ശുഭാംശു ശുക്ല ഭൂമിയിലേക്ക്; 18 ദിവസത്തെ ബഹിരാകാശ വാസത്തിന് വിരാമം


● ഗ്രേസ് പേടകം ഐഎസ്എസിൽനിന്ന് വേർപെട്ടു.
● ആക്സിയം 4 സംഘത്തോടൊപ്പമാണ് മടക്കം.
● ശാന്ത സമുദ്രത്തിൽ സ്പ്ലാഷ്ഡൗൺ.
● ഐഎസ്എസിൽ 60 പരീക്ഷണങ്ങൾ പൂർത്തിയാക്കി.
● കേരളത്തിൽ നിന്നുള്ള വിത്തിനങ്ങളും പരീക്ഷിച്ചു.
കാലിഫോർണിയ: (KVARTHA) എല്ലാം ശുഭം! അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) 18 ദിവസത്തെ വാസം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. ശുഭാംശു അടങ്ങുന്ന ആക്സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗൺ ഗ്രേസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തു. ഇന്ത്യൻ സമയം തിങ്കളാഴ്ച (14.07.2025) വൈകിട്ട് 4:45-നാണ് നിലയത്തിലെ ഹാർമണി മൊഡ്യൂളിൽ നിന്ന് ഗ്രേസ് പേടകം വേർപ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്സിയം 4 ക്രൂവിലുള്ളത്.
ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിൽ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തിൽ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമുൾപ്പെടെ നിരവധി ഗവേഷണങ്ങൾ ഐഎസ്എസിൽ ശുഭാംശു ശുക്ലയുടെ മേൽനോട്ടത്തിൽ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകളടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുന്നുണ്ട്.
സ്പ്ലാഷ്ഡൗൺ ചൊവ്വാഴ്ച (15.07.2025)
ഇരുപത്തിരണ്ടര മണിക്കൂറെടുക്കും ഡ്രാഗൺ ഗ്രേസ് പേടകം ഭൂമിയിലെത്താൻ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം മൂന്ന് മണിക്ക് പേടകം കാലിഫോർണിയക്കടുത്ത് ശാന്ത സമുദ്രത്തിൽ ഇറങ്ങുമെന്നാണ് നിലവിലെ അറിയിപ്പ്. എന്നാൽ സ്പ്ലാഷ്ഡൗൺ സമയം കാലിഫോർണിയയിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും.
ശുഭാംശു ശുക്ല എപ്പോൾ ഇന്ത്യയിലേക്ക്?
ഭൂമിയിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ ഏഴ് ദിവസം നാല് ആക്സിയം 4 ദൗത്യ സംഘാംഗങ്ങളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. അതിനുശേഷമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ. ആക്സിയം 4 ദൗത്യ സംഘം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കാലിഫോർണിയക്കടുത്ത് കടലിൽ ഇറങ്ങിയാൽ സ്പേസ്എക്സിന്റെ റിക്കവറി കപ്പൽ അവരെ തീരത്തേക്ക് കൊണ്ടുപോകും. ഇതിനുശേഷം ഒരാഴ്ചക്കാലം നാസയുടെ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലാണ് ഇവരുടെ പോസ്റ്റ്-ഫ്ളൈറ്റ് റീഹാബിലിറ്റേഷൻ തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാൽ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികർക്ക് ഈ വിശ്രമം.
ശുഭാംശു ശുക്ലയുടെ വിജയകരമായ മടക്കയാത്രയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: Indian Air Force Group Captain Shubhanshu Shukla begins return from ISS.
#ShubhanshuShukla #Axiom4 #ISSReturn #SpaceMission #IndianAstronaut #GraceCapsule