

● ശരിക്കും നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് തന്നെയെന്ന് വിമർശനം.
(KVARTHA) പൂരത്തെ രാഷ്ട്രീയവത്ക്കരിച്ച് ഒരു പ്രഹസനമാക്കി മാറ്റാൻ ആരൊക്കെയോ തത്രപ്പെടുന്നപോലെ തോന്നും ഇപ്പോൾ കേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ഇതു സംബന്ധിച്ച ചർച്ചകളും കണ്ടാൽ. ലോകമെങ്ങും വലിയ ആദരവോടെ കാണുന്ന തൃശൂർ പൂരത്തിൽ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെയുള്ളവർ ഏത് രാഷ്ട്രീയപാർട്ടികളുടെ ആളുകളായാലും അവരെ സമൂഹത്തിൽ നിന്ന് അകറ്റിനിർത്താൻ സാമൂഹ്യനന്മ ലക്ഷ്യമാക്കുന്ന എല്ലാവരും ബാധ്യസ്ഥരാണ്.
ശരിക്കും ഇതിൻ്റെ പേരിൽ ഇവിടെ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ്. അതിൽ നിന്ന് ഇവിത്തെ വലതനോ ഇടതനോ ബി.ജെ.പിക്കോ കൈകഴുകാൻ പറ്റുകയില്ലെന്നതാണ് സത്യം. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത, പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനോട് ഡിജിപി വിയോജിച്ചു എന്നാണ്.
റിപ്പോർട്ടിനൊപ്പം വിയോജിപ്പും ഡിജിപി സർക്കാരിനെ അറിയിച്ചെന്നാണ് സൂചന. അന്വേഷണത്തിൽ അജിത് കുമാർ കാലതാമസം വരുത്തി. സ്ഥലത്തുണ്ടായിട്ടും എഡിജിപി എന്തുകൊണ്ട് ഇടപ്പെട്ടില്ലെന്ന് ഡിജിപി ചോദിക്കുന്നു. ദേവസ്വം ആസൂത്രിത നീക്കം നടത്തിയെങ്കിൽ വിശദ അന്വേഷണം നടത്തേണ്ടതല്ലേ എന്നും ഡിജിപി ചോദിച്ചു. പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി.
പൂരം അലങ്കോലപ്പെട്ടതിൽ ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്നതാണ് എഡിജിപിയുടെ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം അനുനയത്തിന് നിൽക്കാതെ പൂരം ഏകപക്ഷീയമായി നിർത്തിവെപ്പിച്ചു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ചിലർക്ക് നേട്ടമുണ്ടാകാനായി. മുൻകൂട്ടി തയ്യാറായിയാണോ അലങ്കോലപ്പെടുത്തലെന്ന് സംശയിക്കുന്നുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. മുഖ്യമന്ത്രി റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുക്കും.
അജിത്ത് കുമാറിന് എതിരായ അന്വേഷണം അജിത് കുമാർ അന്വേഷിച്ച് അജിത് കുമാറിന് സമർപ്പിച്ചു. അജിത്ത് കുമാർ അത് സ്വീകരിച്ചു അജിത്ത് കുമാർ അജിത്ത് കുമാറിനെ അഭിനന്ദിച്ചു. അജിത്ത് കുമാർ ഗ്രേറ്റ് ഓഫിസർ! ഇങ്ങനെയല്ലെ പൊതുസമൂഹത്തിന് മനസ്സിലായിക്കൊണ്ടിരിക്കുന്നത്. ഘടഘകക്ഷിക്കളുടെ വാക്കുകൾക്ക് വരെ മുഖം തിരിച്ചു നിൽക്കുന്ന മുഖ്യമന്ത്രി ഇത് പുറത്ത് കൊണ്ട് വന്ന ഭരണകക്ഷിയിൽപ്പെട്ട എം.എൽ.എ തന്നെയായ പിവി അൻവറിനെതിരെ തുറന്ന യുദ്ധത്തിനും ഇറങ്ങിയിരിക്കുന്നു. എല്ലാം പകൽ പോലെ വ്യക്തമാകും മനുഷ്യർക്ക്. അരിയാഹാരം കഴിച്ചിട്ടുള്ളവർക്ക് ഇതിൻ്റെ ഉള്ളുകള്ളി മനസ്സിലാക്കാൻ അങ്ങ് സോവിയറ്റ് യൂണിയൻ വരെ പോകേണ്ട കാര്യമൊന്നുമില്ല. എല്ലാം എല്ലാവർക്കും അറിയാം.
