മഴയുടെ സംഹാരതാണ്ഡവം: കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം, സ്കൂളുകൾക്കും വീടുകൾക്കും നാശം


● 257 ഹൈടെൻഷൻ പോസ്റ്റുകൾ തകർന്നു.
● 2505 ലോ ടെൻഷൻ പോസ്റ്റുകളും നിലംപൊത്തി.
● 7.12 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങി.
● 5.39 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിച്ചു.
● അടിയന്തര നമ്പർ: 9496010101.
● ടോൾ ഫ്രീ നമ്പർ: 1912.
● ഗ്രാമീണ മേഖലകളിൽ വൻ നാശനഷ്ടം.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും ശക്തമായ കാറ്റും വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി. കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത ആഘാതമാണ് നേരിട്ടത്. ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും ഒരുപോലെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നിരവധി വീടുകൾക്കും പൊതുസ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി.
കെ.എസ്.ഇ.ബിക്ക് കനത്ത നാശം; തകര്‍ന്നത് 2762 പോസ്റ്റുകള്‍, വിതരണമേഖലയില്‍ 26.89 കോടിയുടെ നഷ്ടം
സംസ്ഥാനത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായത്. നിലവിലെ കണക്കുകള്‍ പ്രകാരം 257 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2505 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. ഇത് വിതരണമേഖലയില്‍ ഏകദേശം 26.89 കോടിയുടെ നഷ്ടത്തിന് കാരണമായി. 7,12,679 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാര്‍ സംഭവിച്ചതില്‍ 5,39,976 പേർക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് നൽകി. ബാക്കിയുള്ള വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനുള്ള ഊര്‍ജ്ജിത ശ്രമം സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അത് സെക്ഷന്‍ ഓഫിസുകളിലോ, 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കേണ്ടതാണ്. പരാതികള്‍ അറിയിക്കാന്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കും വിളിക്കാവുന്നതാണ്. വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ എസ്.എം.എസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് www(dot)kseb(dot)in എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
മഴയും കാറ്റും ഗ്രാമീണ മേഖലകളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. വൈദ്യുതി കമ്പികള്‍ക്കു മുകളില്‍ മരങ്ങള്‍ വീണ് പോസ്റ്റുകള്‍ ഒടിഞ്ഞു. പലയിടത്തും വൈദ്യുതിബന്ധം താറുമാറായി. വീടുകള്‍ക്കു മുകളിലും മരങ്ങള്‍ വീണ് നാശനഷ്ടങ്ങളുണ്ടായി. മംഗലപുരം ഗ്രാമപഞ്ചായത്തില്‍ കൈലാത്തുകോണം ഗവ. എല്‍പി സ്‌കൂള്‍ കെട്ടിടത്തിനോടു ചേര്‍ന്നുള്ള കൂറ്റന്‍ മരം കടപുഴകി ഓടിട്ട മേല്‍ക്കൂരയ്ക്കു മുകളില്‍ വീണു. ഒരു ഭാഗത്തെ ഓടുകളും കഴുക്കോലുകളും തകര്‍ന്നു. മറ്റൊരു മരം പാചകപ്പുരയുടെ മുകളിലേക്കാണ് വീണത്. പാചകക്കാരി വന്നു മടങ്ങിയതിനു പിന്നാലെയായിരുന്നു മരം വീണത്. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് മരങ്ങള്‍ കടപുഴകിയത്. കെട്ടിടത്തിനു സമീപത്തായി അപകടാവസ്ഥയില്‍ ഇനിയും മരങ്ങള്‍ നില്‍ക്കുന്നുണ്ടെന്നും സ്‌കൂള്‍ തുറക്കും മുൻപ് ഇവ മുറിച്ചുമാറ്റിയില്ലെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ പഞ്ചായത്തില്‍ നല്‍കിയിട്ടും പേരിന് മൂന്നു മരങ്ങള്‍ മാത്രമാണ് മുറിച്ചതെന്ന് ചെമ്പകമംഗലം വാര്‍ഡംഗം ജെ.ബിനി അറിയിച്ചു.
അണ്ടൂര്‍ക്കോണം, കണിയാപുരം പള്ളിപ്പുറം, പാച്ചിറ പ്രദേശങ്ങളിലും കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. അണ്ടൂര്‍ക്കോണം പള്ളിപ്പുറം പാച്ചിറ അഖില്‍ നിലയത്തില്‍ ബിന്ദുകുമാരിയുടെ വീടിനു മുകളില്‍ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന പ്ലാവ് വീണു. സമീപ വീട്ടിലും നാശനഷ്ടമുണ്ടായി. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപം പുതുവലില്‍ കൂറ്റന്‍ പ്ലാവ് വീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ പലകഷ്ണങ്ങളായി ഒടിഞ്ഞു. മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന വഴിയുടെ കുറുകെ വീണ മരം ശനിയാഴ്ചയും മുറിച്ചുമാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രദേശമാകെ വൈദ്യുതി ബന്ധം താറുമാറായി.
വര്‍ക്കലയുടെ വിവിധ ഭാഗങ്ങളിലും മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണു ഇലക്ട്രിക് ലൈനുകള്‍ തകര്‍ന്നു. പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കഴിഞ്ഞദിവസം രാത്രി നരിക്കല്ലുമുക്ക് ജംഷനിലും പ്ലാവഴികം ഒന്നാം പാലത്തിന് സമീപവും മരങ്ങളുടെ ശിഖരം ലൈനില്‍ വീണു റോഡില്‍ പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ നടയറ കലാം റോഡില്‍ തെങ്ങ് റോഡിന് കുറുകെ പതിച്ചു. തൊടുവേ ശിവഗിരി റോഡില്‍ മരം റോഡ് മധ്യത്തില്‍ വീണു. വെട്ടൂര്‍ നെടുംങ്ങണ്ടം സ്‌കൂളിനു സമീപവും മരം റോഡിലേക്കും വെട്ടൂര്‍ പ്ലാവഴികം ക്ഷേത്രത്തിനു സമീപം പ്ലാവ് കടപുഴകി തൊട്ടടുത്ത വീടിനു മേലും പതിച്ചു. ആര്‍ക്കും പരുക്കില്ല എന്നത് ആശ്വാസകരമാണ്.
വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കാൻ കെ.എസ്.ഇ.ബിക്ക് എന്ത് ചെയ്യാൻ കഴിയും? ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Heavy rains and strong winds caused widespread damage to KSEB's power distribution system in Kerala, resulting in a loss of Rs 26.89 crore. 2762 electricity poles were destroyed, affecting over 7 lakh consumers. Rural areas and various buildings also suffered significant damage.
#KeralaRains #KSEBDamage #PowerOutage #NaturalDisaster #KeralaNews #Monsoon