Advice | ബെംഗ്ളൂറിൽ ജോലിയും പഠനവും തേടിപ്പോകുന്ന ആളുകൾ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾ
● 'ബാംഗ്ലൂർ ഡേയ്സിൽ' കണ്ടത് പോലെയല്ല ബാംഗ്ലൂർ
● കന്നടയോ ഹിന്ദിയോ അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും
● ജോലി / പഠന സ്ഥലത്തിനു സമീപം താമസിക്കുന്നത് ഏറ്റവും നല്ലതാണ്
റോക്കി എറണാകുളം
(KVARTHA) ബെംഗ്ളുറു അഥവാ ബാംഗ്ലൂർ ഐ ടി ഹബ് എന്നാണ് അറിയപ്പെടുന്നത്. ഉയർന്ന ശമ്പളം ആഗ്രഹിക്കുന്ന പലരും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജോലി നോക്കുന്ന പ്രധാനപ്പെട്ട സ്ഥലവും ബാംഗ്ലൂർ തന്നെയാകും. കൂടാതെ ഉന്നത വിദ്യാഭ്യാസം തേടാനും വളരെയധികം വിദ്യാർത്ഥികൾ ബാംഗ്ലൂർ തെരഞ്ഞെടുക്കുന്നതും കാണാം. മെച്ചപ്പെട്ട വിദ്യാഭ്യാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികച്ച നിലവാരവും ആണ് ഇതിന് കാരണമായി പറയുന്നത്. അതുപോലെ തന്നെയാണ് തൊഴിൽ സ്ഥാപനങ്ങളും.
ബാംഗ്ലൂരിൽ ഒരു തൊഴിൽ ലഭിക്കുക എന്നത് ഇവിടുത്തെ ഒരു ഉദ്യോഗാർത്ഥിയെ സംബന്ധിച്ച് ഏന്തോ വലിയ കാര്യം കിട്ടിയ പോലെയാണ്. എന്നാൽ ഇതിൽ വല്ല വാസ്തവവും ഉണ്ടോ? മെച്ചപ്പെട്ട ഒരു ജീവിതം ബാംഗ്ലൂരിൽ സാധ്യമോ. ഈ വിഷയത്തിൽ കഴിഞ്ഞ കുറച്ച് വർഷമായി ബാംഗ്ലൂരിൽ ജീവിക്കുന്ന മലയാളികളുടെ അനുഭവത്തിൽ നിന്നും അവർ കുറിച്ച ചില പോയിൻ്റുകൾ ആണ് ശ്രദ്ധയാകർഷിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷം ബാംഗ്ലൂരിൽ ജീവിച്ച അനുഭവത്തിൽ കുറച്ച് അറിവുകൾ ഇവിടെ പങ്കു വെക്കട്ടെ, പുതുതായി വരുന്നവർക്ക് ഉപകാരപ്പെടും എന്ന തലക്കെട്ടോടെയാണ് ഈ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
1. 'ബാംഗ്ലൂർ ഡേയ്സിൽ' കണ്ടത് പോലെ അത്ര വളരെ വൃത്തിയും വെടിപ്പും ഉള്ള ഒരു സിറ്റിയല്ല ബാംഗ്ലൂർ.. അങ്ങനെ ഉള്ള സ്ഥലങ്ങൾ ഉണ്ടെങ്കിലും കുറവാണ്. അതുകൊണ്ട് അത്തരം പ്രതീക്ഷകൾ ഒഴിവാക്കി വണ്ടി കയറുക.
2. ബാംഗ്ലൂരിൽ ജീവിക്കാൻ ഇംഗ്ലീഷ് മാത്രം മതിയെങ്കിലും കന്നടയോ ഹിന്ദിയോ അറിഞ്ഞിരിക്കുന്നത് ഒരുപാട് ഗുണം ചെയ്യും.
3. ആദ്യമായിട്ടാണ് വരുന്നതെങ്കിൽ മലയാളികളുടെ കൂടെ താമസിക്കാതെ പരിചയമുള്ള മറ്റു സംസ്ഥാനക്കാരുടെ കൂടെ കുറഞ്ഞത് 6 മാസം എങ്കിലും താമസിക്കുക. ഇംഗ്ലീഷും ഹിന്ദിയും പഠിക്കാൻ സഹായിക്കും.
4. കഴിവതും പ്രൈവറ്റ് ലോക്കൽ ബസിൽ യാത്ര ചെയ്യാതിരിക്കുക. ഇത്തരം വാഹനങ്ങളിൽ നിങ്ങളുടെ ജീവനും/സാധനങ്ങൾക്കും ഒരു ഗ്യാരണ്ടിയും ഇല്ല. പകരം ബിഎംടിസി യിൽ യാത്ര ചെയ്യുക.
5. സാധാരണ ഓട്ടോയ്ക്ക് പകരം യൂബർ, ഓല എന്നിവ ഉപയോഗിക്കുക.
6. ഒരു കന്നഡിക സുഹൃത്ത് ഉണ്ടാവുന്നത് എപ്പോഴും ഗുണം ചെയ്യും.
7. ബസിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോൺ സൂക്ഷിക്കുക. ഇവിടെ മൊബൈൽ മോഷണം സർവ്വ സാധാരണമാണ് (ഹെഡ് സെറ്റ് കുത്തി ചെവിട്ടിൽ വച്ചാൽ മൊബൈൽ മോഷണം ഒഴിവാക്കാം)
8. നാട്ടിൽ നിന്ന് ബാംഗ്ലൂരിൽ ബസ് ഇറങ്ങുമ്പോൾ ഒറ്റപ്പെട്ട സ്ഥലത്തു ഇറങ്ങാതിരിക്കുക.
9. രാത്രി നടത്തം, ബൈക്കു റൈഡ് എന്നിവ പരമാവധി ഒഴിവാക്കുക (പഴയ ബാംഗ്ലൂര് അല്ല ഇപ്പൊൾ)
10. റൂം/പിജി എടുക്കുമ്പോൾ ജോലിസ്ഥലത്തിനു അടുത്തായിട്ട് എടുക്കുക, നടക്കാവുന്ന ദൂരത്തിൽ ആണ് ഏറ്റവും നല്ലത് (ബാംഗ്ലൂരിലെ ട്രാഫിക്കിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ)
11. നിങ്ങളുടെ ശമ്പളവും ജീവിതശൈലിയും അനുസരിച്ചിരിക്കും നിങ്ങളുടെ സേവിങ്‌സ്.
ഇതിൽ പറയുന്നത് ബാംഗ്ലൂർ എന്ന് സിറ്റിയുടെ മറ്റൊരു മുഖമാണ്. കാലം മാറുന്നതിന് അനുസരിച്ച് പല മാറ്റങ്ങളും പല സ്ഥലത്തും വന്നിട്ടുണ്ടെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഏത് സ്ഥലത്തും നല്ല അംശത്തിനൊപ്പം മോശം സാഹചര്യവും ഉണ്ടാകുമെന്നതാണ് സത്യം. തീർച്ചയായും അനുഭവസ്ഥർ പറയുന്നതാകും ഏറ്റവും ഉപകാരപ്രദം. ആദ്യമായി ബാംഗ്ലൂരിൽ എത്തുന്നവർ ഇക്കാര്യങ്ങൾ കൂടി ചിന്തിച്ച് പ്രവർത്തിക്കാൻ പരിശ്രമിക്കുക. ഈ ലേഖനം മാറ്റുളവരുമായി പങ്കിടാനും ശ്രദ്ധിക്കുക.
#Bengaluru #JobSeekers #StudentLife #RelocationTips #SafetyFirst #CulturalInsights