വിവരാകാശ രേഖാമൂലം ചോദിച്ചപ്പോൾ പൊലീസ് പറഞ്ഞു അങ്ങിനെ അന്വേഷണം നടക്കുന്നില്ല എന്ന്. പിന്നെവിടുന്ന് വന്നു 600 ഓളം പേജുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട് എന്ന് പറഞ്ഞ ആഭ്യന്തര വകുപ്പാണോ അതോ അങ്ങിനെ ഒരന്വേഷണം നടക്കുന്നില്ല എന്ന് മറുപടി കൊടുത്ത പോലീസാണോ ഇവിടെ കള്ളം പറഞ്ഞു ഉരുണ്ടു കളിക്കുന്നത്. ഇതിൽ ഒരു കൂട്ടർ എന്തായാലും തെറ്റുകാരാണ്. ഇതാണ് ശരിയ്ക്കും യാഥാർത്ഥ്യം. ഡി.ജി.പിക്ക് വിയോജിപ്പുണ്ടെങ്കിൽ എന്താ മുഖ്യമന്ത്രിയുടെ മാതൃകാ പുരുഷൻ ശശിക്ക് യോജിപ്പുണ്ടായാൽ മതിയല്ലോ? അങ്ങനെയാണല്ലോ ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ്.
ഇത്രയും വലിയ ഒരു മഹോത്സവത്തിന്റെ, പ്രതിച്ഛായക്ക് മങ്ങൽ വരുത്തിയെങ്കിൽ, അത് ഇപ്പോഴത്തെ ഭരണവർഗത്തിന്റേയും, നിയമപാലകരുടെയും കഴിവുകേടായി കാണണം. ഒരു രാഷ്ട്രീയ പാർട്ടികളേയും ഇതിൽ ഉൾപ്പെടുത്തിയിട്ട് കാര്യമില്ല. ഇതിന് പിന്നിൽ ആരൊക്കെയോ കളിക്കുന്നു എന്നതാണ് സത്യം. പൂരം കലക്കൽ റിപ്പോർട്ട് നാടകം ഇനിയും തുടരും. അതിൽ ഒരു സംശയവും വേണ്ട. തുടർ അന്വഷണപേരും പറഞ്ഞു ഇനിയും അടുത്ത പൂരം വരെ നീക്കാം.
'ഇനിയിപ്പോ അജിത്കുമാറിനെതിരെ കണ്ടെത്തൽ ഉണ്ടായാൽ തന്നെ അടുത്ത ഡിജിപി ആക്കും. അതിൽ കൂടുതൽ എന്ത് സംഭവിക്കാൻ. അപ്പോൾ പിന്നെ ഇത് അന്തിമ റിപ്പോർട്ട് ആക്കികൂടെ', ഇങ്ങനെ പരിഹസിക്കുന്നവരും ഇവിടെയുണ്ടെന്ന് ഓർക്കുക. എന്തായാലും ഇനി ഈ വിഷയം വിവാദമാക്കുന്തോറും തൃശൂർ പൂരത്തിൻ്റെ മഹനീയതയും പ്രഭയുമാണ് കെടുത്തപ്പെടുന്നത്. വിശ്വാസികളുടെ നേർക്കുള്ള കരിവാരി തേയ്ക്കൽ മാത്രമാണ് തുടർ നാടകങ്ങളെന്നും രാഷ്ട്രീയ കക്ഷി മത നിലപാടുകൾക്ക് അതീതമായി ചിന്തിക്കുന്നവർ മനസ്സിലാക്കുക.
#ThrissurPooram #KeralaPolitics #Corruption #Investigation #SaveOurCulture