Man Died | പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിനുള്ളില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
സംഭവം പറന്നുയരുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ്.
ശക്തമായ സുരക്ഷാ സംവിധാനം മറികടന്ന് എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.
അന്വേഷണം ആരംഭിച്ചതായി ഡച് ബോര്‍ഡര്‍ പൊലീസ്.
ആംസ്റ്റര്‍ഡാം: (KVARTHA) പുറപ്പെടാന്‍ തയ്യാറെടുക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിനുള്ളില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച (29.05.2024) ഉച്ചയ്ക്ക് ശേഷം ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലാണ് ദാരുണ സംഭവം. പാസന്‍ജര്‍ ജെറ്റിന്റെ കറങ്ങുന്ന ടര്‍ബൈന്‍ ബ്ലേഡുകളില്‍ കുടുങ്ങിയാണ് ഇയാള്‍ മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനം ഡെന്‍മാര്‍കിലെ ബിലുണ്ടിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു. ഹബിന്റെ ടെര്‍മിനലിന് പുറത്തുള്ള ഏപ്രണിലാണ് മരണം സംഭവിച്ചത്. കെഎല്‍എം സിറ്റിഹോപര്‍ വിമാനം തിരക്കേറിയ ടെര്‍മിനലിലെ ഗേറ്റില്‍ നിന്ന് പിന്നിലേക്ക് തള്ളിയപ്പോഴാണ് സംഭവം നടന്നതെന്ന് ഡച് സൈനിക പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ദ ടെലിഗ്രാഫ് റിപോര്‍ട് ചെയ്തു. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വിമാനത്തില്‍ നിന്ന് യാത്രക്കാരെ നീക്കം ചെയ്തതിന് പിന്നാലെ അന്വേഷണം ആരംഭിച്ചതായി വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള ഡച് ബോര്‍ഡര്‍ പൊലീസ് പറഞ്ഞു. ഹ്രസ്വ ദൂര എംബ്രയര്‍ ജെറ്റ് വിമാനമാണിത്.
ഷിഫോളില്‍ ശക്തമായ സുരക്ഷാ സംവിധാനം മറികടന്ന് എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. കഴിഞ്ഞ മാസം മാത്രം ഏകദേശം 50 ലക്ഷം യാത്രക്കാരെത്തിയ തിരക്കേറിയ വിമാനത്താവളമാണ് ഷിഫോള്‍. ഇത്രയും യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് വിരളമാണ്.