ഗുരുവായൂരിൽ അസമയത്ത് അലഞ്ഞുതിരിയുന്നവരെ നിരീക്ഷിക്കാൻ ടെമ്പിൾ പൊലീസിൻ്റെ സ്ട്രെയിഞ്ചർ പെട്രോൾ ടീം; കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
ADVERTISEMENT
● സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ ആയിരം പേർ തെരുവിൽ കഴിയുന്നതായാണ് പൊലീസിന്റെ കണക്ക്
● രാത്രി 10 മുതൽ 12 വരെയാണ് പ്രധാന പരിശോധന നടക്കുന്നത്
● തെരുവിൽ കഴിയുന്നവരുടെ പേരുകളും വിവരങ്ങളും ഫോട്ടോയും ശേഖരിച്ച് സൂക്ഷിക്കും
● കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി
● പൊതുജനങ്ങളെയും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരെയും ജനമൈത്രി സമിതി പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് പെട്രോളിങ്
ഗുരുവായൂർ: (KVARTHA) ഗുരുവായൂരിൽ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ പൊലീസിൻ്റെ പിടിവീഴും. ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ടെമ്പിൾ പൊലീസ് സ്ട്രെയിഞ്ചർ പെട്രോൾ ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ ആയിരം പേർ ഇവിടെ തെരുവിൽ കഴിയുന്നതായാണ് പൊലീസിൻ്റെ കണക്ക്. അടുത്തിടെ ഗുരുവായൂരിൽ നടന്ന ചില പ്രധാന കുറ്റകൃത്യങ്ങളിൽ തെരുവിൽ കഴിയുന്നവർ ഉൾപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രത്യേക നിരീക്ഷണം ശക്തമാക്കിയത്.
വിവരങ്ങളും ഫോട്ടോയും ശേഖരിക്കും
രാത്രി 10 മുതൽ 12 വരെയാണ് പ്രധാന പരിശോധന നടക്കുക. തെരുവിൽ കഴിയുന്നവരുടെയും അപരിചിതരുടെയും പേരും മറ്റ് വിവരങ്ങളും ഫോട്ടോയും ശേഖരിച്ച് സൂക്ഷിക്കും. പരിശോധനയിൽ കണ്ടെത്തുന്നവരെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വീട് വിട്ടിറങ്ങി തെരുവിൽ കഴിയുന്നവരെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിയെടുക്കും. അവശരും സംരക്ഷണം ആവശ്യമുള്ളവരുമായവരെ സാമൂഹ്യക്ഷേമ വകുപ്പിൻ്റെ സഹകരണത്തോടെ പുനരധിവസിപ്പിക്കും.
പൊതുജനങ്ങളെ ഉൾപ്പെടുത്തി പെട്രോളിങ്
ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗുരുവായൂർ എസിപി എം സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം സെക്യൂരിറ്റി ജീവനക്കാരെയും ജനമൈത്രി സമിതി പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് സംഘത്തിൻ്റെ പ്രവർത്തനം. പൊതുജനങ്ങളെ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള പെട്രോളിങ് സംസ്ഥാനത്ത് തന്നെ ആദ്യമായാണെന്നാണ് പൊലീസ് പറയുന്നത്. ക്ഷേത്രവളപ്പിൽ പൊലീസിനൊപ്പം സെക്യൂരിറ്റി ജീവനക്കാരും പുറംപ്രദേശങ്ങളിൽ നാട്ടുകാരുടെ പ്രതിനിധികളും പരിശോധനയിൽ പങ്കാളികളാകും.
എസ്എച്ച്ഒയ്ക്ക് മേൽനോട്ട ചുമതല
ഒരു സംഘത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരും പൊതുജനങ്ങളുടെ രണ്ട് പ്രതിനിധികളുമാണ് ഉണ്ടാകുക. ടെമ്പിൾ എസ്എച്ച്ഒ കെജി ജയപ്രദിനാണ് ഈ ടീമിൻ്റെ മേൽനോട്ട ചുമതല.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The Temple Police in Guruvayur have launched a 'Stranger Patrol Team' involving the public to monitor late-night wanderers and prevent crimes in the temple town.
#Kvartha #Guruvayur #TemplePolice #StrangerPatrolTeam #ThrissurNews #KeralaPolice #MalayalamNews #AmmuNews
