Keir Starmer | ഋഷി സുനകിന് കനത്ത തിരിച്ചടി; ബ്രിടനില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ടി ഭരണത്തെ പുറത്താക്കി ലേബര്‍ പാര്‍ടി അധികാരത്തില്‍

 
UK General Election 2024: Labour Party sweeps to power in historic election win; Rishi Sunak takes ‘responsibility for the loss’, Labour Party, Keir Starmer, Britain, Prime Minister


തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഋഷി സുനക്.

ലന്‍ഡന്‍: (KVARTHA) ബ്രിടന്റെ പൊതു തെരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ടി (Conservative Party)  ഭരണത്തെ പുറത്താക്കി ലേബര്‍ പാര്‍ടി (Labour Party) വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. ഭരണ കാലാവധി പൂര്‍ത്തിയാകും മുമ്പ് നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യന്‍ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനകിന് (Rishi Sunak) കനത്ത തിരിച്ചടി നേരിട്ടു.

650 അംഗ പാര്‍ലമെന്റ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബര്‍ പാര്‍ടി മറികടന്നു. 370 സീറ്റുകളില്‍ ലേബര്‍ പാര്‍ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ടി അധികമായി നേടിയത്. 

ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ടിക്ക് 90 സീറ്റുകളില്‍ ഒതുങ്ങി. 2019 ലേതിനെക്കാള്‍ 172 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ടിക്ക് നഷ്ടമായത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോടിഷ് നാഷണല്‍ പാര്‍ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു. അന്തിമ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.  

ലേബര്‍ പാര്‍ടിയുടെ കെയ്ര്‍ സ്റ്റാര്‍മര്‍ (Keir Starmer) പ്രധാനമന്ത്രിയാകും. ഹോല്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് സീറ്റില്‍നിന്നാണ് സ്റ്റാര്‍മറുടെ വിജയം. ജനങ്ങള്‍ മാറ്റത്തിനായി വോട് ചെയ്‌തെന്ന് ലേബര്‍ പാര്‍ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഇന്നത്തെ രാത്രി ജനങ്ങള്‍ സംസാരിച്ചു. അവര്‍ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും മാപ്പ് ചോദിക്കുന്നതായും പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് സുനക് അഭിനന്ദനമറിച്ചു. റിച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ടന്‍ സീറ്റ് സുനക് നിലനിര്‍ത്തി. 23,059 വോടാണ് ഭൂരിപക്ഷം.

ഇന്‍ഗ്ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് തുടങ്ങി 650 മണ്ഡലങ്ങള്‍ ഉള്‍പെടുന്ന സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 326 സീറ്റുകള്‍ വേണം. ലിബറല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍ പാര്‍ടി, സ്‌കോടിഷ് നാഷനല്‍ പാര്‍ടി (എസ്എന്‍പി), എസ്ഡിഎല്‍പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ടി (ഡിയുപി), സിന്‍ ഫെയിന്‍, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാര്‍ടി ഉള്‍പെടെയുള്ള രാഷ്ട്രീയ പാര്‍ടികളാണ് ജനവിധി തേടിയത്.  

2025 ജനുവരി വരെ സര്‍കാറിന് കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 2022 ഒക്ടോബറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് ബ്രിടന്റെ ആദ്യ ഇന്‍ഡ്യന്‍ വംശജനായ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സുനക് ആദ്യമായാണ് ജനവിധി തേടിയത്. 

ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. 2010ല്‍ ഗോര്‍ഡന്‍ ബ്രൗണിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയാകുന്ന ലേബര്‍ പാര്‍ടി നേതാവാകും സ്റ്റാര്‍മര്‍. 2019ലെ ലേബര്‍ പാര്‍ടിയുടെ തോല്‍വിക്കുശേഷം ജെറമി കോര്‍ബിനില്‍ നിന്നാണ് സ്റ്റാര്‍മര്‍ ചുമതലയേറ്റത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia