വിശപ്പിനെ അതിജീവിച്ച് ഒരു സന്ദേശം; കുപ്പികളിലൂടെ ഗാസയ്ക്ക് ആശ്വാസം


● 'നിങ്ങളുടെ ക്ഷമക്ക് അല്ലാഹുവിൽ നിന്നുള്ള സഹായം ഉറപ്പ്' എന്ന് സന്ദേശം.
● മൂന്നാം ദിവസം ഗാസയിൽ നിന്ന് 10 കുപ്പികൾ തീരത്ത് എത്തിയെന്ന് ഡോക്ടറുടെ സന്ദേശം.
● കുട്ടികളും അമ്മമാരും സാറയ്ക്ക് നന്ദി പറഞ്ഞു.
ദുബൈ: (KVARTHA) യുദ്ധം തകർത്ത ഗാസ മുനമ്പിലെ വിശപ്പും ദുരിതവും മനസ്സിനെ വല്ലാതെ ഉലച്ചപ്പോൾ, ഈജിപ്ഷ്യൻ മനുഷ്യാവകാശ പ്രവർത്തകയായ സാറ അൽഅക്കാരിക്ക് തുടർച്ചയായി രണ്ട് രാത്രികൾ ഉറങ്ങാൻ കഴിഞ്ഞില്ല. ഗാസയിൽ നിന്നുള്ള ഓരോ വാർത്തയും സാവധാന മരണത്തിന്റെ ഒരു ചലച്ചിത്രം കാണുന്നപോലെയായിരുന്നു അവർക്ക്. വിശന്ന് വിരൽ വായിലിടുന്ന പെൺകുട്ടിയെയും, വിശപ്പാൽ ബോധരഹിതരായ കുട്ടികളെ കെട്ടിപ്പിടിച്ച് നിൽക്കുന്ന അമ്മയെയും, ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതുകൊണ്ട് വഴിയിൽ കുഴഞ്ഞുവീഴുന്ന വൃദ്ധനെയും അവർ സ്വപ്നത്തിൽ കണ്ടു. അധികാരമോ, ആയുധങ്ങളോ, ദുരിതാശ്വാസ വിമാനമോ അയക്കാൻ കഴിയാത്ത നിസ്സഹായതയിൽ അവരുടെ ഹൃദയം ഗാസയിലെ വിശപ്പറിയുന്നവരോടൊപ്പം വേദനിച്ചു. ആ നിസ്സഹായത നെഞ്ചിൽ ഒരു ഭാരമായി തങ്ങിനിന്നപ്പോൾ, അവർക്കൊരു ആശയം മനസ്സിലുദിച്ചു.

ഇന്റർനെറ്റിൽ കണ്ട, വിചിത്രമെന്ന് തോന്നാവുന്ന, ഒരുപക്ഷേ നിഷ്കളങ്കമായ ഒരു ആശയം – മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാൾ ഒരു വൈക്കോൽത്തുരുമ്പിൽ പിടിക്കുന്നതുപോലെ സാറ ആ ആശയത്തിൽ മുറുകെ പിടിച്ചു. വീട്ടിലുണ്ടായിരുന്നതും പരിചയക്കാരുടെ കൈയ്യിൽ നിന്നും കിട്ടിയതുമായ അരിയും പരിപ്പും പയറും അവർ ശേഖരിച്ചു. വൃത്തിയുള്ള പ്ലാസ്റ്റിക് കുപ്പികളിൽ അവ നിറച്ചു. കുപ്പികൾ ലക്ഷ്യസ്ഥാനത്ത് തെറ്റാതെ എത്താൻ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് അവയുടെ മൂടികൾ ദൃഢമായി അടച്ചു. ഓരോ കുപ്പിയിലും ഒരു ചെറിയ കടലാസ് വെച്ചു, അതിൽ ഇങ്ങനെ എഴുതി: 'ക്ഷമിക്കുക, നിങ്ങളുടെ ക്ഷമക്ക് അല്ലാഹുവിൽ നിന്നുള്ള സഹായം ഉറപ്പ്'. അവസാനം തന്റെ പേരും നമ്പറും എഴുതി. ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ, അവരെക്കുറിച്ച് ഇപ്പോഴും ഓർക്കുന്ന ഒരു ഹൃദയമുണ്ടെന്ന് അവർ അറിയാൻ മാത്രമായിരുന്നു അത്.
ഇതൊരു യുക്തിരഹിതമായ കാര്യമാണെന്ന് സാറയ്ക്ക് നന്നായി അറിയാമായിരുന്നു. കാറ്റ് കുപ്പികളെ ഗാസയിലേക്ക് എത്തിക്കുന്നതിനു പകരം ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുമോ, കടൽ വെള്ളം കുപ്പികളിലേക്ക് കയറി ഭക്ഷണം കേടുവരില്ലെന്ന് ആരുറപ്പുവരുത്തും, കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും ഉപരോധിക്കപ്പെട്ടവർക്ക് ഒന്നോ രണ്ടോ പത്തോ കുപ്പികൾ എടുക്കാൻ ആവശ്യത്തിന് സമയമോ ബോട്ടോ അവിടെയുണ്ടെന്ന് ആരാണ് പറഞ്ഞത്? എന്നിട്ടും അവർ അത് ചെയ്തു. നിറഞ്ഞ കണ്ണുകളോടെ അവ കടലിലേക്ക് എറിഞ്ഞു, എന്നിട്ട് മണലിൽ ഇരുന്ന് കരഞ്ഞു. അവ അവിടെ എത്തുമെന്ന് വിശ്വസിച്ചതുകൊണ്ടായിരുന്നില്ല, മറിച്ച് തന്റെ ഉള്ളിലെ നിസ്സഹായതയുടെ ശബ്ദം അടക്കാൻ ശ്രമിച്ചതുകൊണ്ടായിരുന്നു, പക്ഷേ അത് അടങ്ങിയില്ല!
ഒന്നാം ദിവസവും രണ്ടാം ദിവസവും കടന്നുപോയി. മൂന്നാം ദിവസം രാവിലെ, അവർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചത്. ഫോണിൽ നിറയെ സന്ദേശങ്ങൾ! ഡസൻ കണക്കിന് സന്ദേശങ്ങൾ! അവയിൽ ആദ്യത്തേത് ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തിലെ ഡോക്ടറിൽ നിന്നായിരുന്നു. അവർ ഇങ്ങനെ എഴുതി: 'നിങ്ങളുടെ പത്ത് കുപ്പികൾ തീരത്ത് എത്തി. നിരവധി കുടുംബങ്ങൾ വയറുനിറയെ ഭക്ഷണം കഴിച്ചു, അത് അയച്ചവർക്ക് ദൈവം അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.'
പിന്നെ മറ്റൊരു സന്ദേശം: 'രണ്ട് കുട്ടികൾ നിങ്ങളുടെ കുപ്പിയും അതിലെഴുതിയ പേപ്പറും കയ്യിലെടുത്തു, നിങ്ങളുടെ പേര് ഉമ്മവെക്കുന്നത് ഞാൻ കണ്ടു. അവർ വിറയുന്ന ശബ്ദത്തിൽ പറയുന്നുണ്ടായിരുന്നു: അല്ലാഹുവിന്റെ മുന്നിൽ നിൽക്കുമ്പോൾ, ഞങ്ങൾ നിങ്ങളെക്കുറിച്ച് പറയും... ഞങ്ങൾക്കുവേണ്ടി നിങ്ങൾ ചെയ്തതിനെക്കുറിച്ച് ഞങ്ങൾ പറയാതിരിക്കില്ല.' ആ സന്ദേശം വായിച്ച് സാറ പൊട്ടിക്കരഞ്ഞു. ആയിരം വർഷം നിസ്സഹായത ചുമന്ന ഒരാൾക്ക് പെട്ടെന്ന് ഭാരം ഇറക്കിവെച്ചപോലെ അവർ വീണ്ടും കരഞ്ഞു. ഇത്ര ചെറിയൊരു ശ്രമം അവിടെ എത്തുമെന്ന് അവർക്കറിയില്ലായിരുന്നു, പക്ഷേ അതവിടെയെത്തി!
ഓരോ സന്ദേശവും വായിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരുമ്മ എനിക്കയച്ച മറ്റൊരു സന്ദേശവും ഉണ്ടായിരുന്നു, അതിൽ ഇങ്ങനെ പറയുന്നു: 'പുലർച്ചെ കടൽത്തീരത്ത് ഞങ്ങൾ കുപ്പി കണ്ടെത്തി. എന്റെ ആറ് വയസ്സുകാരൻ മകൻ അതൊരു കളിപ്പാത്രമാണെന്ന് കരുതി, പക്ഷേ അവൻ അത് തുറന്നു. അതിൽ അരി കണ്ടപ്പോൾ ഒരു നിധി കണ്ടെത്തിയവനെപ്പോലെ എന്റെ അടുത്തേക്ക് സന്തോഷത്തോടെ ഓടിവന്നു. ഞങ്ങൾ ആ ചെറിയ ഭക്ഷണ വസ്തുവിന് ചുറ്റും ഇരുന്നു, ഞാനത് വേഗത്തിൽ പാചകം ചെയ്തു, നിങ്ങൾക്കുവേണ്ടി കുറെ പ്രാർത്ഥിച്ചു. പാചകം ചെയ്യുമ്പോൾ, അതൊരു കേവലം അരിയായിരുന്നില്ല, മറിച്ച് എന്റെ മക്കളെ സ്നേഹിക്കുകയും ഞങ്ങളെക്കുറിച്ച് ഓർക്കുകയും ചെയ്യുന്ന ദൂരെനിന്നുള്ള ഒരാൾ തന്ന സമ്മാനമാണെന്നാണ് എനിക്ക് തോന്നിയത്.'
പിന്നെ അവർക്കൊരു കുട്ടിയുടെ ശബ്ദസന്ദേശം ലഭിച്ചു, അവന്റെ ശബ്ദം വളരെ ക്ഷീണിച്ചതായിരുന്നു, പക്ഷേ അവൻ വളരെ സന്തോഷത്തിലായിരുന്നു, അവൻ പറഞ്ഞതിങ്ങനെ: 'ഇത്താ, എന്റെ പേര് ആദം... നിങ്ങളുടെ കുപ്പി എനിക്ക് കിട്ടി. ഞങ്ങൾ എല്ലാവരും അതിൽ നിന്ന് കഴിച്ചു, അത് വളരെ നല്ല സമ്മാനമായിരുന്നു, അതിലെഴുതിയ നിങ്ങളുടെ പേര് ഒരു പേപ്പറിൽ എഴുതി എന്റെ തലയുടെ അടുത്ത് തൂക്കിയിട്ടു.' അവസാനത്തെ സന്ദേശം ഒരു പെൺകുട്ടിയുടേതായിരുന്നു, അവൾ അതിൽ പറയുന്നു: 'നിങ്ങൾ കടലിലെറിഞ്ഞ ആ ചെറിയ കുപ്പികൾ വെറും ഭക്ഷണമല്ലായിരുന്നു, അവ രക്ഷാസന്ദേശങ്ങൾ പോലെയായിരുന്നു. വരണ്ട ഭൂമിയിൽ മഴത്തുള്ളികൾ പോലെ അത് ഞങ്ങളിലേക്ക് പെയ്തിറങ്ങി.'
അതെ, അവർക്ക് ഭക്ഷണത്തിന് മാത്രമല്ല വിശപ്പുണ്ടായിരുന്നത്, ലോകം ഇപ്പോഴും അവരെ ഓർക്കുന്നുണ്ടെന്നും, അവർ ഒറ്റയ്ക്കല്ലെന്നും, അവരെ സ്നേഹിക്കുന്നവരും അവർക്കുവേണ്ടി കടലിലെറിഞ്ഞു കൊണ്ടെങ്കിലും ഭക്ഷണമെത്തിക്കുന്ന ആദർശ സഹോദരന്മാരുണ്ടെന്നും അവരറിഞ്ഞു. അരിമണിക്ക് വിശപ്പും ഉപരോധവും തളർത്തിയ ദൂരെയുള്ള ഹൃദയത്തിൽ പ്രതീക്ഷയുടെ വൃക്ഷം മുളപ്പിക്കാൻ കഴിയുമെന്ന് സാറ അറിഞ്ഞിരുന്നില്ല. നനഞ്ഞ കടലാസിലെ ലളിതമായ കൈയ്യൊപ്പ്, ഗാസയിലെ ഒരു വീടിന്റെയോ കൂടാരത്തിന്റെയോ ചുമരിൽ നിസ്സഹായതയിൽ നിന്നുള്ള രക്ഷയുടെ മെഡൽ പോലെ തൂങ്ങുമെന്ന് അവർക്കറിയില്ലായിരുന്നു.
ചിന്തകളും യാഥാർത്ഥ്യങ്ങളും
ഇത്രയും എഴുതിയെങ്കിലും, ഇത് സാറയുടെ മാത്രം അനുഭവമായിരുന്നില്ല. മറിച്ച് ഈജിപ്റ്റിലെ കടൽ തീരത്ത് താമസിക്കുന്ന പല ആളുകളും കമന്റുകളിലൂടെയും സന്തോഷവും വേദനയും നിറഞ്ഞ പോസ്റ്റുകളിലൂടെയും പങ്കുവെച്ച ഒരാശയമായിരുന്നു ഇത്. സാറ ദീർഘനേരം ചിന്തിച്ചു. നമ്മുടെ ഉള്ളിൽ ആഴത്തിൽ സ്പർശിക്കുന്ന ഒന്നിനെ, അതായത് ദുരന്തത്തിന് മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കാതിരിക്കാനുള്ള നമ്മുടെ കുട്ടിക്കാലത്തെ ആഗ്രഹത്തെ അത് തൊട്ടുനിൽക്കുന്നു.
