Controversy | ഇനി ആരോപണം നടിമാർക്കെതിരെയോ? 'പ്രമുഖ നടി ലഹരി പാർട്ടികൾ നടത്തുന്നു, പെൺകുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു', സുചിത്രയുടെ വെളിപ്പെടുത്തൽ
വിവാദങ്ങൾ മലയാള സിനിമയുടെ ഭാവിയെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്
കൊച്ചി: (KVARTHA) ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമ വ്യവസായത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഈ റിപ്പോർട്ടിന് പിന്നാലെ നിരവധി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർന്നു. മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് വെളിച്ചം വീശുന്നവയായിരുന്നു അവയെല്ലാം. ഇപ്പോഴിതാ പുതിയൊരു വിവാദത്തിന് തുടക്കമായിരിക്കുകയാണ് തമിഴ് ഗായിക സുചിത്ര. പ്രശസ്തരായ നിരവധി നടന്മാർക്കെതിരിരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലൈംഗീക ആരോപണങ്ങൾ ഉയർന്നതെങ്കിൽ ഇവിടെ ആരോപണം നടിക്കെതിരെയാണ്.
'ലഹരിപ്പാർട്ടികൾ നടത്തുന്നു'
പ്രമുഖ നടിക്കെതിരെയാണ് സുചിത്ര ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. നടി ലഹരിപ്പാർട്ടികൾ നടത്തുന്നതായും ഇത് അവരുടെ കരിയറിനെ ബാധിച്ചതായും സുചിത്ര പറയുന്നു. എസ്എസ് മ്യൂസിക് പങ്കിട്ട ഒരു അഭിമുഖ വീഡിയോയിലാണ് സുചിത്ര ഈ ആരോപണം ഉന്നയിച്ചത്. നടിയുടെ കരിയർ നശിച്ചത് പ്രധാനമായും അവർ നടത്തിയ പാർട്ടികളാണ്. ഉപയോഗിക്കാൻ പാടില്ലാത്ത ചില ലഹരി വസ്തുക്കളാണ് പാർട്ടികളിൽ ഉപയോഗിക്കുന്നതെന്നും സുചിത്ര പറഞ്ഞു.
കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് ഇവർക്കെതിരെ അല്ലേയെന്നും സുചിത്ര ചോദിച്ചു. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളാവാന്‍ സ്വയം തീരുമാനിച്ചോ എന്ന് അവരോട് ആരും ചോദിക്കുന്നില്ലെന്നും സുചിത്ര പറഞ്ഞു. ലഹരി ഒരിക്കൽപോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെൺകുട്ടികൾക്ക് ലഹരി ആദ്യം നൽകിയത് ഈ നടിയാണ്. വീട്ടിൽ നടന്ന പാർട്ടികളിൽ എത്ര പെൺകുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചു.
ഇതെല്ലാം അവരെ അറസ്റ്റ് ചെയ്ത റിപ്പോർട്ടിൽ തന്നെ ഉണ്ട്. ഈ ലഹരി പാർട്ടികളിൽ ഇടയ്‌ക്കിടയ്‌ക്ക് പോകുന്ന മലയാളത്തിലെ സംഗീത സംവിധായകരുണ്ട്. അവിടെ എന്തെല്ലാമാണ് നടക്കുന്നതെന്ന് ആ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്. ആ പാർട്ടിയിൽ ഒരു ചോക്ലേറ്റ് പോലും കഴിക്കാൻ പേടിയാണെന്ന് അവർ പറഞ്ഞു. രണ്ടെണ്ണം അടിച്ചില്ലെങ്കിൽ അഭിനയിക്കാൻ കഴിയില്ലെന്ന് പറയുന്നവർ ഈ ലിസ്റ്റിൽ ഉണ്ടെന്നും സുചിത്ര കൂട്ടിച്ചേർത്തു. ഷാരൂഖ്, ധനുഷ് എന്നിവർക്കെതിരെയും സുചിത്ര നേരത്തെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
മലയാള സിനിമയുടെ ഭാവി
സുചിത്രയുടെ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴിതെളിച്ചിട്ടുണ്ട്. ചിലർ സുചിത്രയെ പിന്തുണയ്ക്കുമ്പോൾ മറ്റുള്ളവർ ഈ ആരോപണങ്ങളെ തള്ളിക്കളയുന്നു. ഈ വിവാദങ്ങൾ മലയാള സിനിമയുടെ ഭാവിയെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ സിനിമയിലെ വിശ്വാസ്യതയെ ബാധിക്കുമെന്നും പ്രേക്ഷകരുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നുമാണ് ആശങ്ക.
Disclaimer:
മുകളിൽ പറഞ്ഞിരിക്കുന്നത് ആരോപണങ്ങൾ മാത്രമാണ്. ഇത് സംബന്ധിച്ച അന്വേഷണം നടന്നിട്ടില്ല. അതുകൊണ്ട് ഈ ആരോപണങ്ങൾ സത്യമാണെന്ന് ഉറപ്പിക്കാനാവില്ല. ഒരു വ്യക്തിയെ കുറ്റക്കാരനായി പ്രഖ്യാപിക്കാൻ നിയമനടപടികൾ ആവശ്യമാണ്. അതിനാൽ, ഈ ആരോപണങ്ങളെ വസ്തുതാപരമായി സ്ഥിരീകരിക്കുന്നതുവരെ, സത്യമായി കണക്കാക്കരുത്. ഓർക്കുക, ആരോപണം കുറ്റകൃത്യമല്ല.