Disaster | ചുഴലിക്കാറ്റില്‍നിന്ന് കരകയറാന്‍ പാടുപെടുന്നതിനിടെ ക്യൂബയെ വിറപ്പിച്ച് 2 ഭൂചലനങ്ങള്‍; വന്‍ നാശനഷ്ടം
ADVERTISEMENT
● വൈദ്യുതിയില്ലാതെ 10 ദശലക്ഷം ആളുകള്‍.
● നിരവധി പേര്‍ക്ക് പരുക്കേറ്റു.
● മണ്ണിടിച്ചിലും വീടുകള്‍ക്ക് കേടുപാടുകളും.
ഹവാന: (KVARTHA) കിഴക്കന്‍ ക്യൂബയില്‍ (Cuba) വന്‍ നാശനഷ്ടം വരുത്തി ശക്തമായ രണ്ട് ഭൂചലനങ്ങള്‍ (Earthquake). 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ഒരു മണിക്കൂറിന് ശേഷമായിരുന്നു രണ്ടാമത്തേത്. തെക്കന്‍ ഗ്രാന്‍മ പ്രവിശ്യയിലെ ബാര്‍ട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈല്‍ അകലെയാണ് 6.8 തീവ്രതയില്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായത്. ക്യൂബന്‍ വിപ്ലവകാലത്ത് മുന്‍ ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ ആസ്ഥാനം ഉണ്ടായ പ്രദേശമാണിത്.
ഭൂചലനം സാന്റിയാഗോ ഡി ക്യൂബയിലും സമീപ പ്രദേശങ്ങളിലും നാശം വിതച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഭൂകമ്പത്തിന്റെ ആഘാതത്തില്‍ ദ്വീപിലെ രണ്ടാമത്തെ വലിയ നഗരമായ സാന്റിയാഗോ ഡി ക്യൂബയിലെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലെയും കെട്ടിടങ്ങള്‍ കുലുങ്ങി. വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടാവുകയും വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയസ് കനാല്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച, റാഫേല്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകര്‍ന്നിരുന്നു. ചുഴലിക്കാറ്റില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന ക്യൂബയിലാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. നിലവില്‍ 10 ദശലക്ഷം ആളുകള്‍ക്ക് രാജ്യത്ത് വൈദ്യുതിയില്ല. ഇതിനിടെ ഭൂചലനത്തില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് വീടുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
#Cuba #Earthquake #NaturalDisaster #Hurricane #DisasterRelief #Caribbean