ഒരുപക്ഷേ ഈ ആശയം മനോഹരമാണ്. അതെ, ഭാവനയുടെ ലോകത്ത് അല്ലെങ്കിൽ ഒരു നോവലിലെ ഒരു താളിൽ ഇത് മനോഹരമാണ്, പക്ഷേ ഇത് വിശന്നവനെ തൃപ്തിപ്പെടുത്തുകയോ ഉപരോധം തകർക്കുകയോ ഷെല്ലാക്രമണം തടയുകയോ ഇല്ലെന്ന് ഉറപ്പാണ്. ഗാസയ്ക്ക് കടലിൽ അലയുന്ന വെറും ഭക്ഷണക്കുപ്പിയല്ല വേണ്ടത്. മറിച്ച് ലോകം മുഴുവൻ ഉണരണം, ഈ ബോധപൂർവ്വമായ സായുധ അടിച്ചമർത്തൽ തകർക്കണം, കമ്പിവേലികൾക്ക് പിന്നിൽ ശ്വാസം മുട്ടിക്കുന്ന പാപകരമായ കൈകളെ തടയണം. ഗാസയ്ക്ക് അവരുടെ അവകാശങ്ങൾ തിരികെ ലഭിക്കണം, ദൂരെ നിന്ന് എറിയുന്ന അല്പം ധാന്യമല്ല.
കുപ്പിയുടെ ആശയം വാസ്തവത്തിൽ ഒരു രൂപകമായിരുന്നു, 'ഞാൻ ശ്രമിച്ചു' എന്ന് പറയാനുള്ള ഒരു ആന്തരിക ആഗ്രഹം. പക്ഷേ യഥാർത്ഥ ശ്രമം കടലിൽ ഭക്ഷണം എറിയുന്നതിലൂടെയല്ല; മറിച്ച് ഉറക്കെ ഈ കാടത്തത്തിനെതിരെ ശബ്ദമുയർത്തുന്നതിലൂടെയാണ്, അവർക്ക് വേണ്ട യഥാർത്ഥ പിന്തുണ നൽകുന്നതിലൂടെയാണ്. ഈ ആളുകളെ നമ്മുടെ ചിന്തകളിൽ മാത്രമല്ല, നമ്മുടെ പ്രവൃത്തികളിലും, ഭാവനയിലുമല്ല, നമ്മുടെ ബോധത്തിൽ ഉൾക്കൊള്ളുന്നതിലൂടെയാണ്. അതുവരെ, ഭാവന യാഥാർത്ഥ്യത്തിന് സമാന്തരമായ പാതയായിരിക്കും, അത് വിശന്നവന് ഭക്ഷണം നൽകില്ല, അടിച്ചമർത്തപ്പെട്ടവന് നീതി നൽകില്ല, അതിനാൽ പ്രാർത്ഥനകളിൽ അവരെ ചേർത്ത് നിർത്താൻ ശ്രദ്ധിക്കുക!
ഗാസയെ നമ്മൾ എപ്പോഴും അറിഞ്ഞതുപോലെ അവരുടെ കൂടെയുണ്ടാവണം. വിശപ്പിനേക്കാൾ വലുതും, ബന്ധങ്ങളേക്കാൾ ശക്തവുമായ ഐക്യദാർഢ്യം. എല്ലാ ഗൂഢാലോചനകളെയും അതിജീവിക്കുന്നതാവണമത്. നമ്മൾക്ക് കഴിയാത്ത കാര്യങ്ങൾക്കല്ല, മറിച്ച് കഴിവുണ്ടായിട്ടും നമ്മൾ നിശ്ശബ്ദരായിരുന്ന കാര്യങ്ങൾക്കായിരിക്കും ഒരു ദിവസം നമ്മൾ ചോദ്യം ചെയ്യപ്പെടുന്നത്.
(അറബിയിൽ നിന്ന് മൊഴിമാറ്റം: ഖാസിം ഉടുമ്പുന്തല)
ഈജിപ്ഷ്യൻ വനിതയുടെ ഈ പ്രവൃത്തിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: Egyptian woman sends hope to Gaza via 'bottles of love' in sea.
#GazaHope #HumanitarianGesture #EgyptForGaza #BottlesOfLove #PalestineAid #Solidarity