Budget | കേന്ദ്രബജറ്റ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് സഹായകമാണോ?


ഐഐഎമ്മിനുള്ള വിഹിതം കുറച്ചു, കേന്ദ്രസര്‍വകലാശാല വിഹിതം കൂട്ടി
ആദിത്യൻ ആറന്മുള
(KVARTHA) രാജ്യത്തെ ഉന്നതവിദ്യാഭ്യാസ (Higher Education) മേഖലയ്ക്ക് അനുകൂലമല്ലാത്ത ബജറ്റാണ് (Budget) മൂന്നാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ആക്ഷേപം. യൂണിവേഴ്‌സിറ്റി ഗ്രാന്‍സ് കമ്മിഷന് കീഴില്‍ (UGC) ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്‌റ്റൈപ്പന്‍ഡിന്റെ അറുപത് ശതമാനമാണ് കേന്ദ്ര ധനമന്ത്രാലയം വെട്ടിക്കുറച്ചതെന്നാണ് ആരോപണം. ഭൂരിപക്ഷം ഗവേഷകരും ഗ്രാന്റിനെ (Grant) ആശ്രയിച്ചാണ് പഠനവും ഗവേഷണവും നടത്തുന്നത്. അവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
യുജിസി വിഹിതം 2,500 കോടിയായാണ് വെട്ടിക്കുറച്ചത്. കഴിഞ്ഞതവണയിത് 6,409 കോടിയായിരുന്നു. 60.99 ശതമാനത്തിന്റെ കുറവാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. ഇക്കൊല്ലം ആദ്യം നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലും വിഹിതം കുറച്ചിരുന്നു. കഴിഞ്ഞ തവണത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ ഐഐഎമ്മിന് 608.23 കോടിയാണ് നീക്കിവച്ചിരുന്നത്. പിന്നീട് 300 കോടിയായി ചുരുക്കി. ഇക്കൊല്ലം പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ 331 കോടിയായിരുന്നത് 2024-25 ലെ ബജറ്റില്‍ 212 കോടിയായി വെട്ടിക്കുറച്ചു. ഐഐടികളുടെ വിഹിതത്തിലും നേരിയ കുറവുണ്ടായി. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ 10,384.21 കോടിയായിരുന്നത് സമ്പൂര്‍ണ ബജറ്റില്‍ 10,324.50 കോടിയായി കുറച്ചു.
രാജ്യത്തെ പ്രധാന ബിസിനസ് സ്‌കൂളായ (Business school) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാമേജ്‌മെന്റിനുള്ള വിഹിതവും കുത്തനെ കുറച്ചു. കഴിഞ്ഞ ബജറ്റിലും തുക കുറച്ചിരുന്നു. അതേസമയം സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ വായ്പാ പരിധി 10 ലക്ഷമാക്കി ഉയര്‍ത്തി. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തെയും ഗവേഷണത്തെയും തകര്‍ക്കുന്നുവെന്ന് കാട്ടി വിദ്യാര്‍ത്ഥികളും അക്കാദമിക് രംഗത്തുള്ളവരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. താമസിയാതെ വിദ്യാര്‍ത്ഥി സമരങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള തീര്‍ത്ഥാടനത്തിന് കോടിക്കണക്കിന് രൂപ അനുവദിക്കുകയും കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കുകയും ചെയ്ത സര്‍ക്കാരാണ് രാജ്യത്തിന്റെ ഭാവി വളര്‍ച്ച മുരടിപ്പിക്കുന്ന സമീപം കൈക്കൊണ്ടിരിക്കുന്നതെന്നാണ് പ്രതിപക്ഷ വിമർശനം.
ഉന്നതവിദ്യാഭ്യാസത്തിനുള്ള ഗ്രാന്റ് , കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ വകയിരുത്തിയതില്‍ നിന്ന് 9,600 കോടി രൂപ വെട്ടിക്കുറച്ചു. രാജ്യത്തെ മൊത്തം വിദ്യാഭ്യാസ മേഖലയ്ക്ക് അനുവദിക്കുന്ന ബജറ്റ് വിഹിതത്തില്‍ 9,000 കോടി രൂപയും കുറച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് 1.29 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2024-25 വര്‍ഷത്തിലത് 1.20 ലക്ഷം കോടിയായി കുറച്ചു.
സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ വായ്പാ പരിധി 10 ലക്ഷമാക്കി ഉയര്‍ത്തിയതിനൊപ്പം പ്രതിവര്‍ഷം ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് വായ്പയുടെ മൂന്ന് ശതമാനം പലിശ രഹിതമായി ഇ-വൗച്ചറുകള്‍ നേരിട്ട് നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നയങ്ങളുടെയും പദ്ധതികളുടെയും ഗുണം ലഭിക്കാത്ത യുവാക്കള്‍ക്കായിരിക്കും ഇത് അനുവദിക്കുകയെന്നും വ്യക്തമാക്കി. ഗവേഷണവും കണ്ടുപിടുത്തങ്ങളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 161 കോടിയായി ഉയര്‍ത്തി.
ലോകനിലവാരത്തിലുള്ള സ്ഥാപനങ്ങളുടെ വിഹിതം പുതുക്കിയ ബജറ്റ് എസറ്റിമേറ്റിലെ 1300 കോടിയില്‍ നിന്ന് 1800 കോടിയായി വര്‍ദ്ധിപ്പിച്ചു. കേന്ദ്ര സര്‍വകലാശാലകള്‍ക്കുള്ള ഗ്രാന്റ് 28 ശതമാനം വര്‍ദ്ധിച്ചു. ഫെബ്രുവരിയിലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റില്‍ 12,000.08 കോടിയായിരുന്നത് ചൊവ്വാഴ്ചത്തെ ബജറ്റില്‍ 15,472 കോടിയായി വര്‍ദ്ധിപ്പിച്ചു. യുവാക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം, വൈദഗ്ധ്യം, തൊഴില്‍ അവസരങ്ങള്‍ എന്നിവ നല്‍കി ശക്തീകരിക്കുന്നതിലൂടെ, അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ 4.1 കോടി പുതുയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം 535 കോടിയിലധികം രൂപയായി വര്‍ദ്ധിപ്പിച്ചു.
രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നടുവൊടിക്കുന്നതാണ് ധനമന്ത്രി ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. വിവിധ മേഖലകളിലുള്ള നിക്ഷേപകരെ സ്വാധീനിക്കാനായി കേന്ദ്രബജറ്റില്‍ 12.5 ശതമാനം ഏകീകൃത നികുതി നിരക്ക് പ്രഖ്യാപിച്ചതാണ് തിരിച്ചടിയായത്. ഓഹരി (Share) നിക്ഷേപകര്‍ക്ക് ഇത് വളരെ കുറവാണെന്ന് തോന്നുമെങ്കിലും 2.5 ശതമാനം അധികം നികുതി നല്‍കേണ്ടിവരും. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. മുമ്പ് 20 ശതമാനമായിരുന്നു ഈ മേഖലയിലെ നികുതി നിരക്ക്. അതുകൊണ്ട് പണപ്പെരു സമയത്ത് വാങ്ങല്‍ വില ക്രമീകരിക്കാനും നികുതി ബാധ്യത കുറയ്ക്കാനും സഹായകമായിരുന്നു. ഈ ആനുകൂല്യങ്ങള്‍ അഥവാ ഇന്‍ഡക്‌സേഷന്‍ 2024-25ലെ ബജറ്റില്‍ എടുത്ത് കളഞ്ഞതോടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകരുടെ നികുതി നിരക്ക് ഗണ്യമായി ഉയരും.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി നിരക്ക് ഗണ്യമായി വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് നിക്ഷേപകര്‍ക്കും ബാധ്യതയാകും. അതിനനുസരിച്ച് അവര്‍ തങ്ങളുടെ ബിസിനസില്‍ തന്ത്രപരമായ മാറ്റംവരുത്തും. അത് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നികുതി നിരക്ക് വ്യത്യാസം സ്വര്‍ണനിക്ഷേപത്തെയും ബാധിക്കും. സ്വര്‍ണം നിക്ഷേപിക്കാവുന്ന കാലാവധി 36 മാസത്തില്‍ നിന്ന് 24 മാസമായി കുറച്ചു. ഇതിന് ശേഷം വില്‍പ്പന നടത്തുമ്പോള്‍ 12.5 ശതമാനം നികുതി അടയ്ക്കണം. മുമ്പുണ്ടായിരുന്ന ഇളവുകള്‍ ലഭിക്കുകയുമില്ല. ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും വെള്ളിക്കും വിലകുറയുമെന്നാണ് പ്രഖ്യാപനം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പൈതൃക സ്വത്തിന് നികുതി (Inheritance tax) ചുമത്തണമെന്ന സാംപിത്രോദ പറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസിനെ (Congress) രൂക്ഷമായി വിമര്‍ശിച്ച ബിജെപി (BJP) സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യങ്ങള്‍ എടുത്ത് കളഞ്ഞത് , പരോക്ഷമായ അനന്തരാവകാശ നികുതി ചുമത്തുന്നതിന് തുല്യമാണെന്ന് സോഷ്യല്‍ മീഡിയ (Social media) യിൽ ട്രോളുകളുമുണ്ടായി.