Revolution | സിറിയന്‍ പ്രസിഡന്റ് പലായനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്; രാജ്യം സ്വതന്ത്രമായെന്ന് വിമതര്‍
● ഇരുണ്ട അദ്ധ്യായം അവസാനിച്ചെന്ന് എച്ച്ടിഎഎസ്.
● എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാം.
● രാജ്യം വിടാന്‍ പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി.
ഡമാസ്‌കസ്: (KVARTHA) സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസാദ് രാജ്യം വിട്ട് പലായനം ചെയ്തുവെന്നും രാജ്യം സ്വതന്ത്രമായെന്നും സിറിയന്‍ ഗവണ്‍മെന്റിനെ എതിര്‍ക്കുന്ന വിമത വിഭാഗം ഹയാത് തഹ്രീര്‍ അല്‍-ഷാം (എച്ച്ടിഎഎസ്)പ്രഖ്യാപിച്ചു. ഒരു ഇരുണ്ട അദ്ധ്യായം അവസാനിച്ചെന്നും പുതിയ ഒരധ്യായം ആരംഭിക്കുകയാണെന്നും എച്ച്ടിഎഎസ് ടെലിഗ്രാം ചാനലില്‍ അവകാശപ്പെട്ടു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ അസദിന്റെ ഭരണത്തില്‍ പലായനം ചെയ്തവര്‍ക്കും തടവിലാക്കപ്പെട്ടവര്‍ക്കും ഇനി തിരിച്ചുവരാമെന്ന് വിമതര്‍ പറയുന്നു. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരു പുതിയ സിറിയയായിരിക്കും ഇനിയെന്നും വിമതര്‍ പറയുന്നു.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഡമാസ്‌കസ് വിട്ടതായി രണ്ട് മുതിര്‍ന്ന സിറിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു, എന്നാല്‍ അദ്ദേഹം എവിടേക്കാണ് പോയതെന്ന് വ്യക്തമല്ല. അസദിന്റെയും കുടുംബാംഗങ്ങളുടെയും കൂറ്റന്‍ പ്രതിമകള്‍ തകര്‍ത്തതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, രാജ്യം വിടാന്‍ തനിക്ക് പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഖാസി അല്‍ ജലാലി പറഞ്ഞു. സിറിയയിലെ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍, തലസ്ഥാനമായ ഡമാസ്‌കസ് വിമതസേന വളഞ്ഞെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിമതസേന മൂന്ന് പ്രധാന നഗരങ്ങള്‍ കൂടി പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സിറിയ സ്വതന്ത്രമായിരിക്കുന്നുവെന്ന അവകാശവാദവുമായി വിമതര്‍ രംഗത്തെത്തിയത്.
വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തരയുദ്ധത്തിന്റെ ആഴത്തിലുള്ള മുറിവുകള്‍ ഇതുവരെ ഉണങ്ങാത്ത രാജ്യമാണ് സിറിയ. പത്തുദിവസം മുമ്പാണ് പെട്ടെന്ന് വിമത പോരാളികള്‍ അപ്രതീക്ഷിതമായി മുന്നേറിയത്. കഴിഞ്ഞ രണ്ട്-മൂന്ന് ദിവസങ്ങളില്‍, ഒന്നിനുപുറകെ ഒന്നായി നഗരങ്ങള്‍ അവരുടെ നിയന്ത്രണത്തിലായി. ഇപ്പോള്‍ സിറിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഹോംസും തങ്ങളുടെ നിയന്ത്രണത്തിലായതായി വിമതര്‍ പറഞ്ഞു.
#Syria #Assad #CivilWar #MiddleEast #Revolution #HTS