SWISS-TOWER 24/07/2023

Politics | 'കടുവ'യ്ക്ക് പകരം 'സിംഹം'! ബിജെപിയിലേക്ക് ചാടിയ ചമ്പായിയെ നേരിടാൻ ഹേമന്ത് സോറന്റെ തന്ത്രം

 
Hemant Soren vs Champai Soren: A Political Showdown in Jharkhand
Hemant Soren vs Champai Soren: A Political Showdown in Jharkhand

Photo Credit: Facebook / Champai Soren & Hemant Soren

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹേമന്ത് സോറൻ തന്റെ സ്വാധീനം കോൽഹാൻ മേഖലയിൽ നിലനിർത്താൻ ശ്രമിക്കുന്നു.

റാഞ്ചി: (KVARTHA) ജെഎംഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ചമ്പായി സോറൻ ഔദ്യോഗികമായി വെള്ളിയാഴ്ച ബിജെപിയിൽ ചേർന്നതോടെ ജാർഖണ്ഡിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാകും. സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ്റെയും അസം മുഖ്യമന്ത്രി ഹിമതാ ബിശ്വ ശർമ്മയുടെയും സാന്നിധ്യത്തിൽ റാഞ്ചിയിലെ ധുർവ ഗ്രൗണ്ടിൽ നിരവധി അനുഭാവികളോടൊപ്പമാണ് ചമ്പായി സോറൻ ബിജെപിയിൽ ചേർന്നത്.

Aster mims 04/11/2022

അതേസമയം, 15 കിലോമീറ്റർ അകലെ, മുഖ്യമന്ത്രി ഹേമന്ത് സോറൻ 'പോഷൻ സഖികളെ' (അങ്കണവാടി തൊഴിലാളികളും പോഷകാഹാര കൺസൾട്ടൻ്റുമാരും) അദ്ദേഹത്തിൻ്റെ വസതിയിൽ കാണുകയായിരുന്നു. ചമ്പായിയുടെ സ്വദേശമായ കോൽഹാൻ പ്രദേശത്തുനിന്നുള്ള നിരവധി ജെഎംഎം എംഎൽഎമാർ ഈ ചടങ്ങിൽ പങ്കെടുത്തു. കോൽഹാനിൽ നിന്നുള്ള ജെഎംഎം നേതാക്കൾ ഹേമന്തിൻ്റെ നേതൃത്വത്തിന് പിന്നിൽ ശക്തമായി അണിനിരക്കുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ, അതേ ദിവസം തന്നെ ഘട്ശില എംഎൽഎ രാംദാസ് സോറൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്  ചമ്പായിക്ക് പകരം മന്ത്രിസഭയിലുമെത്തി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൽഹാൻ മേഖലയിലെ പാർട്ടിയുടെ മേൽക്കോയ്മ നിലനിർത്താനാണ് ഹേമന്ത് സോറന്റെ ശ്രമം. ചമ്പായിയുടെ മണ്ഡലം ഉൾപ്പെടെ 14 നിയമസഭ സീറ്റുകൾ ഈ മേഖലയിലുണ്ട്. 2019 ലെ തിരഞ്ഞെടുപ്പിൽ, കോൽഹാൻ മേഖലയിൽ ബിജെപിക്ക് ഒരു സീറ്റും നേടാനായിരുന്നില്ല. 11 സീറ്റുകൾ ജെഎംഎമ്മും രണ്ട് കോൺഗ്രസും ഒരു സീറ്റ് സ്വതന്ത്രനും നേടി. ചമ്പായിയെ തങ്ങളുടെ കൂടെ നിർത്തി, ഈ മേഖലയിൽ പിന്തുണ നേടാനാണ് ബിജെപി ശ്രമം.

ജെഎംഎം ക്യാമ്പ് വിശ്വസിക്കുന്നത് ആദിവാസി വോട്ടർമാർ ബിജെപിയെ പിന്തുണക്കുന്നില്ല എന്നാണ്. 'ബിജെപിയിലേക്ക് പോയ ജനപ്രിയ നേതാവായ ഗീത കോഡ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2019-ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് മാറിയ ജെഎംഎമ്മിന്റെ ഉയർന്നുവരുന്ന നേതാവായിരുന്ന കുനാൽ സാരംഗി ജെഎംഎം സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു', ഒരു ജെഎംഎം നേതാവിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

'സേരൈക്കേല്ലയിൽ ചമ്പായി സാധാരണയായി 1000-2500 വോട്ടുകൾക്കാണ് ജയിക്കുന്നത്. 2019-ലെ തിരഞ്ഞെടുപ്പിൽ ഹേമന്ത് തരംഗത്തെത്തുടർന്ന് അദ്ദേഹം 15,000 വോട്ടുകൾക്ക് ജയിച്ചു. 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും മൂന്ന് ലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ടു. ചമ്പായിയുടെ സ്ഥാനാർത്ഥി സമീർ മോഹന്തി ജംഷെദ്പൂരിൽ നിന്ന് ഏകദേശം 2.60 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ടു, ചമ്പായിയുടെ ജനപ്രീതി അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ പരിമിതമാണ്', മറ്റൊരു നേതാവ് പറഞ്ഞു.

ജെഎംഎം ഇതിനു മുമ്പും വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. 2021-ൽ ഹേമന്തിന്റെ സഹായി പങ്കജ് മിശ്ര അനധികൃത ഖനി കേസിൽ അറസ്റ്റിലായിയിരുന്നു. ഭൂമി കുംഭകോണക്കേസിൽ ജനുവരി 31ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സോറൻ കുടുംബവുമായി അടുപ്പമുള്ള ചമ്പായി സോറനെ മുഖ്യമന്ത്രിയായി നിയമിച്ചത്. എന്നാൽ ഹേമന്ത് സോറൻ ജയിലിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. തന്നെ നീക്കം ചെയ്തതിലുള്ള അതൃപ്തിയാണ് ചമ്പായിയെ ബിജെപിയിലെത്തിച്ചത്.

ഹേമന്ത് സംസ്ഥാനത്തെ വിവിധ ആസ്ഥാനങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ച് തന്റെ ഭരണകൂടത്തിന്റെ പുതിയ പദ്ധതിയായ 'മൈയ്യ സമ്മാൻ യോജന' കഴിഞ്ഞ ദിവസം അവതരിപ്പിച്ചു, ഇത് വഴി ദരിദ്ര കുടുംബങ്ങളിലെ 21 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ നൽകുന്നു. കോൽഹാൻ ഡിവിഷണിന്റെ ആസ്ഥാനമായ ചൈബാസയ്ക്ക് പകരം ചമ്പായുടെ മണ്ഡലമായ സേരൈക്കേല്ലയിലാണ് പരിപാടി  നടന്നത്. 

ഇത് ബോധപൂർവമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോൽഹാനിൽ 'കടുവ' (ചമ്പായ് സോറൻ) ക്ക് 'സിംഹം' (ഹെമന്ത് സോറൻ) വന്നുവെന്ന സന്ദേശമാണ് ഇതിലൂടെ ജെഎംഎംനൽകിയത്. ഒന്നരലക്ഷം പേർ പരിപാടിയിൽ ഹേമന്ത് സോറനെ കേൾക്കാൻ എത്തിയെന്നാണ് പാർട്ടി പറയുന്നത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia