Freed | വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി
1901 ദിവസത്തെ തടവ് ജീവിതത്തിന് ശേഷമാണ് മോചനം
ഓസ്‌ട്രേലിയയിലേക്ക് മടങ്ങി.
അമേരികയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിനായിരുന്നു ശിക്ഷ.
ലന്‍ഡന്‍: (KVARTHA) വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് യുഎസ് ജാമ്യം അനുവദിച്ചു. അമേരികയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബ്രിടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷാ ജയിലില്‍ നിന്ന് മോചിതനായത്. ബ്രിടന്‍ വിട്ട ജൂലിയന്‍ അസാന്‍ജ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. ജൂണ്‍ 24 തിങ്കളാഴ്ച ജൂലിയന്‍ ജയില്‍ മോചിതനായതായി വികിലീക്‌സ് ട്വീറ്റ് ചെയ്തു.
അമേരികയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിന് അഞ്ച് വര്‍ഷത്തോളമാണ് ജൂലിയന്‍ അസാന്‍ജ് ജയിലില്‍ കഴിഞ്ഞത്. 1901 ദിവസത്തെ തടവ് ജീവിതത്തിന് ശേഷമാണ് 52കാരനായ അസാന്‍ജിന് മോചനം സാധ്യമായിരിക്കുന്നത്. യുഎസ് ദേശീയ പ്രതിരോധ രേഖകള്‍ വെളിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം സമ്മതിച്ചതോടെയാണ് ജയില്‍ മോചനം സാധ്യമായതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
യുഎസ് സര്‍കാരിന്റെ ആയിരക്കണക്കിന് രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്സൈറ്റായ വികിലീക്സിലൂടെ പ്രസിദ്ധീകരിച്ചത് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്നാണ് അമേരികയുടെ ആരോപണം. 2010 ലാണ് അമേരികയെ നടുക്കി ആയിരക്കണക്കിന് യുദ്ധരേഖകള്‍ അടക്കം വികിലീക്‌സ് പുറത്തുവിട്ടത്.
2019 മുതല്‍ ലന്‍ഡന്‍ ജയിലിലായിരുന്നു അസാന്‍ജ്. അമേരികന്‍ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാന്‍ജിനെതിരെയുള്ളത്. 2012 മുതല്‍ ഇക്വഡോറിന്റെ ലന്‍ഡനിലെ എംബസിയില്‍ രാഷ്ട്രീയ അഭയത്തിലായിരുന്നു.
യുഎസിന്റെ അഞ്ചുലക്ഷത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തുവിട്ടെന്ന കേസില്‍ അമേരിക അസാഞ്ചെയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുവെച്ചാണ് ലന്‍ഡന്‍ പൊലീസ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വികിലീക്‌സ് രഹസ്യ രേഖകള്‍ പുറത്തു വിട്ടതിനുള്ള പ്രതികാരം എന്ന നിലയില്‍ അമേരിക നടപ്പാക്കിയ രഹസ്യപദ്ധതിയുടെ ഭാഗമാണ് ഈ കേസുകളെന്നാണ് വികിലീക്‌സും അസാന്‍ജിനെ അനുകൂലിക്കുന്നവരും പറയുന്നത്.
2006-ലാണ് ഓസ്‌ട്രേലിയന്‍ പ്രസാധകനും ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റുമായ ജൂലിയന്‍ പോള്‍ അസാന്‍ജ് വികിലീക്‌സ് സ്ഥാപിക്കുന്നത്. സൈനിക നടപടിയുടെ മറവില്‍ ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ട് വന്നതോടെയാണ് അസാന്‍ജും വികീലീക്‌സും ആദ്യമായി ലോകശ്രദ്ധയിലെത്തുന്നത്. അമേരിക നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവര്‍ത്തനങ്ങളും ഇപ്രകാരം പുറത്തുവരികയായിരുന്നു. ഇന്‍ഡ്യയടക്കം ലോകത്തെ അനവധി രാജ്യങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കാണ് വികിലീക്‌സ് ചോര്‍ച്ച വഴിയൊരുക്കിയത്.