Kottiyoor | കൊട്ടിയൂരില്‍ പ്രക്കൂഴദിന ചടങ്ങുകള്‍ നടന്നു; ഉത്സവത്തിന് തുടക്കം കുറിച്ചുളള നീരെഴുന്നളളത്ത് മെയ് 27ന്

 


കണ്ണൂര്‍: (www.kvartha.com) കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ ചിട്ടകളും അളവുകളും ചടങ്ങുകളും കര്‍മങ്ങളും പ്രക്കൂഴ നാളില്‍ നിശ്ചയിച്ചു. കാക്കയങ്ങാട് പാലയില്‍ പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്ന് അവില്‍ എഴുന്നള്ളിച്ച് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിയതോടെ പ്രക്കൂഴദിന ചടങ്ങുകള്‍ ആരംഭിച്ചു. മാലൂര്‍പടി ക്ഷേത്രത്തില്‍ നിന്നും നെയ്യും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്ര നടയില്‍ ആയില്യാര്‍ കാവിന്റെ പ്രവേശന കവാടത്തിന് മുന്നിലായി തണ്ണീര്‍ കുടി ചടങ്ങ് നടത്തി. 

കല്ലുവാഴയുടെ ഏഴ് ഇലകളില്‍ തേങ്ങയും ശര്‍ക്കരയും പഴവും വച്ചാണ് തണ്ണീര്‍കുടി ചടങ്ങ് നടന്നത്. ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാന്‍, പെരുവണ്ണാന്‍, ജന്മാശാരി, പുറംകലയന്‍, കൊല്ലന്‍, കാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങ് നടത്തിയത്. തുടര്‍ന്ന് ഇക്കരെ കൊട്ടിയൂരപ്പനെ വണങ്ങി ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത് മന്ദംചേരി കിഴക്കെ നടയിലെ വലിയ മാവിന്‍ ചുവട്ടില്‍ കര്‍മങ്ങള്‍ നടത്തി പ്രസാദം പരസ്പരം പങ്കുവച്ചു കഴിച്ചു. 

Kottiyoor | കൊട്ടിയൂരില്‍ പ്രക്കൂഴദിന ചടങ്ങുകള്‍ നടന്നു; ഉത്സവത്തിന് തുടക്കം കുറിച്ചുളള നീരെഴുന്നളളത്ത് മെയ് 27ന്

തുടര്‍ന്ന് ഒറ്റപ്പിലാനും പുറംകലയനും ചേര്‍ന്ന് കിഴക്കെ നടയ്ക്ക് സമീപം ബാവലിപ്പുഴയില്‍ മുങ്ങി മൂന്ന് കല്ലുകളെടുത്ത് വാവലി കെട്ടിനായി വച്ചു. തുടര്‍ന്ന് അവല്‍ അളവ് നടന്നു. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന കുത്തോടിലാണ് അവില്‍ അളവ് നടത്തിയത്. സമുദായി കാലടി കൃഷ്ണ മുരളി നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ കോളയാട് രാമല ഇല്ലം വത്സന്‍ നമ്പൂതിരിയാണ് അവല്‍ അളവ് നടത്തിയത്. ഇതിനുശേഷം ഊരാളന്മാര്‍ വാവലിയില്‍ കുളിച്ച് ഈറനായി ഇക്കരെ ക്ഷേത്രത്തില്‍ എത്തിയ ശേഷം നെല്ലളവും നടന്നു. 

മുഖ മണ്ഡപത്തില്‍ ചൊരിഞ്ഞിട്ട നെല്ല് കണക്കപ്പിള ആദ്യം അളന്നു. പിന്നീട് ആചാര പ്രകാരം നമ്പീശനും ഏഴില്ലക്കാരും ക്ഷേത്രത്തിനുള്ളില്‍ വച്ച് ഊരാളന്മാരുടെ സാന്നിധ്യത്തില്‍ വീണ്ടും അളന്നു. പാരമ്പര്യ ഊരാളന്മാരായ കുളങ്ങരയ്ത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍, എന്നിവരും ഏഴില്ലക്കാരുടെയും, സമുദായി, കണക്കപ്പിള്ള, ഓച്ചര്‍ തുടങ്ങിയവരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു പ്രക്കൂഴം ചടങ്ങ് നടന്നത്. 

അര്‍ധരാത്രിയില്‍ ആയില്യാര്‍ കാവില്‍ ക്ഷേത്ര ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗൂഢ പൂജയും നടന്നു. മെയ് 27ന് നീരെഴുന്നള്ളത്ത്, ജൂണ്‍ ഒന്നിന് നെയ്യാട്ടം, രണ്ടിന് ഭണ്ഡാരം എഴുന്നള്ളത്ത്, 8ന് തിരുവോണം ആരാധന, 9ന് ഇളനീര്‍വെപ്പ്, 10ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 13ന് രേവതി ആരാധന, 17ന് രോഹിണി ആരാധന, 19ന് തിരുവാതിര ചതുശ്ശതം, 20ന് പുണര്‍തം ചതുശ്ശതം, 22ന് ആയില്യം ചതുശ്ശതം, 24ന് മകം കലം വരവ്, 27ന് അത്തം ചതുശ്ശതം, വാളാട്ടം, കലശ പൂജ, 28ന് തൃക്കലശാട്ട് എന്നിങ്ങനെയാണ് ഇത്തവണത്തെ ഉത്സവത്തിന്റെ ആചാരക്രമങ്ങള്‍.

Keywords: Kannur, News, Kerala, Religion, Temple, Festival, Kottiyoor, Mahotsavam, Vaisakha Mahotsavam, Kannur: Kottiyoor Vaisakha Mahotsavam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia