Heatwave | കേരളത്തിൽ ചൂട് കനക്കുന്നു; യു.വി. വികിരണവും താപനിലയും ഉയർന്നു; ജാഗ്രതാ നിർദ്ദേശങ്ങൾ

 
Image Representing Heatwave Intensifies in Kerala: UV Radiation and Temperature Rise, Alert Issued
Image Representing Heatwave Intensifies in Kerala: UV Radiation and Temperature Rise, Alert Issued

Representational Image Generated by Meta AI

● അൾട്രാവയലറ്റ് വികിരണം വർദ്ധിച്ചതിനാൽ ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
● പകൽ 10 മുതൽ മൂന്ന് വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം.
● നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക.
● ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
● അവശ്യ ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക.

തിരുവനന്തപുരം: (KVARTHA) കേരളത്തിൽ വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിൻ്റെ തോത് വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. രണ്ട് ജില്ലകളിൽ യു.വി. ഇൻഡക്‌സ് 11-ന് മുകളിലെത്തി. ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. നാല് ജില്ലകളിൽ യു.വി. ഇൻഡക്‌സ് ഓറഞ്ച് ലെവലിലാണ്. എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, വയനാട് ജില്ലകളിൽ യെല്ലോ ലെവലും, കണ്ണൂർ, ആലപ്പുഴ, കാസർകോട് ജില്ലകളിൽ കുറഞ്ഞ തോതിലുമാണ് യു.വി. ഇൻഡക്‌സ്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36-38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് തുടരുന്നത്. മലയോര മേഖലകളിലൊഴികെയുള്ള ഇടങ്ങളിൽ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷമായിരിക്കും. വരും ദിവസങ്ങളിലും ചൂട് കനക്കാനാണ് സാധ്യതയെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിലും അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. പത്തുമണി മുതൽ മൂന്നു മണി വരെയുള്ള സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും പരമാവധി വെള്ളം കുടിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സുര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ്. ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ്‌മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.

മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുക. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്‌ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം.

ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Kerala experiences intense heatwave with rising UV radiation and temperatures. Districts under red and yellow alerts. Precautions advised: avoid direct sunlight, stay hydrated, wear light clothing, and protect vulnerable groups.

#Heatwave, #KeralaWeather, #UVRadiation, #Alert, #HeatSafety, #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia