Protest | വെള്ളപ്പൊക്കത്തില്‍ വലഞ്ഞതില്‍ പ്രതിഷേധം; സ്പാനിഷ് രാജാവിനും രാജ്ഞിക്കും പ്രധാനമന്ത്രിക്കും നേരെ ചെളി വാരിയെറിഞ്ഞു, വീഡിയോ

 
Spain's king and queen pelted with mud in flood-hit Valencia
Spain's king and queen pelted with mud in flood-hit Valencia

Photo Credit: X/Jase Huang

● പ്രളയ മുന്നറിയിപ്പ് പാളിയതിന് പിന്നാലെയായിരുന്നു ജനരോഷം
● നിങ്ങള്‍ കൊലപാതകികളെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
● ഇരുവരെയും സംരക്ഷിക്കുന്നതിനിടെ അംഗരക്ഷകന് പരിക്കേറ്റു.

മഡ്രിഡ്: (KVARTHA) പ്രളയബാധിത നഗരം സന്ദര്‍ശിക്കുകയായിരുന്ന സ്പാനിഷ് രാജാവിനും രാജ്ഞിക്കും പ്രധാനമന്ത്രിക്കും നേരെ രോഷാകുലരായ പ്രതിഷേധക്കാര്‍ ചെളിയും മറ്റ് വസ്തുക്കളും വാരി എറിഞ്ഞു. വെള്ളപ്പൊക്കത്തില്‍ വലഞ്ഞ വലന്‍സിയ (Valencia) സന്ദര്‍ശനത്തിനിടെയായിരുന്നു അപ്രതീക്ഷിത പ്രതിഷേധം.  

നിങ്ങള്‍ 'കൊലപാതകികള്‍', 'നാണക്കേട്' എന്ന് ആക്രോശിച്ചാണ് ജനം ചെളിയെറിഞ്ഞത്. ദുരന്തം ഏറ്റവും മോശമായി ബാധിച്ച പൈപോര്‍ട്ട പട്ടണത്തിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം. സ്പാനിഷ് രാജാവ് ഫിലിപ്പ്, രാജ്ഞി ലെറ്റിസിയ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവര്‍ക്ക് നേരെയാണ് ജനരോഷമിരമ്പിയത്. 

വെള്ളപ്പൊക്കത്തെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും ദുരന്തമുണ്ടായപ്പോള്‍ അടിയന്തര സേവനങ്ങള്‍ വൈകിയെന്നുമാണ് പരാതി. 'ഞങ്ങളെ സഹായിക്കൂ. ഇപ്പോഴും കാണാതായ പ്രിയപ്പെട്ടവരെ തിരഞ്ഞു നടക്കുകയാണ് നിരവധി പേര്‍. കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അവരെല്ലാം രക്ഷപ്പെടുമായിരുന്നു'- വലന്‍സിയ പ്രദേശത്ത് താമസിക്കുന്നവര്‍ പറഞ്ഞു. 

രാജാവിന്റെയും രാജ്ഞിയുടെയും മുഖത്തും റെയിന്‍കോട്ടിലും ചെളി തെറിച്ചു. ഇരുവരെയും സംരക്ഷിക്കുന്നതിനിടെ അംഗരക്ഷകന് പരിക്കേറ്റു. മുഖത്തും വസ്ത്രങ്ങളിലും ചെളി പുരണ്ട ഫിലിപ്പെ രാജാവും ലെറ്റിസിയ രാജ്ഞിയും ജനക്കൂട്ടത്തെ ആശ്വസിപ്പിക്കുന്നത് പിന്നീട് കണ്ടു. പൈപോര്‍ട്ട സന്ദര്‍ശനത്തിനിടെ രാജാവ് കരയുന്നവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. രാജ്ഞിയുടെ കണ്ണുകളും നിറഞ്ഞു. 

സ്‌പെയിനില്‍ അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ 200ലധികം പേര്‍ മരിച്ചിരുന്നു. സ്‌പെയിനിലെ തെക്ക് കിഴക്കന്‍ മേഖലയിലാണ് രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നത്. മെഡിറ്ററേനിയന്‍ തീരത്തെ വലന്‍സിയ മേഖലയിലാണ് ഏറ്റവുമധികം ആളുകള്‍ മരിച്ചത്. ഒരു വര്‍ഷം പെയ്യേണ്ട മഴയാണ് സ്‌പെയിനില്‍ ഒരൊറ്റ ദിവസം കൊണ്ട് പെയ്തത്. അതിജീവിച്ചവരെ കണ്ടെത്താനും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുമുള്ള പ്രതീക്ഷയില്‍ അടിയന്തര തൊഴിലാളികള്‍ ഭൂഗര്‍ഭ കാര്‍ പാര്‍ക്കുകളിലൂടെയും തുരങ്കങ്ങളിലൂടെയും തിരച്ചില്‍ തുടരുകയാണ്.

ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. പല വീടുകളിലും ഇപ്പോഴും വൈദ്യുതിയില്ല. ജനങ്ങളുടെ രോഷം മനസ്സിലാക്കുന്നുവെന്നും അതേറ്റു വാങ്ങുക എന്നത് തന്റെ രാഷ്ട്രീയപരവും ധാര്‍മികവുമായ ഉത്തരവാദിത്തമാണെന്നും പ്രാദേശിക നേതാവ് കാര്‍ലോസ് മാസോണ്‍ പ്രതികരിച്ചു. 

പ്രളയ ജലത്തില്‍ വീടുകളും റോഡുകളും മുങ്ങിയ ശേഷമാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതെന്നാണ് പരാതി. പ്രളയത്തെക്കുറിച്ച് ധാരണയില്ലാതെ വാഹനങ്ങളില്‍ റോഡുകളില്‍ കുടുങ്ങിയവരാണ് മിന്നല്‍ പ്രളയത്തില്‍ മരിച്ചവരില്‍ ഏറെയുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളത്തിലൂടെ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോകുന്ന ദൃശ്യം പുറത്തുവന്നു. 

ലഭ്യമായ വിവരങ്ങള്‍ വെച്ച് കഴിയുന്നത്ര മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് വലെന്‍സിയ അധികൃതര്‍ പറഞ്ഞു. അതേസമയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് പ്രാദേശിക അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

#Spain #floods #Valencia #royalfamily #protest #disaster #government #response



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia