Heavy Rain | കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു; കാസര്‍കോട് ഉള്‍പെടെ 2 ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത
7 ജില്ലകളില്‍ മഞ്ഞ ജാഗ്രത.
പല ജില്ലകളിലും ഓറന്‍ജ്, മഞ്ഞ ജാഗ്രതകള്‍.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ചൊവ്വാഴ്ച (25.06.2024) രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ചൊവ്വാഴ്ച ഓറന്‍ജ് ജാഗ്രത ഉള്ളത്. 26ന് വയനാട് ജില്ലയിലും ഓറന്‍ജ് ജാഗ്രതയാണ്.
പല ജില്ലകളിലും ഓറന്‍ജ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 115.6 മുതല്‍ 204.4 മിലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴക്കും വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ട്.
അടുത്ത നാല് ദിവസങ്ങളിലെ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ച ജില്ലകള്‍:
ജൂണ്‍ 25: എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
26: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.
27: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
28: കണ്ണൂര്‍, കാസര്‍കോട്, കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മഞ്ഞ ജാഗ്രതകൊണ്ട് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മിലിമീറ്ററില്‍ മുതല്‍ 115.5 മിലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനല്‍ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകള്‍ അപകടകാരികളാണ്.
കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടല്‍ തീരങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും ബുധനാ്ച (26.06.2024) രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മീന്‍പിടുത്തത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്ത യാനങ്ങള്‍ (ബോട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.