Vaccination | യുഎഇയിൽ പകർച്ചപ്പനിക്കെതിരെ വിപുലമായ വാക്‌സിനേഷൻ ഡ്രൈവ്; പ്രവാസികളടക്കം എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ്
വാക്‌സിനേഷൻ സ്വീകരിച്ചാൽ പകർച്ചപ്പനിയുടെ ആഘാതം കുറയുമെന്നും, ശീതകാലത്ത് രോഗവ്യാപനം തടയുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ദുബൈ: (KVARTHA) യു.എ.ഇയിൽ പകർച്ചപ്പനിക്കെതിരെ ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതി ഈമാസം തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സാധാരണ ഒക്ടോബറിൽ നടത്താറുള്ള സീസണൽ വാക്‌സിനേഷൻ കാമ്പയിൻ, ശീതകാലത്തെ സുരക്ഷിതമാക്കുന്നതിനായി ഈ മാസം ഒമ്പതിനാണ് തുടങ്ങുന്നത്.
പ്രവാസികളുള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും ഈ കുത്തിവെപ്പിൽ ഉൾപ്പെടും. യു.എ.ഇ സ്വദേശികളും, സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരും, ആരോഗ്യപ്രവർത്തകരും ഈ പദ്ധതിയുടെ ഭാഗമാകും. പ്രത്യേകിച്ച് വയോധികർ, ഗർഭിണികൾ, മാറാരോഗികൾ തുടങ്ങിയവർക്ക് ഈ വാക്‌സിനേഷൻ സുപ്രധാനമാണ്.
വാക്‌സിനേഷൻ സ്വീകരിച്ചാൽ പകർച്ചപ്പനിയുടെ ആഘാതം കുറയുമെന്നും, ശീതകാലത്ത് രോഗവ്യാപനം തടയുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എമിറേറ്റ് ഹെൽത്ത് സർവിസസ്, അബൂദബി പബ്ലിക് ഹെൽത്ത് സെൻറർ, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവരുമായി സഹകരിച്ചാണ് ഈ കാമ്പയിൻ നടപ്പാക്കുന്നത്.