Criticism |  തൃശൂരിൽ കെ മുരളീധരൻ്റെ പരാജയം: പ്രതിപക്ഷ നേതാവ് പൂരം അലങ്കോലം ആയുധമാക്കുന്നത് ക്രൈസ്തവ വിഭാഗത്തിന്റെ പങ്ക് മറച്ചുവെക്കുന്നതിനോ?

 
UDF's Thrissur Loss: A Self-Inflicted Wound?
UDF's Thrissur Loss: A Self-Inflicted Wound?

Photo Credit: Facebook / K Muraleedharan

* യു.ഡി.എഫിന്റെ ആഭ്യന്തര പ്രശ്നങ്ങളും തോൽവിക്ക് കാരണം
* വി.ഡി. സതീശൻ എൽ.ഡി.എഫിനെ കുറ്റപ്പെടുത്തുന്നു 

കെ ആർ ജോസഫ് 

(KVARTHA) ഈ കുരക്കുന്ന നായ്ക്കൾ ഒരിക്കലും കടിക്കില്ല, അവരുടെ നേരെ കടി വരുമ്പോൾ വരെ അവർ ഇങ്ങനെ കുരച്ചുകൊണ്ടിരിക്കും എന്നു പറയുമ്പോലെയാണ് ഇവിടുത്തെ പ്രതിപക്ഷത്തിൻ്റെ അവസ്ഥ. ഇങ്ങനെ പോയാൽ അടുത്ത ഒരു തുടർഭരണം പോലും എൽ.ഡി.എഫിന് കിട്ടിയാൽ അതിശയിക്കാനില്ല. ഇപ്പോൾ പ്രതിപക്ഷ നേതാവ് പറയുന്നു എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്നും സിപിഎം പൊലീസിനെക്കൊണ്ട് പൂരം കലക്കിയെന്നുമാണ്. അതിനാൽ തങ്ങളുടെ സ്ഥാനാർത്ഥി കെ മുരളീധരന് തൃശൂരിൽ വൻ പരാജയം ഉണ്ടായെന്ന് പറഞ്ഞുവെയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 

തൃശൂരിൽ കോൺഗ്രസിനകത്തോ യു.ഡി.എഫിനകത്തോ വേറെ ആഭ്യന്തര പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ എന്നും യു.ഡി എഫിനെ തുണച്ചിരുന്ന മണ്ഡലം തന്നെയാണ് തൃശൂർ ലോക്സഭാ മണ്ഡലം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് 2019ൽ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപി ആദ്യമായി തൃശൂർ ലോക് സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഇറങ്ങുമ്പോൾ അദ്ദേഹത്തിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. അന്ന് കോൺഗ്രസിലെ ടി.എൻ പ്രതാപൻ വലിയ ഭൂരിപക്ഷത്തിനാണ് അവിടെ വിജയിച്ചത്. 

പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും സുരേഷ് ഗോപി മത്സരിച്ചെങ്കിലും അവിടെയും മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. തൃശൂർ എന്നും ക്രിസ്ത്യൻ സമുദായത്തിന് പ്രത്യേകിച്ച് അതിലെ കത്തോലിക്കാ സമൂദായത്തിന് വലിയ സ്വാധീനമുള്ള മേഖലയാണ്. എക്കാലവും ഇവിടെ നിന്നും ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫ് പാളയത്തിലാണ് എത്തിക്കൊണ്ടിരുന്നത്. അത് 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പാളയത്തിലേയ്ക്ക് ചേർക്കപ്പെട്ടു എന്നതാണ് വാസ്തവം. ഇതിനെ കണ്ണടച്ച് ആരും ഇരുട്ടാക്കിയിട്ട് കാര്യമില്ല. 

ക്രൈസ്തവ വോട്ടുകൾ ഒന്നടങ്കം ബി.ജെ.പി പാളയത്തിൽ ചേർക്കപ്പെട്ടത് തന്നെയാണ് സുരേഷ് ഗോപിയുടെ വിജയത്തിൽ കലാശിച്ചത്. വലിയ രീതിയിൽ വർഗീയത പറഞ്ഞ് ഇവിടുത്തെ ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ ബി.ജെ.പിയ്ക്ക് ആയി എന്നാണ് ആക്ഷേപം. ക്രിസ്ത്യാനികളെ മുസ്ലിങ്ങൾക്ക് എതിരായി തിരിപ്പിച്ചുകൊണ്ട് അവരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനുള്ള പരിശ്രമങ്ങളാണ് അവർ ലോക് സഭാ തെരഞ്ഞെടുപ്പിന് മുൻപ് മുതൽ ആവിഷ്ക്കരിച്ചതെന്നും ആരോപണമുണ്ട്. അവർ പള്ളികളും അരമനകളും കയറി ഇറങ്ങി ഈ പ്രവർത്തനങ്ങൾ നടത്തി. അപ്പോൾ ഇതിനൊന്നും തടയിടാൻ സതീശനോ കൂട്ടരോ ശ്രമിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. 

അതിൻ്റെ പരിണിത ഫലമായിരുന്നു യു.ഡി.എഫിൻ്റെ ഉറച്ച കോട്ടയിൽ കോൺഗ്രസിൻ്റെ സമുന്നതനായ നേതാവ് സാക്ഷാൽ ലീഡർ കെ കരുണാകരൻ്റെ മകൻ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. ഇതിന് ഇടതിനെയോ എ.ഡി.ജി.പി യെയോ മുഖ്യമന്ത്രിയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയെങ്കിൽ അത് വി ഡി സതീശനെപ്പോലുള്ള ആളുകൾ  മലർന്ന് കിടന്ന് തുപ്പുന്നതിന് സമാനമാകും. തൃശൂരിലെ ബിജെപിയുടെ വിജയം ക്രൈസ്തവ വിഭാഗത്തിന്റെ പങ്ക് മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് വി ഡി സതീശൻ പൂരം അലങ്കോലം ആയുധമാക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ എങ്ങനെ കുറ്റം പറയാനാകും. യാഥാർത്ഥ്യം ഈ പറഞ്ഞത് തന്നെയാണ്. 

ഇനി യു.ഡി.എഫ് ഭരണകാലത്ത് ആയിരുന്നു തൃശൂരിൽ പൂരം അലങ്കോലപ്പെട്ടതെങ്കിൽ പ്രതിപക്ഷമായ എൽ.ഡി.എഫ് അടങ്ങിയിരിക്കുമായിരുന്നോ. അവർ ഇവിടെ എന്തോക്കെ സമരമുറകൾ ആവിഷ്ക്കരിക്കുമായിരുന്നു. പ്രതിപക്ഷത്തിനോ പ്രതിപക്ഷ നേതാവിനോ ഈ വിഷയത്തിൽ ഒരു ചെറുവിരൽ എങ്കിലും അനക്കാൻ സാധിച്ചോ. ഇവിടുത്തെ പ്രതിപക്ഷം ഇവിടുത്തെ ഭരണപക്ഷത്തിനും മുഖ്യമന്ത്രിയ്ക്കും കീഴ്പ്പെടുന്നത് അല്ലേ ജനം കണ്ടത്. ശരിക്കും പറഞ്ഞാൽ തൃശൂരിൽ യു.ഡി.എഫ് തോൽവി ചോദിച്ചു വാങ്ങിയതാണെന്ന് പറയാം. അല്ലെങ്കിൽ കെ മുരളീധരൻ്റെ തോൽവി ആരൊക്കെയോ മനസ്സിൽ ആഗ്രഹിച്ചിരുന്നു. 

അതുകൊണ്ടല്ലേ തന്നെ തോൽപ്പിച്ചവർ ഇന്നവർ ഒക്കെയാണെന്ന് കെ മുരളീധരൻ ചൂണ്ടിക്കാട്ടിയിട്ടും അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ഇതുവരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് സാധിക്കാത്തത്. 86,000 വോട്ട് മറിച്ച് മുരളീധരനെ ചതിച്ച സതീശൻ അതുവഴി പുനർജനി കേസിന്റെ ഈ.ഡി  അന്വേഷണത്തിന് തടയിട്ടുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. കോൺഗ്രസിന്റെ ദാനമാണ് തൃശൂർ സീറ്റ് എന്ന് പറയുന്നവരും വളരെയധികം ഉണ്ടെന്ന് ഈ അവസരത്തിൽ പ്രതിപക്ഷ നേതാവിനെ ഓർമ്മിക്കുന്നു. അത്തരം ചർച്ചകൾ പോലും സോഷ്യൽ മീഡിയയിലും മറ്റും സജീവമായി നടക്കുന്നുണ്ട്. തൃശൂരിൽ കോൺഗ്രസിന് കിട്ടേണ്ട വോട്ട് ബിജെപിക്ക് പോയത് കൂടി. അത് എന്താണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞാൽ കഥ പൂർണമാവും. 

ഇനി തൃശൂരിൽ മാത്രമല്ല. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ സംസ്ഥാനത്തെ പല നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വോട്ട് ശതമാനം വർദ്ധിച്ചതായാണ് കാണാൻ കഴിഞ്ഞത്. ചില മണ്ഡലങ്ങളിൽ അവർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ അതിൻ്റെ ഇരട്ടി മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയെന്നതും കാണാതിരുന്നിട്ട് കാര്യമില്ല. നേമം, വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര പോലുള്ള മണ്ഡലങ്ങളിൽ മാത്രം സ്വാധീനമുറപ്പിച്ച് നിന്ന ബി.ജെ.പിയാണ് ഇത്തരത്തിൽ മറ്റ് മണ്ഡലങ്ങളിൽ എത്തിയതെന്ന് മനസ്സിലാക്കണം. കഴിഞ്ഞ ലോക് സഭാ ഇലക്ഷനിൽ ബിജെപി ജയിക്കാതെ  പോയ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വളരെ ചെറിയ മാർജിനിൽ ആണ്‌ ബി.ജെ.പി തോറ്റത്. 

ഒന്നും കൂടി ആഞ്ഞുപിടിച്ചിരുന്നെങ്കിൽ തിരുവനന്തപുരം ബി.ജെ.പി യുടെ കൈയ്യിൽ ഇരിക്കുമായിരുന്നു. തിരുവനന്തപുരത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ അല്ലായിരുന്നുവെങ്കിൽ വിജയം ബി.ജെ.പി യുടെ രാജീവ് ചന്ദ്രശേഖറിനായിരുന്നുവെന്ന് പറയുന്നവരും ഏറെയാണ്. ശശി തരൂരിൻ്റെ വ്യക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രമാണ് യു.ഡി.എഫിന് തിരുവനന്തപുരത്ത് വിജയിക്കാനായത്. ഇവിടെയൊന്നും പൂരം ഇല്ലായിരുന്നു. എഡിജിപി ഇല്ലായിരുന്നു. എന്നിട്ടും തിരുവനന്തപുരത്ത്  രണ്ടാം സ്ഥാനത്തു ബിജെപി ആണ്‌ എത്തിയത്. 

ഇനി മറ്റൊന്ന്, പ്രതിപക്ഷ നേതാവിൻ്റെ വാദഗതി ഇങ്ങനെയാണെങ്കിൽ  കെ രാധാകൃഷ്ണൻ ജയിച്ച ആലത്തൂർ ലോക് സഭാ  മണ്ഡലത്തിൽ കോൺഗ്രസ്  കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വോട്ട് മറിച്ചു എന്ന് പറയേണ്ടി വരില്ലേ. കഴിഞ്ഞ തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഇവിടെ വിജയിച്ചതെന്ന യാഥാർത്ഥ്യം തള്ളിക്കളയരുത്. എന്നിട്ടും എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനാണെന്നും സിപിഎം പൊലീസിനെക്കൊണ്ട് പൂരം കലക്കിയെന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. 

തൃശൂരിലെ ബിജെപിയുടെ വിജയം ക്രൈസ്തവ വിഭാഗത്തിന്റെ പങ്ക് ആണെന്ന് സാമാന്യം ബോധമുള്ളവർക്ക് എല്ലാം അറിയാം. അതിനെ മറച്ചു വയ്ക്കുന്നതിന് വേണ്ടി പ്രതിപക്ഷ നേതാവ് നടത്തുന്ന ജല്പനങ്ങളെ ജനം പുച്ഛിച്ചു തള്ളുമെന്ന് തീർച്ച. പ്രതിപക്ഷ നേതാവ് സവർക്കറിൻ്റെ ഫോട്ടോക്ക് തിരിവെക്കുന്ന പടം എല്ലാം നാട്ടുകാർ കണ്ടതാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണം വന്നിട്ടുണ്ട്. ആർഎസ്എസ് യുഡിഎഫ് അഡ്ജസ്റ്റ്മെൻ്റ് എന്ന് പരിഹസിച്ചതും ഓർമ്മയിരിക്കട്ടെ.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് പ്രധാനമാണ്. കമൻ്റായി രേഖപ്പെടുത്തുമല്ലോ.
 

criticism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia