Conflict | സിപിഎമ്മിന്റെ ഏകാധിപത്യം എല്‍ഡിഎഫില്‍ അവസാനിക്കുന്നുവോ?


● ഘടകകക്ഷികളുടെ ആവശ്യം തള്ളാന്‍ പറ്റാത്ത സാഹചര്യത്തില്‍ സിപിഎം
● അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസ് സജീവമായി രംഗത്തുണ്ട്
ആദിത്യൻ ആറന്മുള
(KVARTHA) ഇടതുമുന്നണിയുടെ പൂര്‍ണനിയന്ത്രണം സിപിഎമ്മിന്റെ കൈവിട്ടുപോകുന്ന കാഴ്ചയാണ് ബുധനാഴ്ച എ.കെ.ജി സെന്ററില്‍ കണ്ടത്. സംസ്ഥാന രാഷ്ട്രീയത്തില്‍ തിളച്ചുമറിയുന്ന വിഷയമായ എഡിജിപി - ആര്‍എസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ച മുന്നണി യോഗത്തിന്റെ അജണ്ടയിലില്ലായിരുന്നു. എന്നാല്‍ ഘടകക്ഷികള്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. വിഷയത്തില്‍ നടപടി വേണമെന്ന് ആര്‍.ജെ.ഡി നേതാവ് വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു. പിന്നാലെ ബിനോയി വിശ്വവും തുറന്നടിച്ചു. ഇതങ്ങനെ ചര്‍ച്ച ചെയ്യാതിരിക്കേണ്ട കാര്യമല്ലെന്ന് എന്‍സിപി അധ്യക്ഷന്‍ പി.സി ചാക്കോയും പറഞ്ഞു. അതോടെ സിപിഎം പെട്ടു.
സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വളരെ ശാന്തമായി മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാമെന്നും ആര്‍എസ്എസ് നേതാവിനെ കണ്ടകാര്യം കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താമെന്നും വ്യക്തമാക്കി. എഡിജിപിക്കെതിരെ ഉയര്‍ന്ന മറ്റ് കുറ്റകൃത്യങ്ങളെ കുറിച്ചാണ് നിലവില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. ആ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അജിത്കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടാകും. മറിച്ചാണെങ്കില്‍ പി വി അന്‍വര്‍ പെടും.
ഘടകകക്ഷികളുടെ ആവശ്യം തള്ളാന്‍ പറ്റാത്ത സാഹചര്യത്തില്‍ സിപിഎം എത്തിയതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിന് പറ്റിയ അബദ്ധവുമുണ്ട്. ഇ.പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത് കൂടി കണക്കിലെടുത്താണ് നടപടി എന്ന് പറഞ്ഞിരുന്നു. അത് കെണിയാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് പുതിയ കണ്‍വീനര്‍ ടി.പി രാമകൃഷ്ണന് ബുധനാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറിയുടെ വാക്കുകളെ തള്ളിപ്പറയേണ്ടി വന്നത്.
ബിജെപി ബന്ധത്തിന്റെ പേരിലാണ് ഇ.പിയെ മാറ്റിയതെന്ന് ആര് പറഞ്ഞു എന്നാണ് അദ്ദേഹം ചോദിച്ചത്. വളരെ പ്രസക്തമായ ചോദ്യമാണത്. അങ്ങനെ നടന്നെങ്കില്‍ എഡിജിപിയെ മാറ്റേണ്ട സമയം കഴിഞ്ഞില്ലേ. 16 മാസം സര്‍ക്കാരും പാര്‍ട്ടിയും എന്തെടുക്കുകയായിരുന്നു എന്ന ചോദ്യവും ഉയരും. അതുകൊണ്ട് കണ്‍വീനര്‍ വളരെ തന്ത്രപരമായ നിലപാട് സ്വീകരിച്ചു. പ്രശ്‌നത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കാര്യം എല്ലാ സഖ്യകക്ഷികളും മുന്നണി യോഗത്തിന് ശേഷവും അറിയിച്ചു. അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാരിന് എഡിജിപിക്കെതിരെ നടപടിയെടുക്കേണ്ടി വരും. അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം വളരെ വലുതായിരിക്കും.
മുഖ്യമന്ത്രിയും സര്‍ക്കാരും എന്തിനാണ് എഡിജിപിയെ സംരക്ഷിച്ചത് എന്നതാണ് പ്രധാന ചോദ്യം. ആര്‍ക്ക് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത്, എന്തായിരുന്നു വിഷയം, അതെല്ലാം പൊതുസമൂഹം ഉന്നയിക്കുന്ന കാര്യങ്ങളാണ്. കാര്യങ്ങള്‍ ഇത്രയും വഷളാക്കി സിപിഎമ്മിനെ വെട്ടിലാക്കിയത് മുഖ്യമന്ത്രി തന്നെയാണ്. അതില്‍ നിന്ന് തലയൂരാന്‍ പറ്റാത്ത അവസ്ഥയിലാണ് പാര്‍ട്ടി. അതുകൊണ്ടാണ് എഡിജിപിയുടെ സന്ദര്‍ശനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന പറഞ്ഞ സംസ്ഥാന സെക്രട്ടറി അടുത്തദിവസം മലക്കം മറിഞ്ഞത്. ആര്‍എസ്എസ് നേതാക്കളെ കാണണമെന്നുണ്ടെങ്കില്‍ സിപിഎമ്മിന് നേരിട്ട് കണ്ടുകൂടേ... എന്നാണ് അദ്ദേഹം കോവളത്ത് ചോദിച്ചത്.
അവസരം മുതലെടുക്കാന്‍ കോണ്‍ഗ്രസ് സജീവമായി രംഗത്തുണ്ട്. സിപിഐയേയും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെയും യുഡിഎഫിലേക്ക് അടര്‍ത്തിയെടുക്കാനാണ് അവരുടെ നീക്കം. ഐക്യമുന്നണിയുടെ ഭാഗമായിരുന്ന ആര്‍ജെഡി, കേരളാ കോണ്‍ഗ്രസ് ബി, മാണി ഗ്രൂപ്പ് എന്നിവരെയെല്ലാം ഇടത്തേക്ക് കൊണ്ടുവന്നത് സിപിഎമ്മാണ്. അവര്‍ക്ക് രാഷ്ട്രീയമായി തിരിച്ചടി കൊടുക്കാനുള്ള അവസരം കൂടിയാണിത്.
എന്നാല്‍ അത്തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാന്‍ സിപിഎം പരമാവധി ശ്രമിക്കും. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ മുന്നണി ബന്ധം കലുഷിതമായാല്‍ അത് വലിയ രീതിയില്‍ ദോഷം ചെയ്യും. പ്രത്യേകിച്ച് തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍. കണ്‍വീനറായി ടി.പി രാമകൃഷ്ണനെ കൊണ്ടുവന്നത് വെറുതെയല്ല, അദ്ദേഹം അടിമുടി പാര്‍ട്ടി കേഡറാണ്. ഇപിയെ പോലെ നിരുത്തരവാദപരമായി സംസാരിക്കുകയോ, ഇടപെടുകയോ ചെയ്യില്ല.
തൃശൂര്‍ പൂരം കലക്കിയെന്ന ആക്ഷേപത്തിലും നടപടി ഉണ്ടാവണമെന്നും റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്താണെന്ന് മുന്നണിയിലുള്ളവര്‍ തന്നെ ചോദിക്കുന്നു. സിപിഐയുടെ പ്രധാന സീറ്റുകളിലൊന്നായിരുന്നു തൃശൂര്‍, വിഎസ് സുനില്‍കുമാര്‍ അവിടെ വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പുമായിരുന്നു. എന്നാല്‍ പൂരം അലങ്കോലമായതോടെ എല്ലാം മാറിമറിഞ്ഞു. ഇതിന് പിന്നില്‍ സംഘപരിവാര്‍-ബിജെപി ഗൂഢാലോചനയുണ്ടെന്ന് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎമ്മിനോ പൊലീസിനോ എന്തെങ്കിലും തരത്തിലുള്ള പങ്കുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ സിപിഐ ഒരു പക്ഷെ, മുന്നണിവിട്ടേക്കും.
#CPMDominance, #LDFChallenges, #KeralaPolitics, #RSSControversy, #LeadershipConflict, #PoliticalCrisis