Travel | ടോൾ ബൂത്തിലെ തിരക്ക് മുൻകൂട്ടി അറിയാം! ദേശീയ പാതയിൽ ഇനി തടസങ്ങളില്ലാതെ യാത്ര; പുതിയ സംവിധാനവുമായി കേന്ദ്രം; അറിയാം
100-ലധികം ടോൾ ബൂത്തുകൾ 24 മണിക്കൂറും നിരീക്ഷിക്കും.
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കും.
ന്യൂഡൽഹി: (KVARTHA) ദേശീയപാതയിലെ യാത്രകളെ സുഖകരമാക്കാൻ പുതിയ സംവിധാനം ഒരുങ്ങി. ഇനി മുതൽ ഏത് ടോൾ ബൂത്തിൽ തിരക്കാണെന്നും എത്ര നേരം കാത്തിരിക്കേണ്ടി വരുമെന്നും നമുക്ക് മുൻകൂട്ടി അറിയാം. ടോൾ ബൂത്തുകളിൽ സമയ നഷ്ടമില്ലാതെയുള്ള ഗതാഗതം ഉറപ്പാക്കുന്നതിന്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള കമ്പനിയായ ഇന്ത്യൻ ഹൈവേസ് മാനേജ്‌മെൻ്റ് കമ്പനി ലിമിറ്റഡ് (IHMCL) വികസിപ്പിച്ചെടുത്ത ജിഐഎസ് അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ച് 100-ലധികം ടോൾ ബൂത്തുകൾ 24 മണിക്കൂറും നിരീക്ഷിക്കും.
തുടക്കത്തിൽ, വെബ് അധിഷ്‌ഠിത സോഫ്‌റ്റ്‌വെയറിൽ തത്സമയ നിരീക്ഷണത്തിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഏകദേശം 100 ടോൾ ബൂത്തുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഗതാഗത തിരക്ക് സംബന്ധിച്ച് നാഷണൽ ഹൈവേ ഹെൽപ്പ്‌ലൈൻ (1033) വഴി ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ ടോൾ ബൂത്തുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഘട്ടംഘട്ടമായി കൂടുതൽ ടോൾ ബൂത്തുകളിലേക്ക് നിരീക്ഷണ സേവനം വ്യാപിപ്പിക്കും.
എന്താണ് ഈ സോഫ്റ്റ്‌വെയർ ചെയ്യുന്നത്?
ഈ സോഫ്റ്റ്‌വെയർ ഓരോ ടോൾ ബൂത്തിലും എത്ര വാഹനങ്ങൾ കാത്തിരിക്കുന്നു, എത്ര നേരം കാത്തിരിക്കണം എന്നീ വിവരങ്ങൾ തൽസമയം നൽകും. മാത്രമല്ല, ഏത് ടോൾ പ്ലാസയിൽ തിരക്ക് കൂടുതലാണെന്നും ഇത് കൃത്യമായി കാണിക്കും. ടോൾ പ്ലാസയുടെ പേരും സ്ഥലവും നൽകുന്നതിന് പുറമെ, വാഹനങ്ങളുടെ വരിയുടെ നീളം (മീറ്ററിൽ), തത്സമയ നില, വാഹന വേഗത തുടങ്ങിയവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സോഫ്റ്റ്‌വെയർ ലഭ്യമാക്കും. ടോൾ ബൂത്തിൽ വാഹനങ്ങളുടെ തിരക്ക് നിശ്ചിത പരിധിയേക്കാൾ കൂടുതലാണെങ്കിൽ, തിരക്ക് സംബന്ധിച്ച മുന്നറിയിപ്പും ഇത് നൽകും.
ടോൾ ബൂത്തുകൾ, വെബ് അധിഷ്‌ഠിത സോഫ്‌റ്റ്‌വെയറിൽ രാജ്യത്തുടനീളമുള്ള ബന്ധപ്പെട്ട ദേശീയപാത അതോറിറ്റി ഫീൽഡ് ഓഫീസുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ടോൾ പ്ലാസകളിലെ ഗതാഗത തിരക്ക് മണിക്കൂർ, ദിവസേന, പ്രതിവാര, പ്രതിമാസ അടിസ്ഥാനത്തിൽ സ്ഥിതിവിവരക്കണക്കുകളിലൂടെ വിശകലനം ചെയ്യാൻ ഈ സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥരെ സഹായിക്കും.
കൂടാതെ, നിലവിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും പ്രാദേശിക ഉത്സവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സോഫ്റ്റ്‌വെയർ നൽകും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും ടോൾ ബൂത്തുകളിലെ തിരക്ക് കുറയ്ക്കുന്നതിനും മുൻകൂർ നടപടികൾ സ്വീകരിക്കാൻ ദേശീയപാത ഉദ്യോഗസ്ഥരെ ഇത് പ്രാപ്തരാക്കും. ദേശീയപാത ഉപയോക്താക്കൾക്ക്, രാജ്യത്തുടനീളമുള്ള ടോൾ ബൂത്തുകളിലെ തൽസമയ നിരീക്ഷണവും ട്രാക്കിംഗ് സംവിധാനവും വഴി തടസമില്ലാതെ ടോൾ നൽകുന്നതിനും സുഗമമായ യാത്രയ്‌ക്കും ഇതിലൂടെ അവസരം ലഭിക്കും.