Fines | 'നദി മുതൽ സമുദ്രം വരെ' എന്ന മുദ്രാവാക്യം വിളിച്ചു; ജർമനിയിൽ യുവതിക്ക് വൻ പിഴ; എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്?
ഗസ്സ യുദ്ധം ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 11 ന് ബെർലിനിലെ ന്യൂകോൽൻ ജില്ലയിൽ നടന്ന പ്രകടനത്തിനിടെയാണ് യുവതി ഈ മുദ്രാവാക്യം മുഴക്കിയത്.
ബെർലിൻ: (KVARTHA) ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ ‘നദി മുതൽ സമുദ്രം വരെ, ഫലസ്തീൻ സ്വതന്ത്രമാകും’ എന്ന മുദ്രാവാക്യം മുഴക്കിയതിന് ജർമനിയിൽ 22-കാരിയായ യുവതിക്ക് 655 ഡോളർ പിഴ (ഏകദേശം 55 ,000 രൂപ) വിധിച്ച് കോടതി. അതേസമയം യുവതിയുടെ അഭിഭാഷകൻ അലക്സാണ്ടർ ഗോർസ്കി ഇത് സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് വിമർശിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ഇരുണ്ട ദിവസമാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഗസ്സ യുദ്ധം ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 11 ന് ബെർലിനിലെ ന്യൂകോൽൻ ജില്ലയിൽ നടന്ന പ്രകടനത്തിനിടെയാണ് യുവതി ഈ മുദ്രാവാക്യം മുഴക്കിയത്. ഗസ്സയിലെ ഇസ്രാഈൽ ആക്രമണത്തിൽ ഇതുവരെ കുറഞ്ഞത് 39,653 പേർ കൊല്ലപ്പെടുകയും രണ്ട് ദശലക്ഷത്തിലധികം പേരെ പട്ടിണിയുടെ വക്കിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.
എന്താണ് 'നദി മുതൽ സമുദ്രം വരെ' മുദ്രാവാക്യം?
ഫലസ്തീനിയൻ ദേശീയതയുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ് ഇത്. ഭൂമിശാസ്ത്രപരമായി ജോർദാൻ നദിക്കും മെഡിറ്ററേനിയൻ കടലിനും ഇടയിലുള്ള പ്രദേശത്തെ സൂചിപ്പിക്കുന്നു, അതിൽ ഇസ്രാഈൽ, വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവ ഉൾപ്പെടുന്നു. 'ഫലസ്തീൻ സ്വതന്ത്രമാകും' എന്ന വാക്കുകൾ കൂടിച്ചേർന്നാൽ, ഈ മുദ്രാവാക്യം ഫലസ്തീൻ വിമോചനത്തിനും ഇസ്രാഈൽ, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവിടങ്ങളിലെ ഫലസ്തീനുകൾക്ക് തുല്യാവകാശത്തിനും വേണ്ടിയുള്ള ആഹ്വാനമായി കണക്കാക്കുന്നു.
അതേസമയം, ഈ മുദ്രാവാക്യം ഇസ്രാഈലിന്റെ നാശത്തിനുള്ള ആഹ്വാനമായും പലരും വ്യാഖ്യാനിക്കുന്നു. ഇസ്രാഈലിനെ നശിപ്പിക്കുക എന്ന മുദ്രാവാക്യമാണ് ഇതെന്നാണ് ഇസ്രാഈൽ അനുകൂലികൾ വാദിക്കുന്നത്. നവംബറിൽ ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫെയ്‌സർ ഈ വാചകം നിയമവിരുദ്ധമാക്കി. നിലവിൽ ജോർദാൻ നദിക്കും മെഡിറ്ററേനിയൻ കടലിനുമിടയിലുള്ള മുഴുവൻ പ്രദേശവും ഇസ്രാഈൽ നിയന്ത്രണത്തിലാണ്.