Weather | ഉത്തരേന്ത്യയില്‍ കൊടും ശൈത്യം; കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങി; ദില്ലി വിമാനത്താവളത്തില്‍ പ്രതിസന്ധി, 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
● കട്ടപ്പുകയല്ലാതെ ഒന്നും കാണാത്ത സ്ഥിതി.
● വായുമലിനീകരണ തോത് മോശം അവസ്ഥയില്‍.
● ദില്ലിയില്‍ നിന്നുള്ള ഒരു വിമാനം റദ്ദാക്കി.
● നിരവധി വിമാനങ്ങള്‍ വൈകി.
ദില്ലി: (KVARTHA) ഉത്തരേന്ത്യയില്‍ കൊടും ശൈത്യത്തെ തുടര്‍ന്ന് കാഴ്ചാപരിധി (Visibility) പൂജ്യമായി ചുരുങ്ങി. ഇതോടെ ദില്ലി വിമാനത്താവളം പ്രതിസന്ധിയിലായി. ദേശീയ തലസ്ഥാനത്ത് ബുധനാഴ്ച കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ ദില്ലിയില്‍ നിന്നുള്ള ഒരു വിമാനം റദ്ദാക്കി.
രാവിലെ 8.30ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സീറോ മീറ്റര്‍ ദൃശ്യപരത രേഖപ്പെടുത്തി. റണ്‍വേ വിഷ്വല്‍ റേഞ്ച് വിവിധ സ്ഥലങ്ങളില്‍ 125 മുതല്‍ 500 മീറ്റര്‍ വരെ വ്യത്യാസപ്പെടുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
പുലര്‍ച്ചെ 5.30 ഓടെ 'വളരെ സാന്ദ്രമായ' മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ തുടങ്ങി, വൈകാതെ ദേശീയ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് വീശുകയായിരുന്നുവെന്ന് ഐഎംഡി അറിയിച്ചു. ദൃശ്യപരത കുറവായതിനാല്‍ 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി വിമാനങ്ങള്‍ വൈകി. മേഖലയില്‍ നിലവില്‍ കാഴ്ചാപരിധി 50 മീറ്റര്‍ മാത്രമാണ്.
ദില്ലിയില്‍ കുറഞ്ഞ താപനില 24 മണിക്കൂറിനിടെ 17 ഡിഗ്രിവരെ താഴ്ന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും കാഴ്ചാപരിധി ചുരുങ്ങിയിട്ടുണ്ട്. ബുധനാഴ്ച ദില്ലിയില്‍ രേഖപ്പെടുത്തിയ വായുമലിനീകരണ തോത് ശരാശരി 361 എന്ന വളരെ മോശം അവസ്ഥയിലാണ്.
#DelhiFog #IndiaWeather #FlightDelays #AirPollution #Winter #DelhiAirport