Legacy | ചരിത്രത്തിൽ വാഴ്ത്തപ്പെടാതെ പോയ നക്ഷത്ര വിളക്ക്; ബാരിസ്റ്റർ എ കെ പിള്ള ഓർമിയായിട്ട് 75 വർഷങ്ങൾ


● വൈക്കം സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്തു
● സ്വരാജ് എന്ന പത്രം സ്ഥാപിച്ചു
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) വർഷം 1921. ഇന്ത്യൻ സ്വാതന്ത്രസമരം മഹാത്മജിയുടെ നേതൃത്വത്തിൽ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടം. കൊല്ലം തേവലക്കര സ്വദേശിയായ സാമാന്യം നല്ല സാമ്പത്തിക ചുറ്റുപാടിൽ ജീവിക്കുന്ന അയ്യപ്പൻപിള്ള കൃഷ്ണപിള്ള എന്ന യുവാവ് ബിരുദ പഠനം കഴിഞ്ഞ് ലണ്ടനിലേക്ക് നിയമപഠനത്തിനു പോകുന്നു. സ്വന്തം പുരയിടം പണയം വെച്ച് കിട്ടിയ പണവുമായാണ് ലണ്ടനിലേക്ക് തിരിച്ചത്. ലണ്ടനിൽ പഠനം തുടങ്ങിയപ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഉൾവിളി. നാട്ടിലേക്ക് ആരോ പിടിച്ചു വലിക്കുന്നു.
എന്ത് ചെയ്തിട്ടും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. ഉൾവിളിക്ക് കാരണംമറ്റാരുമല്ല മഹാത്മാഗാന്ധിയായിരുന്നു. മഹാത്മാഗാന്ധിയെ കണ്ടേ തീരൂ. ഗാന്ധിജിയാണ് എന്റെ തൻ്റെവഴികാട്ടിയെന്ന് അസ്വസ്ഥമായ മനസ് വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു. ഒന്നും ആലോചിച്ചില്ല. നഷ്ടങ്ങളെ പറ്റി ചിന്തിച്ചതേയില്ല. ലണ്ടനിൽ താൻ പഠിക്കുന്ന സ്ഥാപനത്തിൽ ഗാന്ധിജിയെ പരിചയമുള്ള ഒരു വ്യക്തിയുടെ കത്ത് വാങ്ങി 1921 ലെ വിജയവാഡ കോൺഗ്രസ് സമ്മേളനത്തിലെത്തി ഗാന്ധിജിയെ നേരിട്ട് പരിചയപ്പെട്ടു. നിലവിലുള്ള മാനസികാവസ്ഥ മുഴുവൻ പറഞ്ഞു. ശരിയായ വഴിയാണ് തെരഞ്ഞെടുത്തതെന്ന്ഗാന്ധിജി ഉപദേശിച്ചു.
നേരെ തിരുവനന്തപുരത്തേക്ക് പറഞ്ഞു വിട്ടു. തിരുവിതാംകൂർ മണ്ഡലം കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുക, കോൺഗ്രസിനെ അടിത്തട്ടിൽ ശക്തിപ്പെടുത്തുകയെന്നതായിരുന്നു ഏൽപ്പിച്ച ദൗത്യം. ഗാന്ധിജിയുടെ ആജ്ഞ ശിരസാഹിച്ചു. തിരുവിതാംകൂറിൽ പ്രവർത്തനം കേന്ദ്രീകരിച്ചു. സാധാരണ അംഗത്തിൽ നിന്നും കെപിസിസി അംഗമായും എഐസിസി അംഗമായും പെട്ടെന്നുതന്നെ എത്തി. ആത്മാർത്ഥമായ പ്രവർത്തനം മുതിർന്ന നേതാക്കളുടെ അംഗീകാരത്തിന് കാരണമായി. ഇതിനിടെ വിവാഹിതനായി. അതും ഒരു തീപ്പൊരി നേതാവിന്റെ മകൾ. തിരുവിതാംകൂർ ദിവാനാൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പുത്രി ഗോമതിയായിരുന്നു വധു.
ഭാര്യാപിതാവിനുള്ള പത്രത്തോടുള്ള ആസക്തി സ്വാഭാവികമായും മരുമകനെയും ബാധിച്ചു. ബാക്കിയുള്ള സ്വത്ത് പണയം വെച്ച് കൊല്ലം കേന്ദ്രീകരിച്ച് സ്വരാജ് എന്നൊരു വാരിക, പിന്നീട് ദൈവാരിക, ത്രൈ വാരിക, ദിനപത്രം എന്നിങ്ങനെ ഘട്ടംഘട്ടമായി ഇറക്കി. മാതൃഭൂമി പത്രം ഇറങ്ങുന്നതിന് മുമ്പിൽ മലയാളത്തിൽ കോൺഗ്രസിന്റെ മുഖപത്രമായ ഒരു പ്രസിദ്ധീകരണം. ഇതിന്റെ കൂടെ മാസികയായ സ്വദേശാഭിമാനിയും നടത്തി. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ഏതാനും വർഷം പിടിച്ചുനിന്നു.
