Increase | വാഹന ഉടമകൾക്ക് ഇനി കൂടുതൽ ചിലവ്; സെപ്റ്റംബർ 1 മുതൽ ടയർ റിപ്പയറിംഗ് ജോലികൾക്ക് 20 ശതമാനം വർധനവ് വരുത്തുമെന്ന് അസോസിയേഷൻ
പല ടൂവീലർ വർക്ക്‌ഷോപ്പുകളും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായി പരാതി
കണ്ണൂർ: (KVARTHA) സെപ്റ്റംബർ ഒന്ന് മുതൽ ടയർ റിപ്പയറിംഗ് ജോലികൾക്ക് 20 ശതമാനം വർധനവ് വരുത്തുമെന്ന് ടയർ വർക്ക്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ വർഷവും ഉണ്ടാകുന്ന വാടക വർധനവ്, കറന്റ് ചാർജ് വർധനവ്, അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ് തുടങ്ങിയവ മൂലം കടകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് അവർ പറഞ്ഞു.
പലരും വിദേശത്തു നിന്ന് പണം കൊണ്ടുവന്നോ ബാങ്ക് ലോൺ എടുത്തോ ആണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. ഇപ്പോൾ അവർ അതിജീവനത്തിനായി പാടുപെടുകയാണ്. മേഖലയിലുള്ളവരെ നിലനിർത്താൻ നിരക്ക് വർധനവ് അനിവാര്യമാണ്. മൂന്ന് വർഷത്തിന് ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.
അതേസമയം, ടൂവീലർ വർക്ക്‌ഷോപ്പുകൾ ലൈസൻസ് ഇല്ലാതെ ടയർ പഞ്ചർ, ടയർ വിൽപ്പന എന്നിവ നടത്തുന്നതായി സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഇത് പരിശോധിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കെ.ആർ. സുരേഷ്, രാധാകൃഷ്ണൻ മുണ്ടൂർ, പ്രകാശൻ മഠത്തൽ, പുഷ്പൻ ഇഞ്ചിക്കണ്ടി എന്നിവർ പങ്കെടുത്തു.