Assassination | ഇസ്‌മാഈൽ ഹനിയ്യ കൊലപാതകം: ഉന്നത ഉദ്യോഗസ്ഥർ അടക്കം രണ്ട് ഡസനിലധികം പേർ ഇറാനിൽ അറസ്റ്റിൽ

 
assassination of hamas leader ismail haniyeh in tehran spark

Image Credit: X / Iran Observer

ഇൻ്റലിജൻസ്, ചാരപ്രവർത്തനം എന്നിവയിൽ വിദഗ്ധരായ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് കോർപ്‌സ് അന്വേഷണത്തിൻ്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. 

തെഹ്‌റാൻ: (KVARTHA) ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചയെത്തുടർന്ന്, മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ അടക്കം രണ്ട് ഡസനിലധികം പേർ ഇറാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ചാരപ്രവർത്തനം നടത്തിയതിനും ഇസ്രാഈൽ ഇൻ്റലിജൻസ് സർവീസായ മൊസാദുമായി സഹകരിച്ചതിനും ഇറാനിയൻ പൊലീസ് സ്‌പെഷ്യൽ യൂണിറ്റുകളുടെ കമാൻഡർ ഹസൻ കരാമിയെ അറസ്‌റ്റ് ചെയ്‌തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

പുതിയ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കാൻ  തെഹ്‌റാനിലെത്തിയ ഹനിയ്യ ബുധനാഴ്ച പുലർച്ചെയാണ് മാരകമായ സ്‌ഫോടനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. വടക്കൻ തെഹ്‌റാനിലെ ശക്തമായ സുരക്ഷയുള്ള ഒരു ഗസ്റ്റ്‌ഹൗസിലാണ് കൊലപാതകം നടന്നത്. ഇസ്മാഈൽ ഹനിയ്യ തൻ്റെ ഇറാൻ സന്ദർശന വേളയിൽ പതിവായി ഉപയോഗിച്ചിരുന്ന സ്ഥലമാണിത്. പുതിയ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ കൊലപാതകം നടന്നതിനാൽ സുരക്ഷാ വീഴ്ചയുടെ ഗൗരവം എടുത്തു കാണിക്കുന്നു. 

സംഭവം ഇറാൻ്റെ ഭരണകൂടത്തെ സാരമായി ബാധിക്കുന്നതാണെന്നും ഇത് സ്വന്തം പ്രദേശത്തെയോ സഖ്യകക്ഷികളെയോ സംരക്ഷിക്കാൻ കഴിയില്ലെന്നതിൻ്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടാമെന്നും ഇൻ്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ അലി വാസ് പറയുന്നു. ആക്രമണത്തിന് ഉപയോഗിച്ച ബോംബ് മാസങ്ങൾക്ക് മുമ്പാണ് സ്ഥാപിച്ചതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു, പ്രത്യേകിച്ച് ഹനിയ്യയുടെ മുറി ലക്ഷ്യമാക്കി. 

നിരവധി അമേരിക്കൻ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കൊലപാതകത്തിന് നേതൃത്വം നൽകിയത് ഇസ്രാഈലാണെന്ന് ഇറാനും ഹമാസും ആരോപിക്കുന്നു. ഇസ്രാഈൽ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇൻ്റലിജൻസ്, ചാരപ്രവർത്തനം എന്നിവയിൽ വിദഗ്ധരായ ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് കോർപ്‌സ് (IRGC) അന്വേഷണത്തിൻ്റെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. അറസ്റ്റിനെക്കുറിച്ചോ അന്വേഷണ പുരോഗതിയെക്കുറിച്ചോ വിശദമായ വിവരങ്ങൾ പുറത്തുവിടാൻ സംഘടന ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും കടുത്ത നടപടി ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഐആർജിസി ഇതിനോടകം റെയ്ഡുകൾ, ഗസ്റ്റ്ഹൗസ് ജീവനക്കാരെ ചോദ്യം ചെയ്യൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടൽ, സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യൽ എന്നിവ നടത്തി. കൊലയാളി സംഘത്തിലെ അംഗങ്ങൾ ഇപ്പോഴും ഇറാനിൽ തന്നെയുണ്ടാകുമെന്ന് വിശ്വസിക്കുന്ന അധികൃതർ വിമാനത്താവളങ്ങളിൽ നിന്നും മറ്റുമുള്ള ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതായും മുതിർന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ ശക്തമാക്കിയതായും റിപ്പോർട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia