Alert | അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഓറഞ്ച്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു


● 4 ദിവസത്തിനുള്ളില്‍ കാലവര്‍ഷം പൂര്‍ണ്ണമായും വിടവാങ്ങാന്‍ സാധ്യത.
● അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
● തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത.
● കേരളാ തീരത്ത് മല്‍സ്യബന്ധത്തിന് വിലക്ക്.
● ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ (Rain) ലഭിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (India Meteorological Department) മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ ജാഗ്രതകള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച (14.10.2024) ആറ് ജില്ലയില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഞ്ഞ ജാഗ്രത ഉള്ളത്.
മധ്യ അറബികടലില്‍ തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ നിന്നുള്ള ന്യൂനമര്‍ദപാത്തി തെക്കന്‍ കേരളത്തിന് കുറുകെയായി നിലനില്‍ക്കുന്നുണ്ട്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടേക്കും. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഈ ദിവസങ്ങളില്‍ കേരളത്തില്‍ മഴ കനക്കാനാണ് സാധ്യത.
അടുത്ത നാല് ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണ്ണമായും വിടവാങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. അതേ ദിവസങ്ങളില്‍ തന്നെ തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കാനാണ് സാധ്യത.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരളാ തീരത്ത് മല്‍സ്യബന്ധത്തിന് വിലക്കുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മല്‍സ്യബന്ധത്തിന് വിലക്കേര്‍പ്പെടുത്തിയത്.
മഴ മുന്നറിയിപ്പുള്ള ജില്ലകള്‍
ഓറഞ്ച് ജാഗ്രത: ഒക്ടോബര്‍ 17 ന് കണ്ണൂര്‍, കാസര്‍കോട്.
യെലോ ജാഗ്രത: ഒക്ടോബര്‍ 13 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. ഒക്ടോബര്‍ 14 ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍. ഒക്ടോബര്‍ 15 ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. ഒക്ടോബര്‍ 16 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. ഒക്ടോബര്‍ 17 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
15 ന് രാവിലെ 5.30 മുതല്‍ 16 ന് രാത്രി 11.30 വരെ മാഹി തീരത്ത് 0.6 മുതല്‍ 1.0 മീറ്റര്‍ വരെയും തെക്കന്‍ തമിഴ് നാട് തീരത്ത് (കന്യാകുമാരി തീരം) 1.2 മുതല്‍ 1.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിര്‍ദേശങ്ങള്‍
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
#keralaweather, #heavyrain, #indiaweather, #weatheralert, #monsoon, #safety