Analysis | ബാബറി മസ്ജിദ് തകര്‍ക്കലും ജുഡീഷ്യറിയും; എന്താണ് അന്ന് നടന്നത്?
● ബാബറി മസ്ജിദ് തകര്‍ക്കലില്‍ സുപ്രീം കോടതിയുടെ പങ്ക് വിമര്‍ശിക്കപ്പെടുന്നു.
● കോടതിയലക്ഷ്യ കേസുകളില്‍ കോടതിയുടെ നിലപാടുകള്‍ വിമര്‍ശന വിധേയമായി.
● നിയമവിദഗ്ധര്‍ കോടതിയുടെ നിഷ്‌ക്രിയത്വത്തെ വിമര്‍ശിക്കുന്നു.
ആദിത്യൻ ആറന്മുള
(KVARTHA) രാജ്യം ലോകത്തിന് മുന്നില്‍ നാണംകെട്ട് തലതാഴ്ത്തിയ സംഭവമായിരുന്നു ബാബറി മസ്ജിദ് ആക്രമണം. അതിന്റെ മുപ്പത്തിരണ്ടാം വാര്‍ഷികത്തില്‍, അതുപോലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് ഇന്ത്യയിലിപ്പോഴുള്ളത്. മസ്ജിദുകളും ദര്‍ഗകളും നിലനില്‍ക്കുന്ന ഭൂമിയില്‍ മുമ്പ് ക്ഷേത്രങ്ങളായിരുന്നെന്ന് വിശ്വസിക്കുന്ന തീവ്രഹിന്ദുത്വ വാദികള്‍ ഇത് സംബന്ധിച്ച് നിരവധി ഹര്‍ജികള്‍ നല്‍കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ സംഭാലിലും രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗാ ഷെരീഫിലും കണ്ടത് അതിന്റെ ഏറ്റവും പുതിയ സംഭവങ്ങളാണ്.
അയോധ്യ ഒഴികെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും അവസാനിപ്പിച്ചത്, 1991ലെ ആരാധനാലയ നിയമം (പ്രത്യേക വ്യവസ്ഥകള്‍) അനുസരിച്ചാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ആ നിയമം നിശ്ചലാവസ്ഥയിലായിരിക്കുന്നു. ഒരു ആരാധനാലയത്തിന്റെ സ്വഭാവം കണ്ടെത്തുന്നതിന് നിലവില്‍ നിയമതടസ്സമില്ലെന്ന്, ഗ്യാന്‍ വാപി കേസില്‍ സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചത് പലരും ആയുധമാക്കുകയാണിപ്പോള്‍. ഒരു മസ്ജിദിനുള്ളില്‍ ക്ഷേത്രമുണ്ടായിരുന്നെന്ന് ആരോപിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനുള്ള വഴിയായി കോടതി നിരീക്ഷണം മാറിയിരിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
1991ലെ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് സുപ്രീം കോടതി നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. 1992 ഡിസംബര്‍ ആറിലെ ബാബരി മസ്ജിദ് തകര്‍ക്കല്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നോ, സുപ്രീം കോടതിയുടെ ദയനീയ പരാജയം മൂലമാണോ പൊളിച്ചുമാറ്റല്‍ നടന്നത് എന്നതാണ് ഇന്ന് നമ്മള്‍ ചോദിക്കേണ്ട പ്രധാന ചോദ്യമെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ പറയുന്നു.
1992ല്‍ ബാബറി മസ്ജിദ് സംബന്ധിച്ച തര്‍ക്കവും പള്ളി പൊളിക്കലും സിവില്‍, ക്രിമിനല്‍ വ്യവഹാരങ്ങളുടെ ദുരിതപൂര്‍ണമായ അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ മുഴുവന്‍ ചരിത്രവും പരേതനായ എ ജി നൂരാനി തയ്യാറാക്കിയ, 'ദ ബാബറി മസ്ജിദ് ക്വസ്റ്റ്യന്‍, 1528-2003:', 'എ മാറ്റര്‍ ഓഫ് നാഷണല്‍ ഓണര്‍'(തൂലിക ബുക്‌സ്, 2003), 'ഡിസ്ട്രക്ഷന്‍ ഓഫ് ബാബരി മസ്ജിദ്: എ നാഷണല്‍ ഡിസ്‌ഹോണര്‍' (തൂലിക ബുക്‌സ്, 2014) എന്നീ പുസ്തകങ്ങളിലുണ്ട്.
