Travel Tips | യൂറോപ്പിലേക്ക് യാത്ര പോവുകയാണോ? അറിഞ്ഞിരിക്കാം ഉപകാരപ്പെടുന്ന ചില കാര്യങ്ങള്‍
● യൂറോപ്പിലെ 29 രാജ്യങ്ങളിലേക്ക് പോകാന്‍ ഷെന്‍ഗന്‍ വിസ മതി.
● വിസ ആപ്ലിക്കേഷന്‍ ട്രാവല്‍ ഏജന്‍സി വഴി നല്‍കാം.
● കയ്യിലുള്ള രേഖകളുടെ കോപ്പി കയ്യില്‍ കരുതുക.
ആന്‍സി ജോസഫ്
(KVARTHA) ഇന്ന് മലയാളികള്‍ അധികവും ജോലിക്കും മറ്റുമായി ചേക്കേറിയിരിക്കുന്നത് യൂറോപ്യന്‍ നാടുകളിലേയ്ക്കാണ്. ജോലിയ്ക്കും മറ്റുമായി അവിടെയ്ക്ക് കുടിയേറിയവര്‍ പലരും അവിടെ കുടുംബമായി താമസിക്കുന്നു. അതിനാല്‍ തന്നെ ഇവിടെയുള്ള ബന്ധുക്കള്‍ അങ്ങോട്ടേയ്ക്ക് വല്ലപ്പോഴൊക്കെ ട്രിപ്പ് നടത്തുന്നത് സ്വഭാവികമാണ്. റോമിലും മറ്റും തീര്‍ത്ഥാടന നടത്തുന്ന ധാരാളം പേര്‍ നമ്മുടെ ഇടയിലുണ്ട്. അവിടെയാണ് മാര്‍പാപ്പ ഉള്ളത്. അതുകൊണ്ട് ക്രിസ്ത്യാനികളെ സംബന്ധിച്ച് പോകാന്‍ ആഗ്രഹിക്കുന്ന പ്രത്യേക സ്ഥലമാണ് ഇറ്റലിയൊക്കെ.
ഇവിടെയൊക്കെ വല്ലപ്പോഴും ഒക്കെ കാണാന്‍ പുറപ്പെടുന്ന മലയാളികള്‍ ഇന്ന് കൂടുതല്‍ ആയിരിക്കുന്നു. ഇവിടെയ്ക്ക് ഒക്കെ ആദ്യമായി ട്രിപ്പ് നടത്തുന്ന ഒരാള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് ഇങ്ങനെ ട്രിപ്പ് നടത്തി തിരിച്ചെത്തിയ ഒരാള്‍ കുറിച്ച കുറിപ്പാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. യൂറോപ്പിലേക്ക് ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദം എന്ന് കരുതുന്ന ചില കാര്യങ്ങള്‍ ആണ് കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. അത് യാത്ര വിവരണം ആയിട്ടല്ല കുറിച്ചിരിക്കുന്നത്. യൂറോപ്പിലേയ്ക്ക് ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങളിലേയ്ക്കാണ് ഇതില്‍ ഊന്നല്‍ നല്‍കുന്നത്.
കുറിപ്പില്‍ പറയുന്നത്:
വിസ - യൂറോപ്പിലെ ഏതാണ്ട് 29 രാജ്യങ്ങളിലേക്ക് പോകാന്‍ ഷെന്‍ഗന്‍ വിസ (Schengen) എടുത്താല്‍ മതിയാകും. നമ്മള്‍ ആദ്യം പോകുന്നത് ഏത് രാജ്യത്തെക്കാണോ, ആ രാജ്യം നല്‍കുന്ന ഷെന്‍ഗന്‍ വിസ ആണ് എടുക്കേണ്ടത്. ഞങ്ങള്‍ ആദ്യം പോയത് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ആയത് കൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് നല്‍കുന്ന ഷെന്‍ഗന്‍ വിസക്ക് ആണ് അപേക്ഷിച്ചത്. സ്വന്തമായി വിസ ആപ്ലിക്കേഷന്‍ നല്‍കാം എങ്കിലും ഏതെങ്കിലും ട്രാവല്‍ ഏജന്‍സി വഴി നല്‍കുന്നതാണ് നല്ലത്. പോകുന്ന സ്ഥലത്തെ ഹോട്ടല്‍ ബുക്കിംഗ്, ഫ്‌ലൈറ്റ് ടിക്കറ്റ് എല്ലാം ഡമ്മി ഉണ്ടാക്കി അവര്‍ തരും.
വിസക്ക് അപേക്ഷിക്കുമ്പോള്‍ അതെല്ലാം വേണം. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള എന്‍ഒസി, മൂന്ന് മാസത്തെ സാലറി സ്ലിപ്, 3 വര്‍ഷത്തെ ITR, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയവ നല്‍കണം. Fixed Deposit, Mutual ഫണ്ട് എന്നിവയില്‍ ഉള്ള തുകയെക്കാള്‍, അവര്‍ നോക്കുക നമ്മുടെ SB അക്കൗണ്ട് ബാലന്‍സ് ആയിരിക്കും. അതുകൊണ്ട് SB അക്കൗണ്ടില്‍ പരമാവധി തുക കാണിക്കുക. ഫ്‌ലൈറ്റ് ടിക്കറ്റ് നേരത്തെ ബ്ലോക്ക് ചെയ്യാന്‍ ഏജന്‍സിക്കാര്‍ക്ക് കഴിയും എന്നത് കൊണ്ട് അതും ട്രാവല്‍ ഏജന്‍സി വഴി ചെയ്യുന്നതാകും നല്ലത്.
നമ്മള്‍ ചെന്നിറങ്ങുന്ന രാജ്യത്ത് എമിഗ്രേഷനില്‍ നമ്മുടെ ട്രാവല്‍ പ്ലാന്‍, ഹോട്ടല്‍ ബുക്കിംഗ്, ട്രാവല്‍ ഇന്‍ഷുറന്‍സ്, തിരിച്ചുള്ള ഫ്‌ലൈറ്റ് ടിക്കറ്റ് എല്ലാം കാണിക്കേണ്ടി വരും. അതുകൊണ്ട് എല്ലാത്തിന്റെയും കോപ്പി കയ്യില്‍ കരുതുക. ഞങ്ങള്‍ പോയത് സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, വത്തിക്കാന്‍ സിറ്റി എന്നീ രാജ്യങ്ങളിലേക്ക് ആണ്. ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. 'യൂറോ' ഉപയോഗിക്കാം എങ്കിലും അവരുടെ നാണയം 'സ്വിസ് ഫ്രാങ്ക്' ആണ്. 97 ഇന്ത്യന്‍ രൂപ കൊടുത്താന്‍ ആണ് ഒരു സ്വിസ്സ് ഫ്രാങ്ക് ലഭിക്കുക. ഒരു കാപ്പി കുടിക്കണം എങ്കില്‍ കുറഞ്ഞത് 6 സ്വിസ് ഫ്രാങ്ക് നല്‍കണം. അതായത് ഏകദേശം 600 ഇന്ത്യന്‍ രൂപ..!
ഞങ്ങള്‍ താമസിച്ചത് Zurich ല്‍ ആണ്. Zurich നഗരത്തില്‍ ഹോട്ടലുകളില്‍ ഒരു ദിവസം ഏകദേശം 18000 മുതല്‍ 25000 രൂപ വരെ വരും. അത് കൂടാതെ ഏകദേശം 3000 രൂപ പ്രാദേശിക നികുതിയും നല്‍കണം. ഞങ്ങള്‍ താമസിച്ചത് Zurich നഗരത്തിനും - എയര്‍പോര്‍ട്ടിനും മധ്യത്തില്‍ ഉള്ള IBIS ഗ്രൂപ്പിന്റെ ബഡ്ജറ്റ് ഹോട്ടലില്‍ ആണ്. ഓഫര്‍ ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് 4 ദിവസത്തേക്ക് പ്രാദേശിക നികുതിയും, ബ്രേക്ക് ഫാസ്റ്റും ചേര്‍ത്ത് മോള്‍ക്ക് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഏതാണ്ട് 45000 രൂപയെ ആയുള്ളൂ. ബ്രേക്ഫാസ്റ്റ് കൂടി നല്‍കുന്ന ഹോട്ടലുകള്‍ മാത്രം തിരഞ്ഞെടുക്കുക. കാരണം പുറത്ത് നിന്ന് ഭക്ഷണം കഴിക്കുക എന്നത് വലിയ ചെലവ് ആണ്. ഹോട്ടല്‍ റൂമുകള്‍ എല്ലാം വളരെ ചെറുത് ആയിരിക്കും. ഉറങ്ങാം എന്ന് മാത്രം.
