സംസ്ഥാനത്ത് കനത്ത മഴ: തൃശൂരിൽ ട്രെയിൻ തടസ്സപ്പെട്ടു, എറണാകുളത്ത് കാർ മറിഞ്ഞു, ഒരാളെ കാണാതായി


● കോട്ടയം സ്വദേശി ജയിംസിന് അപകടത്തിൽ പരുക്കേറ്റു.
● മൂവാറ്റുപ്പുഴയിൽ വള്ളിക്കട സ്വദേശി ജോബിനെ കാണാതായി.
● കണ്ണൂർ മലയോരത്ത് പുഴകൾ കരകവിഞ്ഞ് ഒഴുകുന്നു.
● വയനാട്ടിൽ വെള്ളം കയറി പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
● കോഴിക്കോട് മണ്ണിടിച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം: (KVARTHA) കേരളത്തിൽ കനത്ത മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ മഴ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെ അപകടങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. തൃശൂർ-ഗുരുവായൂർ റെയിൽവേ പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളത്ത് കാർ തലകീഴായി മറിഞ്ഞു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതാവുകയും ചെയ്തു.
തൃശൂരിൽ റെയിൽവെ ഗതാഗതം തടസ്സപ്പെട്ടു
തൃശൂർ അമല പരിസരത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്നാണ് തൃശൂർ-ഗുരുവായൂർ പാതയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ഇലക്ട്രിക് ലൈനുകളിലേക്ക് മരം വീണത് വൈദ്യുതി വിതരണത്തെയും ബാധിച്ചിട്ടുണ്ട്. റെയിൽവേ അധികൃതർ മരം നീക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇത് ട്രെയിൻ സർവീസുകളെ കാര്യമായി ബാധിച്ചു.
എറണാകുളത്ത് കാർ അപകടം; ഒരാളെ കാണാതായി
എറണാകുളം കളമശ്ശേരി അപ്പോളോ ജംഗ്ഷന് സമീപത്തെ മേൽപ്പാതയിൽ ഇന്ന് പുലർച്ചെ 5:15 ഓടുകൂടി കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജയിംസിന് പരിക്കേറ്റു. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നിലുണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം. ജയിംസ് കാർ വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ സൈഡിൽ ഇടിച്ച് മറിയുകയായിരുന്നു.
ഇതിനിടെ, മൂവാറ്റുപ്പുഴ വടക്കേകടവിൽ വള്ളിക്കട സ്വദേശി ജോബിനെ (42) ഒഴുക്കിൽപ്പെട്ട് കാണാതായി. ഞായറാഴ്ച രാത്രിയാണ് സംഭവം. ജോബിനെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ വെള്ളപ്പൊക്കം
കണ്ണൂരിൽ മലയോരത്ത് കനത്ത മഴ തുടരുകയാണ്. കണ്ണൂരിലെ കുപ്പം പുഴ കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവ്, ചപ്പാത്ത്, വയത്തൂർ എന്നീ പാലങ്ങൾ വെള്ളത്തിൽ മുങ്ങി. മലയോര ഹൈവേയുടെ നിർമ്മാണത്തിനായി അങ്ങാടികടവിൽ താത്കാലികമായി ഉണ്ടാക്കിയ പാലവും മുങ്ങിപ്പോയി. പുഴയ്ക്ക് സമീപത്തെ കടകളിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി.
വയനാട് മുത്തങ്ങ മന്മഥമൂല റോഡിൽ കല്ലൂർപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറി. മൻമഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലുമൂക്ക് ഉന്നതി, ചിറമൂല, ചുണ്ടക്കുനി ഉന്നതി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മുട്ടിൽ പഞ്ചായത്തിലെ നാല് സെന്റ് കോളനിയിലെ ആളുകളെ പനംകണ്ടി സ്‌കൂളിലേക്ക് മാറ്റിപാർപ്പിക്കുകയാണ്.
കോഴിക്കോട് ബാലുശ്ശേരി കോട്ട നടപ്പുഴയിലും വെള്ളം കയറി തുടങ്ങി. കൊടിയത്തൂർ കാരാട്ട് പ്രദേശത്ത് റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര ഹൈവേ നിർമ്മാണം നടക്കുന്ന ഏകരൂൽ - കക്കയം റോഡിൽ 26-ാം മൈലിൽ മണ്ണിടിച്ചിലുണ്ടായി.
പരീക്ഷ മാറ്റിവെച്ചു, തിരച്ചിൽ തുടരുന്നു
കനത്ത മഴയുടെ സാഹചര്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) തിങ്കളാഴ്ച (മെയ് 27) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്‌ചയും കാസർകോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് അവധി തീരുമാനം. കാസർകോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ താധികൃതർ അറിയിച്ചു.
പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഷൊർണ്ണൂർ കൈലിയാട് കൂരിയാട്ട് പറമ്പിൽ മുബിൻ മുരളിക്കായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു. അഗ്‌നിരക്ഷാ സേനയ്‌ക്കൊപ്പം പ്രത്യേക പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരും തിരച്ചിലിന്റെ ഭാഗമാകും. മണ്ണാർക്കാട് പോലീസിന്റെ മേൽനോട്ടത്തിൽ പാലക്കാട് നിന്നുൾപ്പെടെ കൂടുതൽ അഗ്‌നിരക്ഷാ സേനാംഗങ്ങളെ എത്തിച്ചാണ് തിരച്ചിൽ നടത്തുന്നത്. സുരക്ഷാ സംവിധാനങ്ങളേതുമില്ലാത്ത കുരുത്തിച്ചാലിൽ ഇതിനോടകം 13 പേരുടെ ജീവനാണ് പൊലിഞ്ഞത്. ജില്ലയിലെ പുഴകൾ, വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് കളക്ടർ ഉത്തരവിറക്കി.
കനത്ത മഴയിൽ കേരളം, നിങ്ങളുടെ പ്രദേശത്തെ മഴക്കെടുതികൾ പങ്കുവെക്കുക. വാർത്ത ഷെയര്‍ ചെയ്യൂ.
Article Summary: Heavy rains cause widespread disruption in Kerala: train services halted in Thrissur, a car overturned in Ernakulam, a man is missing in Muvattupuzha, and various districts face flooding and landslides.
#KeralaRains #MonsoonKerala #Flooding #Landslides #TrainDisruption #RoadSafety