● ഡമാസ്കസ് പിടിച്ചടക്കിയതായി പ്രഖ്യാപിച്ച് വിമതർ.
● അസദിന്റെ കുടുംബ ഭരണം അവസാനിച്ചു.
● അസദ് ഒടുവിൽ ചരിത്രത്തിലേക്ക് മറയുന്നു
ഡമാസ്കസ്: (KVARTHA) സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ 24 വർഷത്തെ ഭരണത്തിന് അന്ത്യമായിരിക്കുകയാണ്. വിമതരുടെ ആക്രമണത്തെ തുടർന്ന് തലസ്ഥാനമായ ഡമാസ്കസിൽ നിന്ന് അജ്ഞാത സ്ഥലത്തേക്ക് അസദ് രക്ഷപ്പെട്ടതായി രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഡമാസ്കസ് പിടിച്ചടക്കിയതായി പ്രഖ്യാപിച്ച വിമതർ രാജ്യം 'സ്വേച്ഛാധിപതിയായ ബാഷർ അൽ-അസദിൽ നിന്ന് മുക്തമായി' എന്ന് അവകാശപ്പെട്ടു. അരനൂറ്റാണ്ട് നീണ്ട അസദിന്റെ കുടുംബ ഭരണം അവസാനിച്ചുവെന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. വിമതർ പിടിച്ചടക്കിയ നഗരങ്ങളിൽ അസദിൻ്റെ പിതാവിൻ്റെയും സഹോദരന്റെയും പ്രതിമകൾ തകർത്തു. പരസ്യബോർഡുകളിലും സർക്കാർ ഓഫീസുകളിലും അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ വലിച്ചുകീറുകയോ കത്തിക്കുകയോ ചെയ്തിട്ടുണ്ട്.
ആരാണ് ബാഷർ അൽ-അസദ്?
ദാരിദ്ര്യത്തിൽ നിന്ന് ഉയർന്ന് ബാത്ത് പാർട്ടിയെ നയിക്കുകയും 1970-ൽ അധികാരം പിടിച്ചെടുക്കുകയും ചെയ്ത ഹഫീസ് അൽ-അസദിൻ്റെ മകനാണ് ബാഷർ അൽ-അസദ്. 1965 സെപ്റ്റംബർ 11 ന് ജനിച്ച ബശാർ അൽ അസദ്, സിറിയയുടെ മുൻ പ്രസിഡന്റ് ഹഫീസ് അൽ അസദിന്റെയും അനീസയുടെയും രണ്ടാമത്തെ മകനാണ്. ഹഫീസ് അൽ അസദ് സിറിയൻ സൈന്യത്തിലൂടെയും അലവൈറ്റ് രാഷ്ട്രീയ പാർട്ടിയിലൂടെയും അധികാരത്തിലെത്തി 1970-ൽ സിറിയയുടെ നിയന്ത്രണം ഏറ്റെടുത്തു.
ഡമാസ്കസിലെ അറബ്-ഫ്രഞ്ച് അൽ-ഹുറിയ സ്‌കൂളിൽ പഠിച്ച ബശാർ അൽ-അസ്സദ് ഇംഗ്ലീഷും ഫ്രഞ്ചും നന്നായി സംസാരിക്കാൻ പഠിച്ചു. 1982 ൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഡമാസ്കസ് യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠനം തുടർന്നു, 1988 ൽ ബിരുദം നേടി. ഉപരിപഠനത്തിനായി 1992-ൽ ലണ്ടനിലേക്ക് വെസ്റ്റേൺ ഐ ഹോസ്പിറ്റലിലേക്ക് പോയി. ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ സാധാരണ ജീവിതം നയിച്ചിരുന്ന അദ്ദേഹം അന്ന് രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിച്ചിരുന്നില്ല.
പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വഴി
1994-ൽ 33-ാം വയസ്സിൽ ജ്യേഷ്ഠൻ ബേസിൽ ഒരു കാർ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് ലണ്ടനിൽ നിന്ന് ഡമാസ്കസിലേക്ക് മടങ്ങാൻ അസദ് നിർബന്ധിതനായി. 29-ാം വയസ്സിൽ തന്റെ സഹോദരനെ നഷ്ടപ്പെട്ട അദ്ദേഹം, നോർത്ത് ഡമാസ്‌കസിൽ സ്ഥിതി ചെയ്യുന്ന ഹോംസിലെ സൈനിക അക്കാദമിയിൽ പ്രവേശിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ലെഫ്റ്റനൻ്റ് കേണലായി പെട്ടെന്ന് റാങ്കുകളിലൂടെ മുന്നേറി 1999 ജനുവരിയിൽ കേണലായി സ്ഥാനക്കയറ്റം ലഭിച്ചു.
ഈ കാലഘട്ടത്തിൽ അദ്ദേഹം പൗരന്മാരുടെ അപ്പീലുകൾ കേൾക്കുകയും അഴിമതിക്കെതിരായ പ്രചാരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. 2000 ജൂൺ 10-ന് പിതാവ് ഹഫീസ് അൽ-അസാദ് മരിച്ചപ്പോൾ, സിറിയൻ പാർലമെൻ്റ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളുടെ കുറഞ്ഞ പ്രായം 40 ൽ നിന്ന് 34 ആയി കുറയ്ക്കാൻ വോട്ട് ചെയ്തു. ഇത് അസദിന് ഓഫീസിലേക്ക് യോഗ്യത നേടാൻ സഹായിച്ചു. 2000 ജൂലൈ 11 ന് അദ്ദേഹം അധികാരമേറ്റെടുത്തു.
ബാത്ത് പാർട്ടിയുടെ നേതാവും സൈന്യത്തിൻ്റെ കമാൻഡർ ഇൻ ചീഫുമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗികമായി 97 ശതമാനത്തിലധികം വോട്ടുകൾ നേടിയ അദ്ദേഹം പ്രസിഡൻ്റായി. ഉദ്ഘാടന പ്രസംഗത്തിൽ സാമ്പത്തിക ഉദാരവൽക്കരണത്തോടുള്ള തൻ്റെ പ്രതിബദ്ധത സ്ഥിരീകരിക്കുകയും ചില രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
വെല്ലുവിളികൾ നേരിട്ട ഭരണം
അന്താരാഷ്ട്രതലത്തിൽ അസദ് ഏറെ വെല്ലുവിളികൾ നേരിട്ടു. ഇസ്രാഈലുമായുള്ള അസ്ഥിരമായ ബന്ധം, ലെബനനിലെ സൈനിക അധിനിവേശം, ജലാവകാശത്തെച്ചൊല്ലി തുർക്കിയുമായുള്ള തർക്കങ്ങൾ എന്നിവയായിരുന്നു പ്രധാനം. 2000-ൽ ലെബനനിൽ നിന്ന് ക്രമേണ പിൻവാങ്ങാൻ തുടങ്ങിയെങ്കിലും മുൻ ലെബനൻ പ്രധാനമന്ത്രി റഫീക്ക് ഹരീരിയുടെ കൊലപാതകത്തിൽ സിറിയയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നതോടെ ഈ പ്രക്രിയ വേഗത്തിലായി.
ഈ ആരോപണം ലെബനനിൽ വ്യാപക പ്രക്ഷോഭത്തിനും സിറിയൻ സൈന്യത്തെ പൂർണമായി പിൻവലിക്കണമെന്ന അന്താരാഷ്ട്ര സമ്മർദ്ദത്തിനും കാരണമായി. ഈ ആരോപണത്തെ സിറിയ നിഷേധിച്ചു. യുഎൻ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് അസദ് പറഞ്ഞു, 'ഈ കുറ്റകൃത്യവുമായി സിറിയക്ക് ഒരു ബന്ധവുമില്ലെന്നും ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസമുണ്ട്'.
എന്നാൽ, യുഎൻ അന്വേഷണത്തിൽ സിറിയക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അവർ രാജ്യദ്രോഹികളായി കണക്കാക്കപ്പെടുമെന്നും അവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലക്ഷക്കണക്കിന് പ്രതിഷേധക്കാർ ബെയ്‌റൂട്ടിൽ ഒത്തുകൂടി സിറിയൻ സ്വാധീനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അവസാനം, 2005 ഏപ്രിൽ 26 ന് അവസാനത്തെ സിറിയൻ സൈനികർ ലെബനൻ വിട്ടു.
അസദ് അധികാരത്തിൽ വന്ന ശേഷം മനുഷ്യാവകാശ പരിഷ്‌കരണങ്ങൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, പ്രതിപക്ഷത്തെ അടിച്ചമർത്തൽ തുടർന്നുകൊണ്ടേയിരുന്നു. 2006-ൽ, വിമതർക്ക് രാജ്യം വിടുന്നത് തടയുന്ന തരത്തിൽ യാത്രാ നിരോധനം കർശനമാക്കി. 2007-ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ മത്സരിക്കാൻ അനുവദിച്ചില്ലെന്നും ആരോപണം ഉയർന്നു. 97% വോട്ട് നേടി അസദ് വീണ്ടും അധികാരത്തിൽ എത്തി.
അറബ് വസന്തത്തിൽ തകർന്നില്ല
അറബ് വസന്തം, ടുണീഷ്യ, ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളെ പിടിച്ചുകുലുക്കിയപ്പോൾ, 2011 മാർച്ച് 15ന് സിറിയയിലും പ്രതിഷേധക്കൊടികൾ ഉയർന്നു. രാഷ്ട്രീയ പരിഷ്കാരങ്ങൾ, പൗരാവകാശങ്ങളുടെ പുനഃസ്ഥാപനം, നീണ്ടകാലം നിലനിന്നിരുന്ന അടിയന്തരാവസ്ഥ അവസാനിപ്പിക്കൽ എന്നീ ആവശ്യങ്ങളുമായി ജനം തെരുവിലിറങ്ങി. അറബ് ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ കലാപങ്ങളിൽ നിന്ന് സിറിയ ഒഴിവായി നിൽക്കുമെന്ന് അസദ് പ്രഖ്യാപിച്ചെങ്കിലും, സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ രാജ്യത്തുടനീളം വ്യാപിച്ചു.
ആറ് മാസത്തിനുള്ളിൽ 2000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി സംഘടനകൾ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയത്തിൽ അധികം അനുഭവമില്ലാത്ത അസദിന് പുതിയ ലോകക്രമത്തിൽ സിറിയയുടെ സ്ഥാനം ഉറപ്പിക്കാൻ കഴിയുമോ എന്ന സംശയം വിമർശകർ ഉന്നയിച്ചു. 'സിറിയ സ്വേച്ഛാധിപതിയില്ലാത്ത സ്വേച്ഛാധിപത്യമായി മാറിയിരിക്കുന്നു', എന്ന് 2005ൽ ഒരു യൂറോപ്യൻ നയതന്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. തനിക്ക് പൂർണ അധികാരമില്ലെന്ന ചിലരുടെ വാദം അസദ് നിരസിച്ചു.
'നിങ്ങൾക്ക് ഒരു ഏകാധിപതിയാകാൻ കഴിയും, പക്ഷേ എല്ലാം നിയന്ത്രിക്കാൻ കഴിയില്ല. നിങ്ങൾ ഒരു സ്വേച്ഛാധിപതിയാണെങ്കിൽ നിങ്ങൾക്ക് പൂർണ നിയന്ത്രണം ഉണ്ടാകും. സിറിയൻ ഭരണഘടന പ്രകാരം എനിക്ക് എന്റെ അധികാരമുണ്ട്', അദ്ദേഹം അന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞു.
സിറിയയിലെ പ്രതിഷേധങ്ങൾ ശക്തമായതോടെ സിവിലിയൻ മരണങ്ങൾ വർദ്ധിച്ചു. തുർക്കി, ലെബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് അഭയാർത്ഥികൾ ഒഴുകിയെത്തിയിട്ടും അസദ് പരസ്യമായി കാര്യമായ പ്രതികരണങ്ങൾ നടത്തിയില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പൊതുവെ ദേശീയ സംവാദത്തിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുന്നതോടൊപ്പം, പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഏജന്റുമാരുടെ ഗൂഢാലോചനയുണ്ടെന്ന ആരോപണവും ഉന്നയിച്ചു.
തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് പ്രതിഷേധങ്ങൾക്ക് കാരണമെന്നും അദ്ദേഹം വാദിച്ചു. തന്റെ ഭരണകൂടം പ്രതിഷേധക്കാരെ അടിച്ചമർത്തിയെന്ന ആരോപണത്തെ അസദ് നിഷേധിച്ചു. സുരക്ഷാ സേനയോട് 'കൊല്ലാനോ ക്രൂരമായി പെരുമാറാനോ' താൻ ഒരിക്കലും ഉത്തരവിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
2011 അവസാനത്തോടെ, ബാഷർ അൽ-അസദിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. പല രാജ്യങ്ങളും ഈ ആവശ്യം ഉന്നയിച്ചു, അറബ് ലീഗ് സിറിയയെ സസ്പെൻഡ് ചെയ്തു. അറബ് നിരീക്ഷകരെ രാജ്യത്തേക്ക് അനുവദിക്കണമെന്ന ആവശ്യവും ഉയർന്നു. 2012 ജൂണിൽ, യുഎൻ ഉദ്യോഗസ്ഥൻ സംഘർഷം ഒരു പൂർണ ആഭ്യന്തര യുദ്ധമായി മാറിയിരിക്കുന്നുവെന്ന് പ്രസ്താവിച്ചു.
2013 ഓഗസ്റ്റിൽ, സിവിലിയന്മാർക്കെതിരെ രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തിൽ ലോകമെമ്പാടുമുള്ള നേതാക്കളുടെ വിമർശനത്തിന് അസദ് വിധേയനായി. 2013-ഓടെ, 2011 മാർച്ചിൽ സംഘർഷം ആരംഭിച്ചതിന് ശേഷം 70,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി യുഎൻ കണക്കാക്കുന്നു. എന്നിരുന്നാലും എല്ലാ ഏഴ് വർഷത്തിലും വലിയ ഭൂരിപക്ഷം നേടിയാണ് അസദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
എതിരാളികൾ വടക്കുപടിഞ്ഞാറൻ സിറിയയുടെ ഒരു കോണിൽ ഒതുങ്ങിനിന്നതിനാൽ വർഷങ്ങളോളം അധികാരത്തിൽ തുടരാനായി. എന്നാൽ രാജ്യത്തിന്റെ വലിയ ഭാഗങ്ങൾ അദ്ദേഹത്തിന്റെ പിടിയിൽ നിന്ന് അകന്നുനിൽക്കുകയും അന്താരാഷ്ട്ര ഉപരോധങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്തു. പെരുമാറ്റത്തിൽ നിശബ്ദനായ അസദ്, അധികാരം നിലനിർത്താൻ വർഷങ്ങളോളം റഷ്യ, ഇറാൻ, ലെബനൻ ഹിസ്ബുള്ള എന്നിവയുമായുള്ള സഖ്യത്തെ ആശ്രയിച്ചിരുന്നു.
അറബ് രാഷ്ട്രങ്ങളുമായി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും തകർന്ന സിറിയൻ രാഷ്ട്രത്തെ പുനരുജ്ജീവിപ്പിക്കാൻ ഒരിക്കലും കഴിഞ്ഞില്ല. നവംബർ 27 ന് ആരംഭിച്ച വിമത ആക്രമണത്തിൽ അസദിന് പിടിച്ചുനിൽക്കാനായില്ല. വിമത മുന്നേറ്റങ്ങൾക്ക് മുന്നിൽ സായുധ സേന അതിവേഗം പിൻവാങ്ങി. ഒരാഴ്ച മുമ്പ് വിമതർ അലപ്പോ പിടിച്ചടക്കിയതിനു ശേഷം അദ്ദേഹം പരസ്യമായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. ഞായറാഴ്ച വിമതർ ഡമാസ്കസിൽ പ്രവേശിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്‌തു.
വർഷങ്ങളോളം, സിറിയയിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകനായും, തീവ്രവാദത്തിനെതിരായ ഒരു കോട്ടയായും, യുദ്ധത്താൽ തകർന്ന രാജ്യത്തിന്റെ സംരക്ഷകനായും സ്വയം അവതരിച്ച അസദ് ഒടുവിൽ ചരിത്രത്തിലേക്ക് മറയുകയാണ്.
#Syria #Assad #CivilWar #MiddleEast #Revolution #Damascus