ഇന്ത്യയിലെ ഹോട്ടലുകള്‍ നല്‍കുന്ന സൗകര്യം ഒന്നും കാണില്ല. നമ്മുടെ ഫോണ്‍ adaptor കൊണ്ട് അവിടുത്തെ പ്ലഗ് പോയിന്റില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. അതിന് പ്രത്യേക adaptor മേടിക്കണം. രസകരമായ കാര്യം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഉപയോഗിക്കുന്ന adaptor മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റില്ല. അതിന് വേണ്ടി വേറെ adaptor വാങ്ങണം. രണ്ടും കൂടി വാങ്ങിയപ്പോള്‍ വില ഏതാണ്ട് 24 സ്വിസ് ഫ്രാങ്ക് ആയി (Rs. 2400/-)..! ഇന്ത്യന്‍ മൊബൈല്‍ ഫോണില്‍ ഇന്റര്‍നാഷണല്‍ റോമിങ്ങ് ആക്ടിവേറ്റ് ചെയ്ത് ഉപയോഗിക്കാം. അതിന് പ്രത്യേക പാക്കുകള്‍ ഉണ്ട്. ജിയോയുടെ 2900/- രൂപയുടെ പാക്ക് ആണ് ഞാന്‍ എടുത്തത്.
പോകുന്നതിന് മുന്‍പ് തന്നെ ഇന്റര്‍നാഷണല്‍ റോമിങ് ആക്റ്റീവ് ചെയ്യണം. നല്ല കത്തി റേറ്റ് ആണ്. ഫോണില്‍ ഉള്ള അനാവശ്യ ആപ്പുകള്‍ ഒക്കെ ഡിലീറ്റ് ചെയ്താല്‍ ഡാറ്റ ഉപയോഗം പരമാവധി കുറയ്ക്കാന്‍ കഴിയും. എല്ലായിടത്തും wifi സൗകര്യം ഉള്ളത് കൊണ്ട് അത് പരമാവധി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ചെലവ് കുറക്കാം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ എല്ലാം organized ആണ്. നമുക്ക് തന്നെ എല്ലാം ചെയ്യാവുന്നതേ ഉള്ളൂ. ഞങ്ങള്‍ക്ക് ഒരു സുഹൃത്തിന്റെ സഹായം ഉണ്ടായിരുന്നു. 'സ്വിസ്സ് പാസ്സ്' എന്ന ട്രാവല്‍ പാസ്സ് എടുത്താല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബസ്, ട്രെയിന്‍, ട്രാം, ബോട്ട് ഇവയില്‍ ഏതിലും യാത്ര ചെയ്യാം. 4 ദിവസത്തെ സ്വിസ്സ് പാസ്സ് എടുത്തപ്പോള്‍ ഒരാള്‍ക്ക് വന്നത് 295 സ്വിസ് ഫ്രാങ്ക് ആയിരുന്നു (Rs. 29000/-). ഫാമിലിക്ക് ഒപ്പമുള്ള കുട്ടികള്‍ക്ക് ഫ്രീ ആണ്.
