Directives | വേനല്‍ച്ചൂട് ഉയരുന്നു: ഉഷ്ണതരംഗ മുന്നറിയിപ്പുമായി മുഖ്യമന്ത്രി


● തദ്ദേശസ്ഥാപനതലത്തിൽ ജാഗ്രതാ സന്ദേശങ്ങൾ നടപ്പിലാക്കണം.
● പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.
● തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിശ്രമവും കുടിവെള്ളവും നൽകണം.
● മൃഗങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ ഉണ്ടാകണം.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ വേനല്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗ സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകള്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂര്‍വ ശുചീകരണം, ആരോഗ്യ ജാഗ്രത- പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേനല്‍മഴ ലഭിക്കുന്നതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വൈകിട്ടത്തെ ചൂടില്‍ കുറവ് അനുഭവപ്പെടുമെങ്കിലും ജാഗ്രതയില്‍ കുറവുണ്ടാകാന്‍ പാടില്ല. ഇതിനായി ഉഷ്ണതരംഗത്തെ മറികടക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങളും ജാഗ്രതാ സന്ദേശങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ നടപ്പിലാക്കണം. പൊതുസ്ഥലങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തും. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീര്‍ പന്തലുകള്‍ വ്യാപകമാക്കണം. ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍, ഹോട്ടലുകളുടെ മുന്നില്‍ സെക്യൂരിറ്റിയായി നില്‍ക്കുന്നവര്‍ എന്നിവര്‍ക്കും വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പുതുക്കിയ സമയക്രമ ഉറപ്പുവരുത്തുന്നതോടൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കേണ്ടതുമാണ്. ടൂറിസ്റ്റുകള്‍ക്കിടയില്‍ ഉഷ്ണതരംഗ ജാഗ്രതാനിര്‍ദേശങ്ങള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് താലൂക്ക്തല ആശുപത്രികളില്‍ ചികിത്സാ സൗകര്യം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കും. തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജലക്ഷാമം മുന്‍കൂട്ടി മനസ്സിലാക്കി പ്രാദേശിക തലത്തില്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജലസംഭംരണികള്‍ ശുചീകരിച്ചും പരമാവധി വേനല്‍ മഴയിലൂടെയുള്ള ജലം സംഭരിച്ചും നിലവിലെ പ്രതിസന്ധികളെ ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ചൂടില്‍ നിന്നാവശ്യമായ സംരംക്ഷണം നല്‍കുന്നത് പോലെ അലഞ്ഞു തിരിയുന്ന മൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ ഉണ്ടാകണമെന്നതിനാല്‍ ഇവയ്ക്കാവശ്യമായ ശുദ്ധജലമടക്കം ഉറപ്പ് വരുത്തണം. വനം- വന്യജീവി സംഘര്‍ഷം പരമാവധി കുറക്കുന്നതിന് വനത്തിനുള്ളിലെ ജലലഭ്യതയും ജലസംഭരണികളുടെ സംരക്ഷണവും കൃത്യമായി ഉറപ്പ് വരുത്തണം.
ഉഷ്ണതരംഗം പ്രധാന വിഷയമാക്കി പ്രത്യേക വാര്‍ഡ് സഭകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവ ചേര്‍ന്ന് പൊതുചര്‍ച്ച ഉണ്ടാകണം. വഴിയോരക്കച്ചവടക്കാര്‍, വ്യാപാരികള്‍ എന്നിവര്‍ക്കും ജാഗ്രത നല്‍കുകയും ഇവര്‍ക്കാവശ്യമായ കുടിവെള്ള ലഭ്യതയ്ക്ക് സമീപ ഹോട്ടലുകളുമായി സഹകരിക്കാവുന്നതുമാണ്.കിടപ്പ് രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് വീടിനുള്ളിലും പ്രത്യേക ശ്രദ്ധ ഇക്കാലയളവില്‍ ഉണ്ടാകണം. ആശ, ആരോഗ്യപ്രവര്‍ത്തകരെ ഉപയോഗിച്ച് ഒരു നിരീക്ഷണ ടീം രൂപീകരിക്കുകയും ഇവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്യേണ്ടതാണ്. പാലിയേറ്റീവ് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കണം. വീടില്ലാതെ താമസിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും ഇവര്‍ക്ക് ആവശ്യമായ അഭയം നല്‍കേണ്ട സാഹചര്യത്തില്‍ അത് പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
തണലുള്ളതും വൃക്ഷങ്ങളുള്ളതുമായ പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ഇക്കാലയളവില്‍ പൊതുജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിനായി തുറന്നു നല്‍കണം. താപനില അളക്കാന്‍ കഴിയുന്ന മാപിനികള്‍ വ്യാപകമാക്കുകയും അവ നിരീക്ഷിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. തദ്ദേശീയ, പരമ്പരാഗത അറിവുകള്‍ പ്രാദേശികമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാകണം ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ടത്. ഹരിത ഇടങ്ങള്‍ സൃഷ്ടിച്ചും നഗരാസൂത്രണ രേഖയിലടക്കം കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടുത്തിയും ഗ്രീന്‍ സാങ്കേതിക വിദ്യ, കൂള്‍ റൂഫിംഗ് കെട്ടിട നിര്‍മ്മാണ രീതികള്‍ എന്നിവ പിന്‍തുടരുകയും ചെയ്യണം. കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറച്ചും തണല്‍ മരങ്ങള്‍ വ്യാപകമായി നട്ടുവളര്‍ത്തിയും ഏകോപിതമായ നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സെക്രട്ടേറിയറ്റ് നോര്‍ത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, കെ.എന്‍ ബാലഗോപാല്‍, വി ശിവന്‍ കുട്ടി, വീണാ ജോര്‍ജ്, എ.കെ ശശീന്ദ്രന്‍, ജെ ചിഞ്ചുറാണി, ഡോ. ആര്‍ ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വിവിധ വകുപ്പ് മേധാവികള്‍, ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ സുപ്രധാന വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തുക.
Chief Minister Pinarayi Vijayan has issued directives to maintain vigilance against the rising heatwave in Kerala. Measures include implementing local guidelines, ensuring public drinking water, providing rest and water for workers, and protecting animals. Healthcare facilities are preparing for heatwave-related issues, and long-term plans are being made to mitigate climate change effects.
#KeralaHeatwave #HeatwaveAlert #PinarayiVijayan #ClimateChange #KeralaWeather #HeatSafety