ബാബരി മസ്ജിദ് സംബന്ധിച്ച, സുപ്രീം കോടതിയിലെ കേസ് ജസ്റ്റിസ് എം.എന്‍. വെങ്കിടാചലയ്യ, ജസ്റ്റിസ് ജി.എന്‍. റേ എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. 1991 നവംബര്‍ അഞ്ചിന് പുറപ്പെടുവിച്ച ഒരു ഉത്തരവിലൂടെ, 'രാമ ജന്മ ഭൂമി - ബാബറി മസ്ജിദ് ഘടനകളുടെ സംരക്ഷണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉത്തര്‍പ്രദേശ് സര്‍ക്കാരിനാണെന്ന്' സുപ്രീം കോടതി വിധിച്ചു. എന്നിട്ടും അവിടെ നടന്ന സംഘടിത പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, നവംബര്‍ അഞ്ചിലെ കോടതിയുടെ ഉത്തരവ് ലംഘിച്ചതിന് 1992 ഫെബ്രുവരിയിലും മാര്‍ച്ചിലും കോടതിയലക്ഷ്യ ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നു. ഇവ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ജൂലൈ ഒമ്പതിന്, രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള കര്‍സേവ ആരംഭിച്ചിരുന്നു. ഈ വസ്തുത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
ജൂലൈ 15 ന് അലഹബാദ് ഹൈക്കോടതി യുപിയിലെയും മറ്റ് കക്ഷികളേയും വിവാദ ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിലക്കുകയും കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അവിടെ യാതൊരു തരത്തിലുമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടക്കം നടത്തരുതെന്നും നിര്‍ദ്ദേശിച്ചു. ഭൂമിയുടെ സ്വഭാവം, വലിപ്പം , നിര്‍മാണ പ്രവൃത്തികളുടെ രീതി എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഓഗസ്റ്റ് അഞ്ചിന് സുപ്രീം കോടതി, രജിസ്ട്രാര്‍ ജനറലിനെയും രണ്ട് സാങ്കേതിക വിദഗ്ധരെയും നിയോഗിച്ചിരുന്നു. വിദഗ്ധരുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം, 'കോടതി ഉത്തരവുകള്‍ ലംഘിച്ച് വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയെന്ന്' കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും കോടതിയലക്ഷ്യ കേസില്‍ ആരെയും ശിക്ഷിച്ചില്ല.
ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ടിട്ടും പ്രധാനമന്ത്രി നരസിംഹറാവു യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലങ്ങളിലും ഹര്‍ജികളിലും അയോധ്യയിലെ രാമജന്മഭൂമിയിലെ സംഭവവികാസങ്ങളുടെ വ്യക്തമായ ചിത്രം നല്‍കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. നിര്‍മ്മാണം തടയാന്‍ സാധ്യമല്ലെന്നാണ് സ്ഥലത്ത് തടിച്ചുകൂടിയ കര്‍സേവകരുടെ എണ്ണത്തില്‍ നിന്ന് അനുമാനിക്കുന്നതെന്ന് ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ സ്ഥിതി ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പിന്നീട് പറഞ്ഞത്. 'അതുകൊണ്ട് രണ്ട് കാര്യങ്ങള്‍ ആവശ്യമാണ്, ഒന്ന്, കര്‍സേവകരുടെ ഒത്തുകൂടലുകള്‍ അനുവദിക്കരുത്. രണ്ട്, യന്ത്രങ്ങളും നിര്‍മ്മാണ സാമഗ്രികളും രാജന്മഭൂമിയിലേക്ക് കൊണ്ടുവരില്ലെന്ന് ഉറപ്പാക്കണം' കോടതിയില്‍ രേഖാമൂലം നല്‍കിയ പ്രസ്താവനയില്‍ അന്നത്തെ സോളിസിറ്റര്‍ ജനറല്‍ ദിപങ്കര്‍ ഗുപ്ത പറഞ്ഞു.
എന്നാല്‍ കര്‍സേവ മാറ്റിവയ്ക്കാന്‍ സംഘങ്ങളെ നിര്‍ബന്ധിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് 'അവസാന അവസരം' നല്‍കുന്നത് ഉചിതമാണെന്ന നിലപാടാണ് അന്ന് കോടതി എടുത്തത്. ഇതിനെ അറ്റോര്‍ണി ജനറല്‍ മിലോണ്‍ ബാനര്‍ജി ശക്തമായി എതിര്‍ത്തു, കൂടാതെ കര്‍സേവകരും അവരുടെ നിര്‍മാണ സാധനങ്ങളും രാമജന്മഭൂമിയില്‍ എത്തുന്നതിനുള്ള സമയം നല്‍കുന്നതിനാണ് യുപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു. ഇനിയുള്ള ഒന്നോ രണ്ടോ ദിവസം വളരെ നിര്‍ണായകമാണെന്നും അതിനാല്‍ ഉടനെ എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു, കൂടാതെ 'സാഹചര്യം വളരെ മോശമാകുന്ന അവസ്ഥയിലേക്ക് പോവുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നതിനാല്‍ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെയാണ് താന്‍ സംസാരിക്കുന്നതെന്നും പറഞ്ഞു.
എന്നാല്‍ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന വസ്തുതകള്‍ നിങ്ങളുടെ പക്കലുണ്ടോ എന്ന് ജസ്റ്റിസ് വെങ്കടാചലയ്യ അറ്റോര്‍ണി ജനറലിനോട് ചോദിച്ചു, 'തയ്യാറെടുപ്പ് ഒരു കുറ്റകൃത്യമല്ല. സംസ്ഥാന ഗവണ്‍മെന്റ് അവരുടെ കടമയില്‍ വീഴ്ച വരുത്തിയെന്ന് പൂര്‍ണ ബോധ്യമായാല്‍ മാത്രമേ ഞങ്ങള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. 1992 ഡിസംബര്‍ ആറിന് മസ്ജിദ് പൊളിച്ച ശേഷം, നിര്‍ഭാഗ്യവശാല്‍, പ്രശ്‌നത്തിന്റെ വ്യാപ്തി വിലയിരുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് വെങ്കടാചലയ്യ പറഞ്ഞു. മൂന്ന് താഴികക്കുടങ്ങളും എത്രയും വേഗം പുനഃസ്ഥാപിക്കുക എന്നതാണ് ഇപ്പോള്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യമെന്നും വ്യക്തമാക്കി.
കോടതിയുടെ ഈ നിലപാട് നിഷ്‌കളങ്കമാണെന്ന് പറയാന്‍ വളരെ ബുദ്ധിമുട്ടാണെന്നും കോടതിയുടെ നിഷ്‌ക്രിയത്വത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്നുമാണ് നിയമവിദഗ്ധരടക്കം ചൂണ്ടിക്കാണിച്ചത്. മസ്ജിദ് പൊളിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ജസ്റ്റിസ് വെങ്കടാചലയ്യ മറ്റൊരു കോടതിയലക്ഷ്യ കേസില്‍, പ്രഖ്യാപിച്ചത് ഇങ്ങിനെയാണ്, 'ഇത്തരം കടുത്ത കോടതിയലക്ഷ്യം നടത്തുന്ന ഒരാള്‍ക്ക് രക്ഷപ്പെടുമെന്ന പ്രതീതി ഉണ്ടായാല്‍ അത് ഏറ്റവും ദൗര്‍ഭാഗ്യകരമായ അവസ്ഥയായിരിക്കും. അങ്ങനെയൊാരു സാഹചര്യത്തില്‍ പ്രതി സഹതാപം അര്‍ഹിക്കുന്നില്ല. തക്കതായ ശിക്ഷ അര്‍ഹിക്കുന്നു, അത് മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായി മാറുകയും മറ്റുള്ളവര്‍ ഇത്തരം അവഹേളനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യും'.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, 1993 ഫെബ്രുവരിയില്‍ ജസ്റ്റിസ് വെങ്കടാചലയ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി. അതോടെ കോടതിയലക്ഷ്യ ഹര്‍ജികള്‍ അനിശ്ചിതത്വത്തിലായി. ചീഫ് ജസ്റ്റിസ് വെങ്കടാചലയ്യ വിരമിക്കുന്നതിന്റെ തലേന്നാണ് ഇതേ ബെഞ്ച് ആ കേസുകള്‍ ഏറ്റെടുത്തത്. 1994 ഒക്ടോബര്‍ 24നാണ് കോടതിയലക്ഷ്യ കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അത് വളരെ വിചിത്രമാണ്, ഇങ്ങിനെയാണ് അതില്‍ പറയുന്നത്; 'ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും മുഖ്യമന്ത്രിയും കോടതിയലക്ഷ്യ കുറ്റത്തിന് ശിക്ഷിക്കപ്പെടേണ്ടിവരുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ നിയമത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ അതൊഴിവാക്കാനൊക്കില്ല. കോടതിയലക്ഷ്യ കുറ്റത്തിന് അദ്ദേഹത്തെ ശിക്ഷിക്കുന്നു. അവഹേളനം നമ്മുടെ രാജ്യത്തിന്റെ മതേതര ഘടനയുടെ അടിത്തറയെ ബാധിക്കുന്ന വലിയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനാല്‍, ഒരു ദിവസത്തെ തടവും 2000 രൂപ പിഴയും വിധിക്കുന്നു. രാജ്യത്തെ മതേതരത്തെ തകര്‍ത്ത കുറ്റം ചെയ്‌തെന്ന് വിലയിരുത്തിയിട്ടും ഒരു ദിവസത്തെ തടവാണ് വിധിച്ചത്.
കടപ്പാട്: ദ വയര്‍
#BabriMasjid #Ayodhya #India #judiciary #SupremeCourt #religiousviolence #history