മഴ കനക്കുന്നു: ക്വാറികൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും നിരോധനം; കള്ളക്കടൽ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി


● കാലവർഷം കേരള തീരം തൊട്ടേക്കും.
● കണ്ണൂർ, കാസർകോട് റെഡ് അലർട്ടിൽ.
● 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്.
● മത്സ്യബന്ധനത്തിന് വിലക്ക്
● മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ളവർ മാറണം.
● അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.
തിരുവനന്തപുരം: (KVARTHA) കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊട്ടേക്കും. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച (24.05.2025) അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഞായറാഴ്ചയും ശക്തമായ മഴ; കള്ളക്കടൽ മുന്നറിയിപ്പ്
കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കാലവർഷം കേരളത്തിലെത്തിയെന്ന ഔദ്യോഗിക സ്ഥിരീകരണം ശനിയാഴ്ച തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്.
ക്വാറികൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും നിയന്ത്രണം
മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂർ ജില്ലകളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണമുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി, ട്രക്കിംഗ് എന്നിവ നിരോധിച്ചു. വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്ന് ഉറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക.
മഴ മുന്നറിയിപ്പ് ശക്തമായ സാഹചര്യത്തിൽ നിങ്ങളുടെ പ്രദേശത്ത് സ്വീകരിച്ച മുൻകരുതലുകൾ പാലിക്കുക. അഭിപ്രായങ്ങള്‍ കമന്റ് ചെയ്ത് വാര്‍ത്ത ഷെയര്‍ ചെയ്യുക.
Kerala anticipates heavy monsoon rains, with Red Alerts in Kannur and Kasaragod, and Orange Alerts in nine other districts. Quarrying, fishing, and certain tourist activities are restricted. Public is advised to take precautions against landslides and floods.
#KeralaMonsoon #RedAlert #WeatherWarning #KeralaRains #DisasterPreparedness #Monsoon2024