Background | ആരാണ് യഹ്‌യ സിൻവാർ? ജീവിതത്തിൽ 22 വർഷവും ജയിലിൽ; ഇസ്രാഈലിനെ വിറപ്പിച്ച ഒക്ടോബർ 7 ആക്രമണത്തിൻ്റെ സൂത്രധാരൻ; അറിയാം ആ ജീവിതം!
● 1962-ൽ ഖാൻ യൂനിസ് നഗരത്തിൽ ജനിച്ചു.
● 2012-ൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
● യു.എസ്. കരിമ്പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ്.
ഗസ്സ: (KVARTHA) ഹമാസ് തലവൻ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരികയാണ്. തെക്കൻ ഗസ്സ മുനമ്പിലെ റഫ നഗരത്തിൽ നടന്ന ഓപ്പറേഷനിൽ യഹ്‌യ സിൻവാർ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി ഇസ്രാഈൽ സൈന്യം അറിയിച്ചു. മൂന്ന് പേരെ ലക്ഷ്യം വച്ചാണ് ഓപ്പറേഷൻ നടത്തിയതെന്നും ഇവരിൽ ഒരാൾ സിൻവാർ ആയിരിക്കാമെന്നുമാണ് സൈന്യം നൽകുന്ന സൂചന.
മൃതദേഹം യഹ്‌യ സിൻവാറിന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ സൈന്യം ഡിഎൻഎ പരിശോധന നടത്തുകയാണെന്ന് ഇസ്രാഈൽ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു. എന്നാൽ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗസ്സയിൽ ബന്ദികളാക്കിയ ഇസ്രാഈലികളെ മോചിപ്പിക്കാനുള്ള കരാറിൽ ഏർപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇത് രണ്ടാം തവണയാണ് ഹമാസിൻ്റെ ഉന്നത നേതാവിനെ ഇസ്രാഈൽ ലക്ഷ്യമിടുന്നത്.
ജൂലൈ 31ന് ടെഹ്‌റാനിൽ ഹമാസ് തലവനായിരുന്ന ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിൻവാറിനെ തിരഞ്ഞെടുത്തത്. ഒക്‌ടോബർ ഏഴിന് ഇസ്രാഈൽ പ്രദേശത്തിനുള്ളിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,100-ലധികം ആളുകൾ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തതിൻ്റെ പിന്നിലെ സൂത്രധാരനായാണ് 61 കാരനായ സിൻവാറിനെ ഇസ്രാഈൽ കാണുന്നത്. തുടർന്ന് ഇസ്രാഈൽ ഗസ്സയിൽ തുടരുന്ന ആക്രമണത്തിൽ 42,000ത്തിലേറെ ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ആരാണ് യഹ്‌യ സിൻവാർ?
1962 ഒക്ടോബർ 29ന് ഫലസ്തീനിലെ ഖാൻ യൂനിസ് നഗരത്തിലെ അഭയാർഥി ക്യാമ്പിലാണ് യഹ്‌യ സിൻവാർ ജനിച്ചത്. ഖാൻ യൂനിസ് സെക്കൻഡറി സ്‌കൂൾ ഫോർ ബോയ്‌സിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സിൻവാർ ഗസയിലെ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് അറബിക് പഠനത്തിൽ ബിരുദം നേടി. പഠനകാലത്ത് ഫലസ്തീനിലെ മുസ്‌ലിം ബ്രദർഹുഡിൻ്റെ വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു.
1987ൽ ഹമാസ് രൂപീകരിച്ചപ്പോൾ സിൻവാർ അതിന്റെ ഭാഗമായി. അതിനിടയിൽ നിരവധി തവണ ഇസ്രാഈൽ സൈന്യം അറസ്റ്റ് ചെയ്തു. 1980-കളുടെ അവസാനത്തിൽ, ഇസ്രാഈലുമായി സഹകരിക്കുന്നതായി സംശയിക്കുന്ന ഫലസ്തീനികളെ ഉന്മൂലനം ചെയ്യാൻ ചുമതലപ്പെടുത്തിയ അൽ-മജ്ദ് സുരക്ഷാ യൂണിറ്റിന്റെ മുൻ തലവനാണ് യഹ്‌യ സിൻവാർ.
1988-ൽ രണ്ട് ഇസ്രാഈൽ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് സിൻവാർ തൻ്റെ ജീവിതത്തിൻ്റെ 22 വർഷവും ഇസ്രാഈൽ ജയിലുകളിൽ ചെലവഴിച്ച വ്യക്തിയാണ്. ജയിലിലായിരുന്ന സമയത്ത് ഹീബ്രു ഭാഷ പഠിക്കുകയും ഇസ്രാഈലി കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു. തടവുകാരെ കൈമാറുന്നതിനുള്ള കരാറിൻ്റെ ഭാഗമായി 2011-ൽ അദ്ദേഹത്തെ മോചിപ്പിച്ചു.
മോചിതനായ ശേഷം, സിൻവാർ വീണ്ടും ഹമാസിൻ്റെ നിരകളിലൂടെ അതിവേഗം ഉയർന്നു. 2012 ൽ, ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിനായിരുന്നു ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സിന്റെ ചുമതല. ഇസ്രാഈലിൻ്റെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ അദ്ദേഹം ഒന്നാമതാണ്. യുഎസ് കരിമ്പട്ടികയിലും യഹ്‌യ സിൻവാറിന്റെ പേരുണ്ട്. ഹമാസിന്റെ പ്രസിദ്ധമായ തുരങ്കപാതയുടെ ആസൂത്രകനും ഇദ്ദേഹം തന്നെയാണെന്നാണ് പറയുന്നത്.
സിൻവാർ ഗസ്സയിൽ 10 നിലകൾ താഴ്ചയിൽ ഭൂമിക്കടിയിൽ ഒളിച്ചിരിക്കുകയാണെന്ന് ജൂണിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ പറഞ്ഞിരുന്നു. ഫെബ്രുവരിയിൽ, സിൻവാറും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും ഗസ്സയിൽ ഒരു തുരങ്കത്തിലൂടെ നടക്കുന്നതായി ഇസ്രാഈൽ ഡിഫൻസ് ഫോഴ്‌സ് (IDF) വീഡിയോ പുറത്തുവിട്ടിരുന്നു. ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം യഹ്‌യ സിൻവാറിനെ പൊതുവേദികളിൽ കണ്ടിട്ടില്ല.
#YahyaSinwar, #Hamas, #Gaza, #MiddleEast, #Leadership, #Conflict