Graduation | ദാറുൽഹുദാ റൂബി ജൂബിലിക്ക് പ്രൗഢ സമാപ്തി; 246 ഹുദവികൾ കൂടി കർമരംഗത്തേക്ക്


● 3345 പേർ ഇതുവരെ ദാറുൽഹുദായിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.
● സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്‌തു
● പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയായിരുന്നു.
തിരൂരങ്ങാടി: (KVARTHA) ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ റൂബി ജൂബിലി സമാപന ബിരുദദാന സമ്മേളനത്തിന് പ്രൗഢ സമാപ്തി. ഈ വർഷം 246 യുവ പണ്ഡിതർ കൂടി ഹുദവി ബിരുദപട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. ഓൺലൈൻ സർവകലാശാല, ദാറുൽഹുദാ പബ്ലിക് സ്കൂൾ, ഇൻ്റർനാഷണൽ പ്രീസ്കൂൾ തുടങ്ങി ഒട്ടേറെ ദീർഘകാല പരിപാടികളും കർമപദ്ധതികളും വിളംബരം ചെയ്താണ് റൂബി ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായത്.
ദാറുൽഹുദാ 27-ാം ബാച്ചിൽ നിന്ന് പന്ത്രണ്ട് വർഷം പഠനം പൂർത്തിയാക്കി നിർബന്ധിത മതസേവനവും വാഴ്സിറ്റിയുടെ മാനദണ്ഡങ്ങളും പൂർത്തീകരിച്ച് 246 യുവപണ്ഡിതർ കൂടി ഹുദവി പട്ടം സ്വീകരിച്ചതോടെ വാഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയവരുടെ എണ്ണം 3345 ആയി. ബിരുദം സ്വീകരിച്ചവരിൽ 22 പേർ ബീഹാർ, അസം, പശ്ചിമ ബംഗാൾ, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
റൂബി ജൂബിലി സമാപന ബിരുദ ദാന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വാഴ്സിറ്റി ചാൻസലർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി, സനദ് ദാനവും നിർവഹിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മുഖ്യാതിഥിയായി. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണം നടത്തി.
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ പ്രാരംഭ പ്രാർഥന നടത്തി. രാവിലെ നടന്ന സ്ഥാനവസ്ത്ര വിതരണവും ഹുദവി സംഗമവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി. അബ്ദുശ്ശക്കൂർ ഹുദവി അധ്യക്ഷനായി. ഡോ. പി ഖാദർ മാങ്ങാടൻ അധ്യക്ഷനായി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, യു ശാഫി ഹാജി ചെമ്മാട് , ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ, ടി. അബൂബക്കർ ഹുദവി കരുവാരക്കുണ്ട് പങ്കെടുത്തു.
ദർസ്-അറബിക് കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മുൽത്തഖത്ത്വലബ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സയ്യിദ് ഫത്ഹുല്ലാഹ് മുത്തുക്കോയ തങ്ങള്‍, ഡോ. സി.കെ അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര പങ്കെടുത്തു. കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, എം.കെ ജാബിറലി ഹുദവി, മുനീര്‍ ഹുദവി വിളയില്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
ഉച്ചക്ക് ശേഷം ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട സെഷനില്‍ ഐ.ഐ.യു.എം അസി.പ്രൊഫസര്‍മാരായ ഡോ. സയ്യിദ് മുഹ്‌സിന്‍ ഹുദവി കുറുമ്പത്തൂര്‍, ഡോ. ജാഫര്‍ ഹുദവി പൂവത്താണി സംസാരിച്ചു. ദാറുല്‍ഹുദായുടെ വിദേശ-സ്വദേശി സഹകാരികളുടെയും അഭ്യുദയകാംക്ഷികളുടെയും സംഗമം 'ഹംസഫര്‍ ഗാതറിംഗ്' പൂക്കോയ തങ്ങള്‍ അല്‍ഐന്‍ ഉദ്ഘാടനം ചെയ്തു.
#DarulHuda #RubyJubilee #Hudavi #Graduation #IslamicEducation #Kerala