Rain Alerts | കേരളത്തിന് മുകളിലും, ആന്ധ്രാ-തമിഴ്നാട് തീരത്തിനടുത്തും ചക്രവാതച്ചുഴികള്‍; സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
മഴ മുന്നറിയിപ്പില്‍ മാറ്റം.
മധ്യ-വടക്കന്‍ കേരളത്തില്‍ മഴ കനക്കും.
ചൊവ്വാഴ്ച (04.06.2024) 4 ജില്ലകളില്‍ മഞ്ഞ ജാഗ്രത.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുകയാണ്. ഇതിനിടെ, കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. മറ്റൊരു ചക്രവാതചുഴി തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്നാടിനും സമീപത്ത് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും തെക്കു - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ, കേരളാ തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും നിലനില്‍ക്കുന്നുണ്ട്.
ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസമായി വ്യാപകമായ ഇടത്തരം മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച (03.06.2024) അതിശക്തമായ മഴക്കും, പിന്നീടുള്ള അഞ്ച് ദിവസം ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. എറണാകുളത്തും കോഴിക്കോടും ഓറന്‍ജ് ജാഗ്രതയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് വിവരം. ചൊവ്വാഴ്ച (04.06.2024) എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മറ്റ് ജില്ലകളില്‍ അലര്‍ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.