Recognition | യുവധാര യുവസാഹിത്യ പുരസ്കാരം: പുതിയ തലമുറയുടെ എഴുത്തുകാർക്ക് അംഗീകാരം
● യുവധാര യുവസാഹിത്യ പുരസ്കാരം വിതരണം ചെയ്തു.
● കഥാകൃത്ത് പുണ്യ സി.ആർ, കവി റോബിൻ എഴുത്തുപുര എന്നിവർ മുഖ്യ പുരസ്കാരം നേടി.
● തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സാഹിത്യ പ്രമുഖർ പങ്കെടുത്തു
തിരുവനന്തപുരം: (KVARTHA) പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് 2023 ലെ യുവധാര യുവസാഹിത്യ പുരസ്കാരം വിതരണം ചെയ്തു.
കഥാ വിഭാഗത്തിൽ പുണ്യ സി.ആറും കവിതാ വിഭാഗത്തിൽ റോബിൻ എഴുത്തുപുരയുമാണ് മുഖ്യ പുരസ്കാരത്തിന് അർഹരായത്. ഓരോരുത്തർക്കും 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിച്ചു. കൂടാതെ, കഥാ വിഭാഗത്തിൽ വിമീഷ് മണിയൂർ, ഹരികൃഷ്ണൻ തച്ചാടൻ, മൃദുൽ വി എം എന്നിവരും കവിതാ വിഭാഗത്തിൽ സിനാഷ, ആർ.ബി അബ്ദുൾ റസാഖ്, അർജ്ജുൻ കെ.വി എന്നിവരും പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹരായി.
യുവധാര പബ്ലിഷർ വി കെ സനോജ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചീഫ് എഡിറ്റർ വി വസീഫ് അധ്യക്ഷനായിരുന്നു. പ്രശസ്ത സാഹിത്യകാരൻ ജി.ആർ.ഇന്ദുഗോപൻ മുഖ്യാതിഥിയായി സംബന്ധിച്ചു. യുവധാര മാനേജർ എം ഷാജർ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പുരസ്കാര ജേതാക്കളായ പുണ്യ.സി.ആർ, റോബിൻ എഴുത്തുപുര, വിമീഷ് മണിയൂർ എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
എസ്. ആർ. അരുൺബാബു, ഡോ:ചിന്താ ജെറോം, വി. അനൂപ്, മീനു സുകുമാരൻ, എ ആർ രഞ്ജിത്ത്, ശ്യാംപ്രസാദ്, വി.എസ്. ശ്യാമ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. യുവധാര എഡിറ്റർ ഡോ.ഷിജൂഖാൻ നന്ദി പറഞ്ഞു.
ഡി വൈ എഫ് ഐയുടെ മലയാളത്തിലെ മാസികയായ യുവധാര, യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ വർഷവും ഈ പുരസ്കാരം നൽകി വരുന്നു.
#YuvadharaAwards #MalayalamLiterature #YoungWriters #Kerala #India #BookAwards #LiteraryAwards