Death | ആദ്യം കന്യാസ്ത്രീ, ഇപ്പോൾ പള്ളിവികാരിയും; സ്വയം ജീവനൊടുക്കരുതെന്ന് പഠിപ്പിക്കുന്നവർ തന്നെ അതിനെ സ്വീകരിക്കുന്നു; എന്താണ് സംഭവിക്കുന്നത്?


'അലറുന്ന സിംഹത്തെ പോലെ ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ച് മനുഷ്യ മക്കളുടെ പടിവാതിൽക്കൽ പതിയിരിക്കുന്ന പിശാചിൻ്റെ തന്ത്രങ്ങളെക്കുറിച്ച് ഞങ്ങളെ പഠിപ്പിച്ച അച്ചൻ'
(KVARTHA) കഴിഞ്ഞ ആഴ്ച ഒരു കന്യാസ്ത്രീ, ഇപ്പോൾ ഒരു പള്ളിവികാരി, എന്തിന് ഇവർ സ്വയം ജീവനൊടുക്കുന്നു? കോട്ടയത്ത് ഒരു മഠത്തിൽ ഒരു കന്യാസ്ത്രീയെ കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിൻ്റെ തുടർച്ചയെന്നോണം സമാന രീതിയിൽ ഇപ്പോൾ ഒരു പുരോഹിതനും മരണപ്പെട്ടു. സ്വയം ജീവനൊടുക്കുന്നത് പാപമാണെന്ന് പഠിപ്പിക്കുന്നിടത്ത് വരെ എത്തി ആത്മഹത്യ. ഒരു വൈദീകനെ വാഴക്കുളത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നതാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത. പള്ളി വികാരിയെ സമീപമുള്ള കെട്ടിടത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് പള്ളിയുടെ പാചക പുരയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍ നിന്നു വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ നിര്‍മല നിര്‍മല മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച നടന്ന വാഴക്കുളം സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.
എന്താണ് ഇവിടെ സംഭവിക്കുന്നത്. ഇതുപോലെ കത്തോലിക്ക മത പുരോഹിതരുടെ ആത്മഹത്യകൾ സമൂഹത്തിൽ ഏറി വരുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ക്രിസ്ത്യൻ സഭയെ സംബന്ധിച്ച് ആത്മഹത്യ പാപമാണെന്നാണ് പഠിപ്പിക്കുന്നത്. അങ്ങനെ പഠിപ്പിക്കുന്നവർ തന്നെ കൂടുതലായും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോൾ ശരിക്കും വിശ്വാസികൾക്ക് നിരാശ തോന്നുക സ്വഭാവികം. ഈ അവസരത്തിൽ വൈദികൻ്റെ അപ്രതീക്ഷിതമായ മരണത്തിൽ ഇടവകക്കാരനും പ്രവാസിയുമായ യുവാവിൻ്റെ കുറിപ്പ് വൈറൽ ആയിരിക്കുകയാണ്.
കുറിപ്പിൽ പറയുന്നത്:
'വിശ്വസിക്കാനാകുന്നില്ല ഈ വേർപാട്. ഒരു പ്രവാസി എന്ന നിലയിൽ നാട്ടിൽ വരുമ്പോൾ, അച്ചൻ അർപ്പിക്കുന്ന പരിശുദ്ധ കുർബാനകളിൽ പങ്കെടുക്കുമ്പോൾ, പ്രാർത്ഥിക്കുമ്പോൾ, വ്യക്തിപരമായി അച്ചനെ കണ്ട് പ്രാർത്ഥന വാങ്ങുമ്പോൾ ഒത്തിരി അഭിമാനമായിരുന്നു. സൗമ്യനായ ഒരു വികാരി അച്ചനെ ഞങ്ങൾക്ക് ലഭിച്ചതിൽ ഒത്തിരി സന്തോഷമായിരുന്നു. ഞങ്ങൾക്ക് സന്തോഷമാണോ എന്ന് സൗമ്യതയോടെ ചോദിച്ച അച്ചനോട് തിരിച്ച് അച്ചന് സന്തോഷമാണോ എന്ന് ചോദിക്കാൻ ഞങ്ങൾ മറന്നുപോയി.
എന്ത് സങ്കടമുണ്ടെങ്കിലും ഓടി വന്ന് പറയാനും ആശ്വാസവാക്കുകൾ കേൾക്കാനും ദൈവത്തിൻ്റെ പ്രതിപുരുഷരായി നിങ്ങൾ ധാരാളം വൈദികർ എപ്പോഴും ഇടവകയിൽ ഉണ്ടായിരുന്നു. പക്ഷേ എന്തെങ്കിലും മനോവിഷമം അച്ചനുണ്ടോ എന്ന് ഞങ്ങൾ ആരും ചോദിച്ചില്ല. എന്തിനും ഏതിനും നിങ്ങളുടെ പ്രാർത്ഥന വാങ്ങുന്ന ഞങ്ങൾ പലപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറന്നു.!
'അലറുന്ന സിംഹത്തെ പോലെ ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ച് മനുഷ്യ മക്കളുടെ പടിവാതിൽക്കൽ പതിയിരിക്കുന്ന പിശാചിൻ്റെ തന്ത്രങ്ങളെക്കുറിച്ച്' ഞങ്ങളെ പഠിപ്പിച്ച അച്ചൻ, അടിപതറിയ ഒരു നിമിഷത്തിൽ വന്നുപോയ തെറ്റ്. കാരുണ്യവാനായ ദൈവം ക്ഷമിച്ച് അങ്ങയോടും കരുണ കാട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സിനു വെള്ളാങ്കൽ'.
ആത്മപരിശോധനയ്ക്ക് വിധേയമാകണം
മനസ് ആരുടെയും കൺട്രോളിൽ ആവില്ല പലപ്പോഴും. ഒരിക്കൽ എങ്കിലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാത്ത മനുഷ്യർ ഉണ്ടോ. ഒറ്റപ്പെടൽ, നഷ്ടപെടൽ, കടക്കെണി, ചതി, നിരാശ എല്ലാം ആത്മഹത്യക്ക് കാരണം ആവാം. വികാരിമാരും കന്യസ്ത്രികളും ആത്മഹത്യ ചെയ്യുന്നത് ഒട്ടും നീതീകരിക്കാൻ പറ്റുന്നതല്ല. ക്രിസ്തീയ സമൂഹം ചിന്തിക്കാൻ ഇനിയും വൈകിക്കൂടാ. ആത്മഹത്യ പാപമാണ്.അതറിഞ്ഞു വെച്ചുകൊണ്ട് വിശ്വാസികൾ ഒരിക്കലും ചെയ്യാൻ പാടില്ല. കത്തോലിക്ക സഭയിലെ സന്യസ്തരുടെ തുടർച്ചയായ ആത്മഹത്യകളുടെ കാരണം സഭ ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.