Preparedness | ഡാന ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമായി ഒഡീഷ; ഏകോപനത്തിന് ദുരന്തം നേരിട്ടുപരിചയമുള്ള 6 ഐഎഎസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

 
6 IAS officers called in, 200 trains cancelled, monuments shut: How Odisha is bracing to tackle cyclone Dana
6 IAS officers called in, 200 trains cancelled, monuments shut: How Odisha is bracing to tackle cyclone Dana

Image Credit: X/India Meteorological Department

● ചുഴലിക്കാറ്റ് മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗം.
● കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത.
● ഈസ്റ്റ് കോസ്റ്റ് റെയില്‍വെ 200 ട്രെയിനുകള്‍ റദ്ദാക്കി.
● 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
● സ്മാരകങ്ങളും മ്യൂസിയങ്ങളും 2 ദിവസത്തേക്ക് അടച്ചിടും.

ഭുവനേശ്വര്‍: (KVARTHA) സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ പരമാവധി സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന ഡാന ചുഴലിക്കാറ്റിനെ (Dana Cyclone) നേരിടാന്‍ ഒഡീഷ സര്‍ക്കാര്‍ അതിന്റെ മുന്‍കാല അനുഭവങ്ങളെ ആശ്രയിച്ച് ഒരുക്കങ്ങളോടെ സജ്ജമായി. ഡാന ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ആഘാതം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ മുന്‍ അനുഭവങ്ങളുടെ പിന്‍ബലത്തിലാണ് സര്‍ക്കാരിന്റെ തയ്യാറെടുപ്പ്. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ബുധനാഴ്ച തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. 24ന് രാത്രിയിലും 25ന് പുലര്‍ച്ചെയുമായി മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റ് വീശും. പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലൂടെ വടക്കന്‍ ഒഡീഷ, ബംഗാള്‍ തീരങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നുപോവും.

ബാലസോര്‍, ഭദ്രക്, മയൂര്‍ഭഞ്ച്, ജഗത്സിങ്പുര്‍, പുരി തുടങ്ങിയ ജില്ലകളില്‍ വലിയ ആഘാതം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ചുഴലിക്കാറ്റടിക്കുന്ന ജില്ലകളിലെ സമീപ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കലക്ടര്‍മാരായിരിക്കെ ചുഴലിക്കാറ്റ് ദുരന്തം നേരിട്ടുപരിചയമുള്ള ആറ്  മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഈ ജില്ലകളില്‍ വിന്യസിച്ചു.

ഒഡീഷ ദുരന്ത പ്രതികരണ സേനയുടെ 20 ടീമുകളെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ അവധി റദ്ദാക്കി. ആരോഗ്യ കേന്ദ്രങ്ങളിലേക്ക് തിരികെ എത്തണമെന്ന് നിര്‍ദ്ദേശിച്ചു. വയറിളക്കം, വിഷചികിത്സാ ഇഞ്ചക്ഷനുകള്‍ ഉള്‍പ്പെടെ മതിയായ മരുന്നുകള്‍ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. 

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സഞ്ചാരികളും തീര്‍ഥാടകരും പുരിയില്‍നിന്ന് മടങ്ങുകയാണ്. എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.

14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അവധി നല്‍കി. ഈസ്റ്റ് കോസ്റ്റ് റെയില്‍വെ 200 ട്രെയിനുകള്‍ റദ്ദാക്കി. നേരത്തേതു പോലെ, ഒരാളുടെ പോലും ജീവന്‍ നഷ്ടമാകരുതെന്ന ചിന്തയില്‍ അപകടസാധ്യതാ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനാണ് മുന്‍ഗണന. 800ലേറെ വിവിധോദ്ദേശ്യ ഷെല്‍ട്ടറുകള്‍ക്ക് പുറമെ, സ്‌കൂള്‍, കോളജ് കെട്ടിടങ്ങളിലായി 500 താല്‍ക്കാലിക ക്യാമ്പുകളും ഒരുക്കി. പാകം ചെയ്ത ഭക്ഷണം ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പുകളില്‍ ഉറപ്പാക്കുമെന്ന് സംസ്ഥാന റവന്യു, ദുരന്ത നിവാരണ മന്ത്രി സുരേഷ് പുജാരി പറഞ്ഞു. എല്ലാ എംഎല്‍എമാരും അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ തുടരണമെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ആവശ്യപ്പെട്ടു.

#CycloneDana #Odisha #India #DisasterRelief #Evacuation #Weather

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia