍ണന്‍, എടലാപുരത്ത് ഭഗവതി, പൂക്കുട്ടിച്ചാത്തന്‍, പൊന്നിത്തറ വീരന്‍, പുലിച്ചാമുണ്ഡി, വീരചാമുണ്ഡി എന്നീ അഞ്ചുദിവസങ്ങളിലായി കെട്ടിയാടും. 

Theyyam | നാലര പതിറ്റാണ്ടിന് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിനെ വരവേല്‍ക്കാന്‍ ചിറക്കല്‍ ദേശവാസികള്‍ ഒരുങ്ങി

തീച്ചാമുണ്ഡിത്തെയ്യം ഏഴ്, എട്ട് തീയതികളിലായി രണ്ട് ദിവസമുണ്ടാകും. തീച്ചാമുണ്ഡിക്കും ഒമ്പതാം തീയതിയിലെ പുലിച്ചാമുണ്ഡിക്കും വലിയ മേലേരി ആവശ്യമുണ്ട്. ഓരോ മേലേരിക്കും 20 ടണ്‍ വീതം വിറകാണ് ശേഖരിച്ചിട്ടുള്ളത്. ബന്ത്രുക്കോലപ്പന്‍ (തളിപ്പറമ്പ് പെരുംതൃക്കോവിലപ്പന്‍), വയത്തൂര്‍ കാലിയാറീശ്വരന്‍, കീഴൂര്‍ ശാസ്താവ്, ബമ്മുരിക്കനും കരിമുരിക്കനും, ശ്രീകുരുംബ, മഹാഗണപതി എന്നീ മൂര്‍ത്തികള്‍ക്ക് കെട്ടിക്കോലമില്ലാത്തതിനാല്‍ പത്മമിട്ട് പൂജയാണുണ്ടാവുക. നാല് ലക്ഷത്തിലേറെ ജനങ്ങള്‍ നാടിന്റെ നാനാഭാഗത്തുനിന്നും അന്യനാടുകളില്‍ നിന്നുമായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രസാദ സദ്യക്ക് രണ്ട് ലക്ഷത്തിലേറെ പേരുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്കും രാത്രിയിലും പ്രസാദവിതരണം നടക്കും. തെയ്യങ്ങള്‍ പുറപ്പെടാനുള്ള പതികളും പന്തലുകളും കനലാടികള്‍ക്കുള്ള വിശാലമായ അണിയറകളും ഭക്ഷണപ്പന്തല്‍, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള സ്റ്റേജ് തുടങ്ങിയവയുടെ ഒരുക്കം അവസാനഘടത്തിലാണ്. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി അഞ്ച് ദിവസവും സാംസ്‌കാരിക പരിപാടികളും പ്രത്യേകവേദിയില്‍ അരങ്ങേറും. 

സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ഏപ്രില്‍ അഞ്ചിന് വൈകുന്നേരം ആറ് മണിക്ക് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വച്ച് 'മുപ്പത്തൈവര്‍' എന്ന പേരിലുള്ള പെരുങ്കളിയാട്ട സുവനീറിന്റെയും യു പി സന്തോഷ് രചിച്ച 'കോലത്തിരിയും തെയ്യങ്ങളും' എന്ന പുസ്തകത്തിന്റെയും പ്രകാശനം ഗോവ ഗവര്‍ണര്‍ നിര്‍വഹിക്കും.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്, കെ സുധാകരന്‍ എം പി, കെ വി സുമേഷ് എംഎല്‍എ, പി സന്തോഷ്‌കുമാര്‍ എംപി, പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ശ്രീകുമാരന്‍ തമ്പി, സ്വാമി അമൃതകൃപാനന്ദപുരി, കാഞ്ഞങ്ങാട് രാമചന്ദ്രന്‍, അഡ്വ. കെ കെ ബാലറാം, പി കെ കൃഷ്ണദാസ്, കെ രഞ്ജിത്ത് തുടങ്ങിയവര്‍ 5,6,8 തീയതികളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ പങ്കെടുക്കും. കലാസംഗമം, കോമഡി ഷോ, സംഗീത നിശ, സാമൂഹ്യസംഗീത നാടകം, ഭജന, നൂറ്റിയൊന്ന് വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളം, നാടന്‍കലാവതരണം തുടങ്ങിയ കലാപരിപാടികള്‍ അഞ്ചുദിവസങ്ങളിലായി നടക്കും. 

ഭക്തജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ പാര്‍കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. തളിപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയതെരുവില്‍ നിന്ന് രാജാസ് യു പി സ്‌കൂള്‍ ഗ്രൗന്‍ഡിലും, കണ്ണൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പള്ളിക്കുളം വഴി രാജാസ് ഹൈസ്‌കൂള്‍ ഗ്രൗന്‍ഡിലും പാര്‍ക് ചെയ്യേണ്ടതാണ്.

വാര്‍ത്താസമ്മേളനത്തില്‍ ചിറക്കല്‍ കോവിലകം വലിയരാജ സി കെ രാമവര്‍മ്മരാജ, പെരുങ്കളിയാട്ടം സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി കെ സുരേഷ് വര്‍മ, വൈസ് പ്രസിഡന്റ് യു പി സന്തോഷ്, മീഡിയ കമിറ്റി കണ്‍വീനര്‍ ഡോ. സഞ്ജീവന്‍ അഴീക്കോട്, സുവനീര്‍ കമിറ്റി കണ്‍വീനര്‍ പി വി സുകുമാരന്‍, സാമ്പത്തിക കമിറ്റി കണ്‍വീനര്‍ രാജന്‍ അഴീക്കോടന്‍, കോവിലകം ക്ഷേമ- പരിരക്ഷ സമിതി പ്രസിഡന്റ് അഡ്വ. മഹേഷ് വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur, News, Kerala, Festival, Religion, Kannur: Theyyam festival after 45 years in Chirakkal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia