Tensions | റഷ്യ-യുക്രൈൻ യുദ്ധം നിർണായക വഴിത്തിരിവിലേക്ക്; യുക്രൈനുള്ള സൈനിക സഹായം അമേരിക്ക നിർത്തി


● റഷ്യ യുക്രൈൻ്റെ 20 ശതമാനത്തോളം കൈവശപ്പെടുത്തിയിട്ടുണ്ട്.
● ട്രംപും സെലൻസ്‌കിയും തമ്മിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞിരുന്നു.
● സെലെൻസ്‌കി അമേരിക്കയെ പമാനിച്ചുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.
വാഷിംഗ്ടൺ: (KVARTHA) റഷ്യ - യുക്രൈൻ യുദ്ധം മറ്റൊരു വഴിത്തിരിവിലേക്ക്. യുക്രൈനിനുള്ള സൈനിക സഹായം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയും തമ്മിൽ വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചർച്ച അലസിപ്പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക തീരുമാനം കടുപ്പിച്ചത്.
ട്രംപിന്റെ ആരോപണങ്ങൾ
യുക്രൈൻ പ്രസിഡന്റ് വോലോഡിമർ സെലെൻസ്‌കിയുമായി ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും യുക്രൈന് നൽകിയ സഹായങ്ങൾക്ക് നന്ദി കാണിക്കുന്നതിൽ സെലെൻസ്‌കി പരാജയപ്പെട്ടുവെന്ന് ആരോപിച്ചിരുന്നു. റഷ്യയുടെ ആക്രമണത്തിന് ശേഷം യുക്രൈന് നൽകിയ ബില്യൺ കണക്കിന് ഡോളറിന്റെ സഹായത്തിന് സെലെൻസ്‌കി കൃത്യമായി നന്ദി കാണിച്ചില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.
കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സെലെൻസ്‌കി അമേരിക്കയെ ഓവൽ ഓഫീസിൽ വെച്ച് അപമാനിച്ചുവെന്നും ആരോപിച്ചു. യുക്രൈൻ പ്രസിഡന്റ് തൻ്റെ കയ്യിലിരിപ്പ് വെച്ച് കളിച്ചെന്നും സമാധാനത്തിന് ശ്രമിക്കാതെ യുദ്ധം തുടരാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യ യുക്രൈൻ്റെ 20 ശതമാനത്തോളം കൈവശപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും യുക്രൈൻ്റെ ധാതുസമ്പത്തിൽ അമേരിക്കക്ക് പ്രവേശനം നൽകുന്ന കരാറിൽ ഒപ്പുവെക്കാൻ യുക്രൈൻ പ്രസിഡന്റ് തയ്യാറാണെന്നും സെലെൻസ്‌കി പ്രതികരിച്ചിരുന്നു.
പ്രതികരണങ്ങൾ
യുക്രൈനുമായുള്ള സൈനിക സഹായം താൽക്കാലികമായി നിർത്തിവെക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപിൻ്റെ തീരുമാനമാണതെന്നായിരുന്നു ഹൗസ് സ്പീക്കർ മൈക്ക് ജോൺസൻ്റെ മറുപടി. എന്നാൽ സെനറ്റർ സൂസൻ കോളിൻസ് ഈ തീരുമാനത്തെ വിമർശിച്ചു. യുക്രൈന് സഹായം നൽകുന്നത് നിർത്തരുത് എന്നും അവർ പറഞ്ഞു.
അതേസമയം യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുടെ അമേരിക്കൻ സന്ദർശനത്തിന് ശേഷം ചില യൂറോപ്യൻ നേതാക്കൾ യുക്രൈന് പിന്തുണയുമായി മുന്നോട്ട് വന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ 2.8 ബില്യൺ ഡോളറിന്റെ വായ്പ പ്രഖ്യാപിച്ചു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ സെലെൻസ്‌കിക്ക് പിന്തുണ അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുക്രൈന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
The US has temporarily halted military aid to Ukraine following a failed meeting between Presidents Trump and Zelenskyy. Trump accused Zelenskyy of ingratitude. European leaders have shown support for Ukraine.
#UkraineWar, #USUkraine, #MilitaryAid, #RussiaUkraine, #Diplomacy, #WorldNews