Controversy | മമ്മൂട്ടി മോഹന്‍ലാലിനോട് രാജിവയ്ക്കാന്‍ പറയാനുള്ള കാര്യം എന്താണ്?

 
Why did Mammootty ask Mohanlal to resign from AMMA?

Photo Credit: Facebook / Mammootty

* മമ്മൂട്ടിയും മോഹൻലാലും അമ്മയുടെ സ്ഥാപക അംഗങ്ങളാണ്.
* ദിലീപ് കേസിനെ തുടർന്ന് അമ്മയിൽ വലിയ വിഭാഗീയത ഉണ്ടായി.
* അമ്മയിലെ യുവതാരങ്ങൾ പലരും സംഘടനയിൽ നിന്ന് അകന്നു നിൽക്കുന്നു.

ദക്ഷാ മനു

(KVARTHA) ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് തുറന്ന് വിട്ട വിവാദങ്ങള്‍ മലയാളസിനിമയെ പിടിച്ചുലയ്ക്കുമ്പോള്‍, താരസംഘടനയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവെച്ചത് മമ്മൂട്ടിയുടെ ഉപദേശംകൂടി പരിഗണിച്ചാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ഗണേഷ്‌കുമാര്‍, മണിയന്‍പിള്ള രാജു എന്നിവരാണ് സംഘടന രൂപീകരിക്കാന്‍ അന്‍പതാനായിരം രൂപാ വിതം ഇട്ടത്. അന്തരിച്ച നടന്‍ മുരളിയാണ് അമ്മ എന്ന് പേരിട്ടത്. എംജി സോമനും മധുവും ആയിരുന്നു ആദ്യത്തെ ജനറല്‍സെക്രട്ടറിയും പ്രസിഡന്റും മമ്മൂട്ടിയും മോഹന്‍ലാലും വൈസ് പ്രസിഡന്റുമാരായിരുന്നു. 

അംഗങ്ങള്‍ക്ക് ഒത്തുകൂടാനും ക്ഷേമത്തിനും വേണ്ടി തുടങ്ങിയ സംഘടന പിന്നീട് താരനിശകളും സ്റ്റേജ്‌ഷോകളും നടത്തി ഫണ്ട് സമാഹരിക്കുകയും ആ പണം കൈനീട്ടമായി മുതിര്‍ന്ന അംഗങ്ങള്‍ക്ക് നല്‍കുകയുമായിരുന്നു. അമ്മയില്‍ പ്രശ്‌നങ്ങളുണ്ടായി തുടങ്ങുന്നത് നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം സംഘടനയില്‍ പിടിമുറുക്കിയതോടെയാണ്. അമ്മ നിര്‍മിച്ച ട്വന്റി ട്വന്റി എന്ന സിനിമയുടെ നിര്‍മാണ ചുമതല ആര് ഏറ്റെടുക്കും എന്ന ചോദ്യം മുന്നിലുള്ളപ്പോഴാണ് ദിലീപ് മുന്നോട്ട് വന്നത്. ആ ചിത്രത്തിലൂടെ മികച്ച ലാഭം കിട്ടി. അതോടെ ദിലീപ് കൊച്ചിരാജാവായി സ്വയം അവരോധിച്ചു. 

മമ്മൂട്ടിയും മോഹന്‍ലാലും വലിയ പിടിവാശി കാണിക്കാനും പോയില്ല. എങ്കിലും ഇരുവരും നോതൃസ്ഥാനത്ത് ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിച്ചു. ടിപി മാധവന്‍ ഒഴിഞ്ഞ ശേഷമാണ് ഇരുവരും പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. അതിന് മുമ്പ് ഇന്നസെന്റ് ദീര്‍ഘകാലം ആ പദവി വഹിച്ചു. ഇന്നസെന്റ് പ്രസിഡന്റായിരുന്ന കാലത്താണ് അമ്മയെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ പുറംലോകം അറിഞ്ഞു തുടങ്ങുന്നത്. നടന്‍ തിലകന് ഏര്‍പ്പെടുത്തിയ വിലക്കായിരുന്നു തുടക്കം. 

