Politics | ദളപതിയുടെ പാര്‍ട്ടി തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കുമോ? നെഞ്ചിടിപ്പേറിയത് ബിജെപിക്ക്

 
Vijay and his new political party
Vijay and his new political party

Photo Credit: X / TVK Vijay

* വിസികെ പാര്‍ട്ടി വിജയ് പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന സംശയം ഡിഎംകെയ്ക്കുണ്ട്.
* തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കം.

ഭാമനാവത്ത് 

ചെന്നൈ: (KVARTHA) തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി യാഥാര്‍ത്ഥ്യമാകുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിയൊഴുക്കിനും ധ്രുവീകരണത്തിനും സാധ്യതയേറി. വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രികഴകത്തിനെ പരസ്യമായി എതിര്‍ക്കുന്നില്ലെങ്കിലും ഭരണകക്ഷിയായ ഡി.എം.കെ അണിയറയില്‍ എതിര്‍പ്പു ശക്തമാക്കിയിട്ടുണ്ട്. ഈ മാസം 23ന് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ പ്രഥമ ടിവികെ സമ്മേളനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിനെതിരെ പൊലീസിനെ ഉപയോഗിച്ചു പാരപണിയുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍. 

പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്. സമ്മേളനം നടത്താന്‍ അനുമതി തേടി ടിവികെ നല്‍കിയ കത്ത് പൊലീസ് പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് തീരുമാനമെടുക്കാതെ ഉരുണ്ടുകളിക്കുകയാണ്. എന്നാല്‍ ടിവികെ സമ്മേളനത്തിന് ആശംസ അറിയിച്ച് ഡിഎംകെ സഖ്യത്തിലുള്ള വിസികെ പാര്‍ട്ടി നേതാവായ തിരുമാളവന്‍ എംപി രംഗത്ത് വന്നത് ഡി.എം.കെയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ രണ്ട് ലോക്‌സഭ എംപിമാരുള്ള പ്രമുഖ ദളിത് പാര്‍ട്ടിയായ വിസികെയുമായി വിജയ് സഖ്യത്തിന് ശ്രമിക്കുമെന്ന സംശയവും ഡി.എം.കെയ്ക്കുണ്ട്. 

ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചതോടെ വിജയിയുടെ പാര്‍ട്ടിയുടെ രൂപീകരണത്തിന് ഇനി സംസ്ഥാന സമ്മേളനം മാത്രമേ നടക്കേണ്ടതായുളളൂ. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്നായിരുന്നു ഈ വാര്‍ത്തയോട്  വിജയ് പ്രതികരിച്ചത്. തന്റെ പാര്‍ട്ടിക്കുമുന്‍പിലുളള ആദ്യ വാതില്‍ തുറന്നുവെന്നായിരുന്നു വിജയ് തന്റെ സാമൂഹ്യ മാധ്യമ പേജില്‍ കുറിച്ചത്.  എല്ലാവരും സമന്മാരെന്ന തത്വത്തില്‍ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം വിജയ്ക്കെതിരെ ബിജെപി  സംസ്ഥാന ഘടകം പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.  വിനായക ചതുര്‍ത്ഥിക്ക് വിജയ് ആശംസ അറിയിക്കാത്തതിലാണ് ബി.ജെ.പി ആദ്യവെടി പൊട്ടിച്ചത് അവസരവാദിയായ ഹിന്ദുവാണ് വിജയെന്നും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും ബിജെപി നേതാവ് വിനോജ് പി സെല്‍വം വിമര്‍ശിച്ചു. ഡിഎംകെയെ കോപ്പിയടിക്കാനാണ് ടിവികെയുടെ തുടക്കത്തിലേയുള്ള ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കെ അണ്ണാമലൈയുടെ വിശ്വസ്തനാണ് വിനോജ്.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന് ജോസഫ് വിജയ് എന്ന പേരുയര്‍ത്തി വിജയിയെ ബിജെപി ആക്രമിച്ചിരുന്നു. വിജയയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ബിജെപി പൊതുവില്‍ ഇതുവരെ സ്വീകരിച്ചതെങ്കിലും തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുമുണ്ട്. ഒരു ചേരിയിലും നില്‍ക്കാതെ വിജയിയുടെ പാര്‍ട്ടി സ്വതന്ത്രമായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ ചോരുക എ.ഐ.ഡി.എം.കെയുടെയും ബി.ജെ.പിയുടെയും വോട്ടുകളാകാനാണ് സാധ്യത. 

ഡി.എം.കെ, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, എ.ഐ.ഡി.എം.കെ, ബി.ജെ.പി എന്നിവയ്ക്കു പുറമേ വിജയിയുടെ പാര്‍ട്ടിയും കളത്തിലിറങ്ങുമ്പോള്‍ അതിശക്തമായ ചതുഷ്‌ക്കോണ മത്സരമാണ് തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത്. തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി ദേശീയ രാഷ്ട്രീയം പറഞ്ഞു വളരാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഇതുവരെ വിയര്‍പ്പൊഴുക്കിയതെല്ലാം വിജയിയുടെ പാര്‍ട്ടി രൂപീകരണത്തോടെ വെറുതെയാകുമോയെന്ന ആശങ്കയിലാണ്.
 

politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia