New Cyclone | വരുന്നത് ശക്തമായ മഴ; കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ കേന്ദ്രം
7 ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത.
കര്‍ണാടക തീരങ്ങളില്‍ വിലക്കില്ല.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത.
തിരുവനന്തപുരം: (KVARTHA) തെക്ക് - കിഴക്കന്‍ അറബിക്കടലില്‍ കേരളം തീരത്തിന് അരികെയായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കില്‍ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
തെക്കന്‍ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മീന്‍പിടുത്തത്തിന് പോകാന്‍ പാടുള്ളതല്ല. കര്‍ണാടക തീരങ്ങളില്‍ മീന്‍പിടുത്തത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 31 മുതല്‍ ജൂണ്‍ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.