സംവിധായകന്‍ വിനയന്റെ പടത്തില്‍ അഭിനയിച്ചതിനായിരുന്നു വിലക്ക്. ഇതിനെതിരെ തിലകന്‍ ആഞ്ഞടിച്ചു. അമ്മ യോഗത്തില്‍ വെച്ച് മമ്മൂട്ടിക്കെതിരെ തിലകന്‍ ആഞ്ഞടിച്ചു. വലിയ വിവാദമായി മാറി. അന്ന് സര്‍ക്കാരോ രാഷ്ട്രീയ നേതൃത്വങ്ങളോ വിഷയത്തില്‍ മൗനംപാലിച്ചു. ഇടപെട്ടിരുന്നെങ്കില്‍ ഇന്നത്തെ ദുരവസ്ഥ സംഭവിക്കുമായിരുന്നില്ല. വിലക്ക് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ലെന്ന് സംഘടനകളുടെ തലപ്പത്തുള്ളവര്‍ മനസിലാക്കിയില്ല.

വിലക്കും നടിമാര്‍ സംവിധായകര്‍ക്കും മറ്റുമെതിരെ നല്‍കിയ പരാതികളടക്കം എല്ലാം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും മറ്റ് ഭാരവാഹികളും മുക്കി. എതിര്‍ശബ്ദങ്ങള്‍ ഉയരാന്‍ നേതൃത്വം അനുവദിച്ചില്ല. അങ്ങനെയാണ് ഷമ്മി തിലകനെ പുറത്താക്കിയത്. ഈ സമയങ്ങളിലൊക്കെ മമ്മൂട്ടിക്കും മോഹന്‍ലാലിനും പലപ്പോഴും ഉറച്ചനിലപാടുകള്‍ സ്വീകരിക്കാനായില്ല. മറ്റ് സംഘടനകളുടെയും ദിലീപ് അടക്കമുള്ളവരുടെ സമ്മര്‍ദ്ദവും കാരണം ഇരുവരും മൗനം പാലിച്ചു. അപ്രഖ്യാപിത വിലക്കിനെതിരെ വിനയന്‍ കോംപറ്റീഷന്‍ കമ്മീഷന് പരാതി നല്‍കി. 

അതില്‍ സംഘടനകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും തെറ്റ് തിരുത്താന്‍ ഇവരാരും തയ്യാറായില്ല. അമ്മയുടെ യോഗത്തില്‍ മമ്മൂട്ടി അതിനെതിരെ ശക്തമായി പ്രതികരിച്ചതോടെയാണ് വിനയന്‍ വീണ്ടും സിനിമ ചെയ്തത്. എന്നാല്‍ കഴിഞ്ഞ കൊല്ലത്തെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത് ഏകപക്ഷീയ നിലപാട് സ്വീകരിച്ചതിനെതിരെ വിനയന്‍ വീണ്ടും രംഗത്തെത്തി. അതോടെ അദ്ദേഹത്തിന് അടുത്ത ചിത്രം ചെയ്യാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിനയന് ഡേറ്റ് നല്‍കാമെന്ന് മോഹന്‍ലാല്‍ വാക്ക് കൊടുത്തെങ്കിലും ഇതുവരെ ഒന്നും മുന്നോട്ട് പോയിട്ടില്ല. കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ദിലീപിനെ രക്ഷിക്കാന്‍ ഗണേഷ്‌കുമാറും മുകേഷും അടങ്ങുന്ന സംഘം എല്ലാ കളികളും കളിച്ചുവെന്ന് ആക്ഷേപമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും പതിവ് പോലെ മൗനം തുടര്‍ന്നു. 

വാർത്താസമ്മേളനത്തില്‍ ദിലീപിനെതിരെ ചോദ്യങ്ങളുയര്‍ന്നതോടെ അമ്മയിലെ ഭൂരിപക്ഷവും ബഹളംവെച്ചു, അപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിച്ചു. തങ്ങള്‍ ചെയ്യാത്ത കുറ്റത്തിന് മാധ്യമങ്ങളും പൊതുസമൂഹവും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു എന്ന് ഇരുവര്‍ക്കും മനസിലായി. അങ്ങനെയാണ് തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്ന് പൊതുസമൂഹത്തെ അറിയിക്കാന്‍ ഇരുവരും സെല്‍ഫി എടുത്തതും അത് വൈറലായതും.

ദിലീപിനെ പുറത്താക്കിയതും പ്രശ്‌നമായി. മമ്മൂട്ടി പൃഥ്വിരാജിന് വേണ്ടി ദിലീപിനെ പുറത്താക്കി എന്നായിരുന്നു ഗണേഷ്‌കുമാറിന്റെ ആക്ഷേപം. ആ സംഭവത്തിന് ശേഷം യുവതാരങ്ങളില്‍ പലരും അമ്മയില്‍ നിന്ന് അകന്നു. നടി ഐശ്വര്യ ലക്ഷ്മിയെ പോലുള്ളവര്‍ ഇതുവരെ അമ്മ അംഗത്വം എടുത്തിട്ടില്ല. പല നടന്‍മാരുടെയും ഏകാധിപത്യവും ജനാധിപത്യവിരുദ്ധനിലപാടുകളുമാണ് ഇവരെ അകറ്റിയത്. സുരേഷ് ഗോപി കുറേക്കാലം അമ്മയില്‍ നിന്ന് അകന്ന് നിന്നിട്ടും അദ്ദേഹത്തെ മടക്കി കൊണ്ടുവരാന്‍ ആരും മുന്‍കൈ എടുത്തില്ല. അദ്ദേഹം സ്ഥാപക അംഗമാണെന്ന് ഓര്‍ക്കണം. 

ദിലീപ് അകത്തായതിന് പിന്നാലെ വിമന്‍ ഇന്‍ കളക്ടീവ് സിനിമ ഉണ്ടായി. അമ്മ സംഘടനയില്‍ തെരഞ്ഞെടുപ്പുണ്ടായി. അന്തരീക്ഷം മോശമാകുമെന്ന് തിരിച്ചറിഞ്ഞ മമ്മൂട്ടി നേതൃസ്ഥാനങ്ങളില്‍ ഇനിയില്ലെന്ന് വ്യക്തമാക്കി. അങ്ങനെ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സംഘടന മുന്നോട്ട് പോയെങ്കിലും സംഘടനയ്ക്ക് പുറത്ത് നിന്ന് ദിലീപും അകത്ത് നിന്ന് സിദ്ധിഖും കളിച്ച രാഷ്ട്രീയം വലിയ കുഴപ്പങ്ങളിലേക്ക് കൊണ്ടുപോയി. ഒരു എക്‌സിക്യൂട്ടീവ് യോഗത്തില്‍ സിദ്ധിഖും ജഗദീഷും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി. 

ഇത്തവണ സിദ്ധിഖ് മത്സരിച്ച് ജനറല്‍ സെക്രട്ടറിയായതോടെ സംഘടന തന്റെ കാല്‍ക്കീഴിലായെന്ന് അദ്ദേഹവും കൂട്ടരും വിശ്വസിച്ചു. എന്നാല്‍ ഹേമാകമ്മിറ്റി എല്ലാം അട്ടിമറിച്ചു. ഇതോടെ മറ്റുള്ളവര്‍ നിരന്തരം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നമ്മള്‍ എന്തിന് പഴികേള്‍ക്കണം, എന്ത് നാട്ടുകാരുടെ തെറിവിളികേള്‍ക്കണം എന്ന് മമ്മൂട്ടി മോഹന്‍ ലാലിനോട് ചോദിച്ചു. അങ്ങനെ മോഹന്‍ലാലും പടിയിറങ്ങി, പുതിയതലമുറ വരട്ടെ എന്ന് മോഹന്‍ലാല്‍ പറഞ്ഞത് വെറുതെയല്ല.
 Controversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia