Disaster | നേപ്പാളിന് പിന്നാലെ ടിബറ്റില്‍ ഒരു മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി 6 ഭൂചലനങ്ങള്‍; 53 പേര്‍ മരിച്ചു, 60ലേറെ പേര്‍ക്ക് പരുക്ക്

 
Damaged buildings after the earthquake in Tibet
Damaged buildings after the earthquake in Tibet

Photo Credit: X/Tseringkyi

● റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി.
● പ്രഭവ കേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 
● കാഠ്മണ്ഡുവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 

ലാസ: (KVARTHA) നേപ്പാളിന് പിന്നാലെ ടിബറ്റില്‍ ഒരു മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി ഉണ്ടായ ആറ് ഭൂചലനങ്ങളില്‍ 50 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 53 പേര്‍ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. 62 പേര്‍ക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക വിവരം. 

റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയത് ഉള്‍പ്പെടെ ആറ് ഭൂചലനങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായത്. പ്രഭവ കേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും പ്രകമ്പനങ്ങളുണ്ടായി. 

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബിഹാറിന്റെ തലസ്ഥാനമായ പട്നയിലും പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം, നേപ്പാള്‍ - ടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള സിസാങ്ങില്‍ രാവിലെ ആറരയോടെയാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം ഉണ്ടായത്. പിന്നീട് ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്സെ നഗരത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തി ഭൂചലനം ഉണ്ടായി. പിന്നാലെ 4.7, 4.9 തീവ്രതയുള്ള രണ്ട് തുടര്‍ചലനങ്ങള്‍ സിസാങില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഡല്‍ഹി എന്‍സിആര്‍, ബിഹാറിലെ പട്‌ന, അസം, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ബംഗ്ലദേശ്, ഭൂട്ടാന്‍, ചൈന എന്നിവിടങ്ങളിലും തുടര്‍ചലനങ്ങളുണ്ടായി. ഈ ശക്തമായ ചലനങ്ങളെ തുടര്‍ന്ന് ബിഹാറിലും അസമിലുമുള്ളവര്‍ പരിഭ്രാന്തരായി വീടുകള്‍ക്ക് പുറത്തിറങ്ങിയിരുന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടിബറ്റിലെ ഷിഗാറ്റ്സെ നഗരത്തിന്റെ 200 കിലോമീറ്ററിനുള്ളില്‍ മൂന്നോ അതിലധികമോ തീവ്രതയുള്ള 29 ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേപ്പാളും ഇതിനു മുന്‍പും ശക്തമായ ഭൂചലനമുണ്ടായിട്ടുള്ള രാജ്യമാണ്. ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാധ്യതാ പ്രദേശത്ത് നേപ്പാള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കഴിഞ്ഞ 22 ദിവസമായി പ്രദേശം അതീവ നിരീക്ഷണത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലും ശക്തമായ ഭൂചലനമുണ്ടായേക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഡിസംബര്‍ 17നാണ് നേപ്പാളില്‍ നിലവിലെ ഭൂചലനങ്ങളുടെ തുടക്കം. അടുത്ത ദിവസം നേപ്പാളിലെ പലയിടങ്ങളിലും ചെറുചലനങ്ങളുണ്ടായി. ഡിസംബര്‍ 20ന് 5.2 തീവ്രതയുള്ള ഭൂചലനം ബജുറയില്‍ അനുഭവപ്പെട്ടു. സിന്ധുപാല്‍ചോക്കില്‍ ജനുവരി 2 നും ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. 2015 ലെ ഭൂചലനം കനത്ത നാശമാണ് നേപ്പാളിലെങ്ങുമുണ്ടാക്കിയത്. 

ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശമുണ്ട്. അതേസമയം, അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും ദിവസം 10 ചെറുചലനങ്ങളെങ്കിലും നേപ്പാളില്‍ അനുഭവപ്പെടുന്നുണ്ടെന്നും സീനിയര്‍ ഡിവിഷണല്‍ സീസ്‌മോളജിസ്റ്റായ ഡോ. ലോക് ബിജയ അധികാരി പറയുന്നു.

#earthquake #Tibet #Nepal #disaster #naturaldisaster #seismicactivity #Asia #SouthAsia #reliefefforts


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia