Amendment Bill | വഖഫ് ഭേദഗതി ബിൽ സൂക്ഷ്മ പരിശോധനയ്ക്ക്; പ്രതിപക്ഷത്തിന്റെ വിജയം
വഖഫ് ഭേദഗതി ബിൽ സമിതിയുടെ പരിശോധനയ്ക്ക്; പ്രതിപക്ഷം ശക്തമായി എതിര്‍ത്ത് രംഗത്തെത്തി.
ന്യൂഡൽഹി: (KVARTHA) വഖഫ് ഭേദഗതി ബിൽ സൂക്ഷ്മ പരിശോധനക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെ തുടർന്നാണ് ഈ നടപടി. ബില്ലിൽ ഭരണഘടനാപരമായി നിരവധി പിഴവുകളുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പരിഗണിച്ചാണ് ബിൽ കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്.
ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തു. കേന്ദ്ര വഖഫ് കൗണ്‍സിലന്റെയും സംസ്ഥാന ബോർഡുകളുടേയും അധികാരങ്ങൾ വെട്ടിക്കുറക്കുകയും വഖഫ് ബോർഡുകളിൽ അമുസ്ലിംകൾക്കും അംഗത്വം നൽകാൻ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ ഭരണഘടനാ വിരുദ്ധമായി ചിത്രീകരിച്ചു.
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ അയോധ്യക്ഷേത്ര ഭരണസമിതിയിലും ഗുരുവായൂർ ദേവസ്വം ബോർഡിലും ഹിന്ദു വിശ്വാസികളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് ചോദിച്ചുകൊണ്ട് ബില്ലിനെ നേരിട്ടു. ബിൽ ഫെഡറൽ സംവിധാനത്തിനും ഭരണഘടനക്കും നേരെയുള്ള ആക്രമണമാണെന്നും ആരാധനാ സ്വാതന്ത്യത്തിന് നേരെയുള്ള കയ്യേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന മൂല്യങ്ങൾക്ക് എതിരാണ് വഖഫ് ഭേദഗതി ബില്ലെന്നും ജുഡീഷ്യൽ പരിശോധന നടന്നുകഴിഞ്ഞാല്‍, ബിൽ പൂർണ്ണമായും റദ്ദാക്കപ്പെടുമെന്നും ആർ.എസ്.പി. അംഗം എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. ബിൽ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും ഭരണഘടനയുടെ 30-ാം വകുപ്പ് ഇത് ലംഘിക്കുന്നുവെന്നും ഡി എം കെ. എം പി. കനിമൊഴി പറഞ്ഞു.
സമദാനി എംപിയുടെ പ്രതികരണം:
‘തീർത്തും പ്രതിലോമപരമായ ഈ കരിനിയമത്തിന്റെ പിന്നിൽ സർക്കാരിനുള്ള ഗൂഢോദ്ദേശ്യവും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും പൂർണമായും നിഷ്ഫലമായെന്ന് പറയാനാവില്ലെങ്കിലും സർക്കാർ കൊണ്ടുവന്ന നിയമം കൂടുതൽ വിശകലനത്തിനും പാർലിമെൻ്ററി ജനാധിപത്യസംവിധാനത്തിൻ്റെ നിയമപരമായ പുന:പരിശോധനക്കും വിധേയമാക്കപ്പെടുന്നുവെന്നത് അടുത്ത കാലത്ത് ശക്തമായിരിക്കുന്ന പ്രതിപക്ഷ, മതേതര ചേരിയുടെ ഐക്യത്തിന്റെ കൂടി ഫലമാണ്’ ഇന്ത്യൻ മതേതരത്വത്തിന്റെയും ഭരണഘടനാസംവിധാനത്തിന്റെയും അവിഭാജ്യഘടകമായിരിക്കുന്ന ന്യൂനപക്ഷങ്ങളോടുള്ള നീതി ഉറപ്പാക്കുകയെന്ന പരമപ്രധാനമായ തത്വത്തെ ആത്മാർത്ഥമായ നിശ്ചയദാർഢ്യത്തോടെ എല്ലാ പ്രതിപക്ഷ കക്ഷികളും ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെ പ്രത്യാശാജനകമായ പ്രകടനങ്ങൾക്കാണ് പാർലിമെൻ്റ് ഇന്ന് സാക്ഷ്യം വഹിക്കുകയുണ്ടായത്. രാജ്യത്തിൻ്റെ ഭാവിയെ സംബന്ധിച്ച ഏറെ പ്രതീക്ഷകളുയർത്തുന്ന ദിശാസൂചിക കൂടിയാണിത്. ബിൽ അവതരണത്തെ ശക്തമായി എതിർത്തുകൊണ്ട് സ്പീക്കർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നുവെന്നും സമദാനി പറഞ്ഞു.