Safari Park | വരുന്നു, കണ്ണൂരിൽ 256 ഏക്കറിൽ വന്യജീവി സങ്കേതം! കൂടുകളില്ലാതെ മൃഗങ്ങളെ കാണാം; പ്രാരംഭ നടപടികൾ തുടങ്ങാൻ മുഖ്യമന്ത്രിയുടെ നിർദേശം 

 
Safari park
Safari park

Image Credit: Representational Image Generated by Meta AI

പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും

കണ്ണൂർ: (KVARTHA)  തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങളായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. 

256 ഏക്കർ  ഭൂമി ഈ ആവശ്യത്തിന് വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. നാടുകാണി ഡിവിഷനിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നൽകാനുള്ള നിരാക്ഷേപ പത്രമാണ് നൽകിയത്. റവന്യൂ വകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്ത്  ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മ്യഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള പ്രകൃതി അതേ പോലെ നിലനിർത്തി സ്വഭാവികവനവൽക്കരണം നടത്തിയാണ് പാർക്കിൻ്റെ രൂപകൽപ്പന. സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാർക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക. 

പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. പ്ലാൻ്റേഷൻ കോർപ്പറേഷനിലെ  ജീവനക്കാരെ നിർദിഷ്ട പാർക്കിലേക്ക് ആഗിരണം ചെയ്യും. യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, പി പ്രസാദ്, എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ,  ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ പങ്കെടുത്തു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia