Cricket | ട്വന്റി 20യിൽ 344 റൺസ്! അടിച്ചു തകർത്ത് സിംബാബ്‌വെ ലോക റെക്കോർഡ് സൃഷ്ടിച്ചു; സിക്കന്ദർ റാസ കൊടുങ്കാറ്റായി
● നേപ്പാളിൻ്റെ മുൻ റെക്കോർഡ് മറികടന്നു
● സിക്കന്ദർ റാസ 43 പന്തിൽ 133 റൺസ് അടിച്ചു.
● ടി20 യിലെ ഏറ്റവും വേഗത്തിലുള്ള സെഞ്ചുറികളിലൊന്ന് എന്ന നേട്ടം റാസ സ്വന്തമാക്കി
നെയ്‌റോബി: (KVARTHA) ഗാംബിയക്കെതിരായ ഐസിസി പുരുഷ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സിംബാബ്‌വെ ടി20 യിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ നേടി ചരിത്രം സൃഷ്ടിച്ചു. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് ആണ് സിംബാബ്‌വെ അടിച്ചുകൂട്ടിയത്. ഇതോടെ നേപ്പാളും ഇന്ത്യയും നേടിയ റെക്കോർഡുകൾ പിന്നിലായി.
നെയ്‌റോബിയിലെ റുവാരക സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിൽ ഗാംബിയയ്‌ക്കെതിരെ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബ്രയാൻ ബെന്നറ്റും (50) ടി മരുമണിയും (62) ഒന്നാം വിക്കറ്റിൽ 5.4 ഓവറിൽ 98 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമാണ് എഴുതപ്പെടാൻ പോകുന്നതെന്ന് സൂചന നൽകിയിരുന്നു.
തുടക്കത്തിലേ രണ്ട് വിക്കറ്റ് വീണതിന് ശേഷം ബാറ്റ് ചെയ്യാനെത്തിയ ക്യാപ്റ്റൻ സിക്കന്ദർ റാസ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കൊടുങ്കാറ്റായി മാറുകയായിരുന്നു. സിംബാബ്‌വെയുടെ ഈ അവിശ്വസനീയമായ പ്രകടനത്തിന് പിന്നിൽ പ്രധാന വ്യക്തി സിക്കന്ദർ റാസയാണ്. വെറും 33 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ റാസ 43 പന്തിൽ 133 റൺസ് അടിച്ചുകൂട്ടി.
ഏഴ് ഫോറുകളും 15 സിക്സറുകളും താരം അടിച്ചു. ഇത് ടി20 യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറികളിൽ ഒന്നാണ്. ക്ലൈവ് മദാൻഡെ 17 പന്തിൽ 53 റൺസുമായി പുറത്താകാതെ നിന്നതും സിംബാബ്‌വെയുടെ സ്‌കോർ ഉയർത്താൻ സഹായിച്ചു.
ടി20 യിലെ ഏറ്റവും ഉയർന്ന ടീം സ്‌കോറുകൾ
1. സിംബാബ്‌വെ: 344/4 (20) - ഗാംബിയക്കെതിരെ, 2024 ഒക്ടോബർ 23
2. നേപ്പാൾ: 314/3 (20) - മംഗോളിയക്കെതിരെ, 2023 സെപ്റ്റംബർ 27
3. ഇന്ത്യ: 297/6 (20) - ബംഗ്ലാദേശിനെതിരെ, 2024 ഒക്ടോബർ 12
4. സിംബാബ്‌വെ: 286/5 (20) - സീഷെൽസിനെതിരെ, 2024 ഒക്ടോബർ 19
5. അഫ്ഗാനിസ്ഥാൻ: 278/3 (20) - അയർലണ്ടിനെതിരെ, 2019 ഫെബ്രുവരി 23
ടി20യിൽ അതിവേഗ സെഞ്ച്വറി നേടിയ താരങ്ങൾ
* സാഹിൽ ചൗഹാൻ: എസ്തോണിയക്കെതിരായ മത്സരത്തിൽ സൈപ്രസിനായി കളിക്കുമ്പോൾ 27 പന്തുകളിൽ സെഞ്ചുറി നേടി. ഇത് ഈ ഫോർമാറ്റിലെ ഏറ്റവും വേഗത്തിലുള്ള സെഞ്ചുറിയാണ്
* ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ: നേപ്പാളിനെതിരായ മത്സരത്തിൽ നമീബിയയ്ക്കായി കളിക്കുമ്പോൾ 33 പന്തുകളിൽ
* സിക്കന്ദർ റാസ: ഗാംബിയക്കെതിരായ മത്സരത്തിൽ സിംബാബ്‌വെയ്ക്കായി കളിക്കുമ്പോൾ 33 പന്തുകളിൽ
* കുശാൽ മല്ല: മംഗോളിയക്കെതിരായ മത്സരത്തിൽ നേപ്പാളിനായി കളിക്കുമ്പോൾ 34 പന്തുകളിൽ
* ഡേവിഡ് മില്ലർ: ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കുമ്പോൾ 35 പന്തുകളിൽ
* രോഹിത് ശർമ്മ: ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്കായി കളിക്കുമ്പോൾ 35 പന്തുകളിൽ
#ZimbabweCricket #T20Cricket #WorldRecord #FastestCentury #SikandarRaza #CricketNews