വർഷം1923. കാക്കിനാട കോൺഗ്രസ് സമ്മേളനം. മുഖ്യവിഷയം അയിത്തോച്ചാടനം. ജനങ്ങളിൽ അയിത്തം എന്ന സാമൂഹ്യ വിപത്തിനെതിരെ ബോധവൽക്കരിക്കാൻ എഐസിസി പദയാത്ര നിർദേശിച്ചു. അയിത്തത്തോടുള്ള തന്റെ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് അമ്മയുടെ ഷഷ്ഠിപൂർത്തി ദിവസം വീട്ടിൽ പന്തീഭോജനം നടത്തിയ ചരിത്രവും എ കെ പിള്ളക്കുണ്ട്. കെ പി കേശവമേനോൻ തന്റെ പുസ്തകത്തിൽ കുറൂർ നമ്പൂതിരിപ്പാടിന്റെയും എ കെ പിള്ളയുടെയും തന്റെയും നേതൃത്വത്തിൽ നടന്ന ഈ പദയാത്രയെ പറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
ഈ സമര യാത്രയുടെ തുടർച്ചയായി 1924 ൽ വൈക്കം സത്യാഗ്രഹ വേദിയിലും ബാരിസ്റ്റർ എ കെ പിള്ള സജീവമായി. 1925 ൽ തിരുവിതാംകൂർ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ദിവാന്റെ പത്രമാരണനയത്തിൽ പ്രതിഷേധിച്ച് അംഗത്വം രാജിവച്ച് പ്രതിഷേധിച്ചു. ഇതിനിടെ വെയിൽസ് രാജകുമാറിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് സമരം നടത്തി ജയിലുമായി. ഈ ഘട്ടത്തിൽ തന്റെ പഠനം പൂർത്തിയാക്കണം എന്നൊരു ബോധം വീണ്ടും മനസ്സിൽ വന്നതിനാൽ തിരിച്ച് ലണ്ടനിലേക്ക് വീണ്ടും പോയി. സോഷ്യലിസ്റ്റ് ആദർശങ്ങൾ തലക്കുപിടിച്ചായിരുന്നു തിരിച്ചുവരവ്. 1935 ൽ കോൺഗ്രസിന്റെ അമ്പതാം വാർഷികത്തിൽ കോൺഗ്രസും കേരളവും എന്നൊരു ബൃഹദ്ഗ്രന്ഥവും തയ്യാറാക്കി.
ലണ്ടനിൽ നിന്ന് തിരിച്ചു വന്നതിനുശേഷം പല സ്ഥലത്തുമുള്ള കോടതിയിൽ പ്രാക്ടീസ് ചെയ്തു. എം എൻ റോയിയുമായി ഉണ്ടായ അടുപ്പവും സോഷ്യലിസ്റ്റ് ആദർശവും പ്രശസ്തമായ മീററ്റ് ഗൂഢാലോചന കേസിലെ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരാവാനും കാരണമായി. ഈ രൂപത്തിൽ സാമൂഹ്യ മേഖലയിൽ സജീവമായി നിൽക്കുമ്പോഴാണ് അൻപത്തിയഞ്ചാമത്തെ വയസ്സിൽ 1949 ഒക്ടോബർ അഞ്ചിന് ഈ ലോകത്തോടു വിട പറയുന്നത്.
വിദ്യാഭ്യാസത്തിന് പോകാൻ വേണ്ടി പണയം വെച്ച സ്വത്ത് തിരുവിതാംകൂർ ദിവാൻ ലേലത്തിൽ വെച്ചെങ്കിലും ആരും എടുക്കാത്തതിനാൽ സർക്കാരിലേക്ക് കണ്ടു കെട്ടുകയാണ് ഉണ്ടായത്. സ്വാതന്ത്ര്യ സമര പോരാട്ടവീഥിയിൽ ഏറെ വ്യക്തിമുദ്ര പതിപ്പിച്ചതും എന്നാൽ വെള്ളി വെളിച്ചത്തിൽ അധികം കടന്ന് വരാത്തതുമായ ബാരിസ്റ്റരുടെ എഴുപത്തിയഞ്ചാമത് ചരമവാർഷികദിനമാണ് ഒക്ടോബർ അഞ്ചിനെന്ന് പലർക്കും അറിയില്ല. ബാരിസ്റ്ററുടെ സ്മരണ നിലനിർത്തുന്നതിനായി കേരളത്തിൽ സ്മാരകങ്ങൾ പോലുമുണ്ടാകാത്തത് ആ ചരിത്ര പുരുഷനോടുള്ള അനാദരവാണെന്ന് പറയാതെ വയ്യ.
#AKPillai #IndianFreedomStruggle #UnsungHeroes #Gandhi #KeralaHistory #Legacy