സ്വിസ്സ് പാസ്സ് ഉപയോഗിച്ചാല്‍ നമ്മള്‍ പോകുന്ന സ്ഥലങ്ങളില്‍ കേബിള്‍ കാര്‍, മ്യൂസിയം തുടങ്ങിയ പല സ്ഥലങ്ങളിലും 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഭക്ഷണം ചെലവേറിയത് തന്നെയാണ്. എല്ലായിടത്തും സ്റ്റാര്‍ബക്‌സ്, മക്‌ഡോണള്‍ഡ്, ബര്‍ഗര്‍ കിങ്ങ് ഒക്കെ ഉള്ളത് കൊണ്ടും, യാത്രയില്‍ സമയം ലഭിക്കാനും, പൈസ ലഭിക്കാനും ഞങ്ങള്‍ കൂടുതലും തിരഞ്ഞെടുത്തത് ഇവയൊക്കെയാണ്. മൂന്ന് പേര്‍ ഒരു നേരത്തെ ഭക്ഷണം കഴിച്ചാല്‍ ഏകദേശം Rs. 2500 - 3000/- രൂപ ആകും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ എല്ലാം വളരെ സിസ്റ്റമാറ്റിക്ക് ആയത് കൊണ്ട് തന്നെ ദൂരം ഒന്നും ഒരു പ്രശ്‌നം അല്ല. ഒരു 5 ദിവസം കൊണ്ട് അത്യാവശ്യം സ്ഥലങ്ങള്‍ എല്ലാം കാണാന്‍ കഴിയും. ഇന്ത്യയിലെ പോലെ ആശുപത്രിയില്‍ ഓടി ചെന്നാല്‍ ഉടന്‍ മരുന്ന് ഒന്നും കിട്ടില്ല. അതുകൊണ്ട് അത്യാവശ്യം വേണ്ട മരുന്നുകള്‍ എല്ലാം കയ്യില്‍ കരുതുക.
ഊട്ടി, കൊടൈക്കനാല്‍ തണുപ്പ് അല്ല യൂറോപ്പില്‍ ഉള്ളത്. അതുകൊണ്ട് തണുപ്പ് കാലത്ത് യൂറോപ്പില്‍ പോകുന്നവര്‍ നല്ല ജാക്കറ്റ്, Winter cap, Winter neck warmer, Thermals (Top and pant), Quality boot, Winter socks, Winter gloves, Lip balm, moisturizer ഇവയൊക്കെ കരുതുക. തണുപ്പ് സമയത്താണ് പോകുന്നത് എങ്കില്‍ അധികം ഡ്രസ്സ് കൊണ്ടു പോകേണ്ട കാര്യം ഇല്ല. എന്ത് ഡ്രസ്സ് ഇട്ടാലും ജാക്കറ്റ് ഇടണം. ചെവിയില്‍ കാറ്റ് കയറിയാല്‍ പണി കിട്ടും. അതുകൊണ്ട് ചെവിയും, തൊണ്ടയും കവര്‍ ചെയ്യാന്‍ ശ്രമിക്കണം. ഇറ്റലിയില്‍ പോക്കറ്റടി വ്യാപകം ആണ്. വളരെ വലിയ ഗ്യാങ്ങ് ആണ്. പൊലീസില്‍ പരാതിപെട്ടിട്ട് ഒരു കാര്യവും ഇല്ല. കേരളത്തില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് റോമില്‍ പോയ ഒരു ബിഷപ്പിന്റെ 1000 യൂറോ, പാസ്‌പോര്‍ട്ട് എല്ലാം അടിച്ചു കൊണ്ടു പോയി. യാത്രയില്‍ പരിചയപ്പെട്ട, US ല്‍ താമസിക്കുന്ന ഒരു മലയാളി കുടുംബവും ഇതേപോലെ മോഷണത്തിന് ഇരയായി.
വെനീസില്‍ നിന്ന് റോമിലേക്ക് അല്ലാതെ, ഇറ്റലിയിലെ ഞങ്ങളുടെ യാത്ര കാറില്‍ ആയിരുന്നു. ഞങ്ങള്‍ താമസിച്ചത് സിസ്റ്റര്‍മാരുടെ കോണ്‍വെന്റില്‍ ആയിരുന്നു. ജാക്കറ്റിന്റെ മുന്നിലെ പോക്കറ്റില്‍ കുറച്ച് യൂറോയും, ക്രെഡിറ്റ് കാര്‍ഡും ഇട്ടായിരുന്നു ഇറ്റലിയിലെ യാത്ര. മിലാനില്‍ ഒരു സുഹൃത്ത് ഏര്‍പ്പാട് ആക്കിയ സ്ഥലത്ത് ആയിരുന്നു താമസം, റോമില്‍ സിസ്റ്റര്‍മാര്‍ നടത്തുന്ന കോണ്‍വെന്റിലും. കറന്‍സി ആയി കുറച്ച് സ്വിസ് ഫ്രാങ്ക്, യൂറോയും കരുതിയിരുന്നു. പക്ഷെ എല്ലായിടത്തും കാര്‍ഡ് ഉപയോഗിക്കാം. അതുകൊണ്ട് കറന്‍സി അധികം ഉപയോഗിക്കേണ്ടി വന്നില്ല. പ്രീപെയ്ഡ് Forex കാര്‍ഡ് അല്ലെങ്കില്‍ കണ്‍വെര്‍ഷന്‍ ചാര്‍ജ് ഇല്ലാത്ത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതാണ് നല്ലത്. സ്വിറ്റ്‌സര്‍ലന്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറ്റലി വളരെ ചീപ്പ് ആണ്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു കോഫിക്ക് 600 ഇന്ത്യന്‍ രൂപ കൊടുക്കണം എങ്കില്‍ ഇറ്റലിയില്‍ അത് 150 രൂപ മതിയാകും. അതുപോലെ ഇറ്റലിയില്‍ ഭക്ഷണത്തിന് നിരവധി ഓപ്ഷന്‍സ് ഉണ്ട്. വൈവിദ്ധ്യം നിറഞ്ഞ ഭക്ഷണം ഇഷ്ട്ടപെടുന്നവര്‍ക്ക് ഇറ്റലി നല്ല ഓപ്ഷന്‍ ആണ്. ഇറ്റലിയില്‍ മലയാളി ഹോട്ടലുകള്‍ ഉണ്ട്. മൂന്ന് പേര്‍ക്ക് ഏകദേശം 30 യൂറോ (2700 രൂപ )ക്ക് കേരള മീന്‍ കറിയും, അങ്കമാലി മാങ്ങാ കറിയും ഒക്കെ കൂട്ടി നല്ല കിടിലന്‍ ഊണ് കഴിക്കാം. സ്വിറ്റ്‌സര്‍ലണ്ടിലും, ഇറ്റലിയിലും സുഹൃത്തുക്കള്‍ ഉള്ളത് കൊണ്ട് ഒത്തിരി സഹായം ലഭിച്ചു. രണ്ട് മൂന്ന് ദിവസം ഭക്ഷണം സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നായിരുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ കപ്പയും മീന്‍ കറിയും ഉള്‍പ്പെടെ ഗംഭീര ഡിന്നര്‍ തന്നെയാണ് സുഹൃത്തും കുടുംബവും ഒരുക്കിയത്. ഇറ്റലിയിലെ മിലാനിലും അടിപൊളി ഭക്ഷണം ആയിരുന്നു സുഹൃത്തിന്റെ വീട്ടില്‍. (അവരുടെ സ്വകാര്യതയെ മാനിക്കേണ്ടത് കൊണ്ട് അവരെ ടാഗ് ചെയ്യുന്നില്ല) വത്തിക്കാനില്‍ മാര്‍പ്പാപ്പയെ കാണണം എങ്കില്‍ എല്ലാ ബുധനാഴ്ചകളിലും രാവിലെ 7.30 മുതല്‍ ആണ് സമയം (PAPAL AUDIENCE). രാവിലെ 8.30 ന് മാര്‍പാപ്പ തുറന്ന വാഹനത്തില്‍ സൈന്റ്‌റ് പീറ്റേഴ്‌സ് സ്‌ക്വറില്‍ എത്തും. അതിന് ടിക്കറ്റ് വേണം എങ്കിലും, ടിക്കറ്റ് ഇല്ലാതെയും ചിലപ്പോള്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കും. പല സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ സഹായം ഉള്ളത് കൊണ്ട് കുറെ ചെലവുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞു.
ഉദാഹരണത്തിന് 'മിലാനിലെ ' ഡോമോ പള്ളിയില്‍ പോയപ്പോള്‍ ടിക്കറ്റ് എടുക്കണം. ഒരാള്‍ക്ക് 25 യൂറോ എന്തോ ആയിരുന്നു. സുഹൃത്ത് പറഞ്ഞു 'അവിടെ നില്‍ക്കുന്ന സെക്യൂരിറ്റിയോട് പറഞ്ഞാല്‍ മതി 'പ്രാര്‍ത്ഥിക്കാന്‍ വന്നതാണ് ' എന്ന്. അതുപോലെ പറഞ്ഞു, ടിക്കറ്റ് എടുക്കാതെ തന്നെ പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു. സുഹൃത്ത് ഇല്ലായിരുന്നു എങ്കില്‍ ഞങ്ങള്‍ക്ക് ഏകദേശം 75 യൂറോ ചെലവായേയേനെ. ഗ്രൂപ്പ് ആയി അല്ലെങ്കില്‍ പാക്കേജ് എടുത്ത് പോകുന്നതാണോ നല്ലത് എന്ന് ചോദിച്ചാല്‍, ഗ്രൂപ്പ് അല്ലെങ്കില്‍ പാക്കേജ് ടൂര്‍ പോയാല്‍ നമ്മള്‍ ഗൈഡിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും. അവരാണ് നമ്മള്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത്.
നമുക്ക് താല്പര്യം ഇല്ലെങ്കിലും ചിലയിടത്ത് പോകേണ്ടി വരും. യാത്ര മുഴുവന്‍ ഓട്ടപ്രദിക്ഷിണം ആയിരിക്കും. പേരിന് കുറെ സ്ഥലങ്ങള്‍ കണ്ടു എന്ന് വരുത്തും. അതുപോലെ തന്നെ ചെലവും കൂടുതല്‍ ആയിരിക്കും. വിദേശത്തുള്ള സുഹൃത്തുക്കള്‍, ഒത്തിരി യാത്ര നടത്തിയവര്‍ ഒക്കെ ഫ്രണ്ട്സ് സര്‍ക്കിളില്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ ചോദിച്ചും, നമ്മള്‍ തന്നെ കുറച്ചു ഗവേഷണം നടത്തിയും ഒക്കെ യാത്ര ചെയ്യാം. അതാണ് കൂടുതല്‍ മികച്ചതും, ചെലവ് കുറവും. യാത്രയുടെ ചെലവ് പൂര്‍ണമായും നമ്മുടെ രീതികള്‍ പോലെ ഇരിക്കും. 3 പേര്‍ക്ക് 5 ലക്ഷം രൂപ മുടക്കിയും സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, വത്തിക്കാന്‍ സിറ്റി എന്നീ രാജ്യങ്ങള്‍ കണ്ടുവരാം, അതുപോലെ 10 ലക്ഷം മുടക്കിയും പോയി വരാം. ഞാന്‍ എഴുതിയത് ഞങ്ങളുടെ യാത്രയില്‍ ചെയ്ത കാര്യങ്ങളും, ഉണ്ടായ അനുഭവങ്ങളും ആണ്'.
ഇതാണ് ആ കുറിപ്പ്. ഇത് യൂറോപ്യന്‍ ട്രിപ്പ് നടത്തുന്ന എല്ലാവര്‍ക്കും ഉപകാരപ്പെടട്ടെ. കൂടുതല്‍ പേരിലേയ്ക്ക് ഇത് ഷെയര്‍ ചെയ്യുമല്ലോ. പ്രായമായവര്‍ക്കും ഇത് കൂടുതല്‍ പ്രയോജനപ്പെടുമെന്നത് തീര്‍ച്ചയാണ്.
#EuropeTravel #SchengenVisa #Switzerland #Italy #TravelTips #BudgetTravel